ശരണംവിളികളോടെ വഴിനീളെ സ്വീകരണങ്ങള്‍; തിരുവാഭരണങ്ങളുമായി ഘോഷയാത്രാസംഘം പന്തളത്ത് മടങ്ങിയെത്തി

Friday 24 January 2020 7:57 pm IST

പന്തളം: മകരസംക്രമസന്ധ്യയില്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തിയ തിരുവാഭരണങ്ങളുമായി ഘോഷയാത്രാസംഘം പന്തളത്ത് മടങ്ങിയെത്തി. ഇന്ന് പുലര്‍ച്ചെ ആറന്മുളയില്‍ നിന്നുള്ള മടക്കയാത്രയില്‍ വഴിയിലുടനീളം ശരണംവിളികളോടെ വരവേല്‍പ്പ് നല്‍കി. പന്തളം വലിയ തമ്പുരാന്റെ പ്രതിനിധി പ്രദീപ് കുമാര്‍വര്‍മ്മയും ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് വെള്ളിയാഴ്ച പന്തളത്ത് മടങ്ങിയെത്തിയത്. 

വ്യാഴാഴ്ച പെരുനാട്ടില്‍ നിന്നു ആറന്മുളയിലെത്തിയ സംഘം അവിടെ വിശ്രമിച്ചു. ആഭരണപ്പെട്ടികള്‍ ദര്‍ശനത്തിനായി തുറന്നുവെച്ചിരുന്നു. ഇവിടെനിന്നു പുലര്‍ച്ചെ നാലുമണിയോടെ പന്തളത്തേക്ക് തിരിച്ച ഘോഷയാത്രയെ പന്തളം കൊട്ടാരം വരെ വിവിധ സംഘടനകള്‍ സ്വീകരിച്ചു. കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമം, കിടങ്ങന്നൂര്‍, കാവുംപടി, കുറിയാനപ്പള്ളി, പൈവഴി, പാറയില്‍ കവല എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ഉള്ളന്നൂര്‍ പാറയില്‍ കവലയില്‍ ഭക്തര്‍ ചേര്‍ന്ന് പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. പുതുവാക്കല്‍ വായനശാല, കൈപ്പുഴ ഗുരുമന്ദിരം, കുളനട ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരിച്ചു.

 കൈപ്പുഴയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി, ഗുരുനാഥന്‍മുകടി അയ്യപ്പ ഗുരുക്ഷേത്രം, പുഴയോരം റസിഡന്റ്സ് അസോസിയേഷന്‍, പന്തളം വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോര്‍ഡ്, പന്തളം നഗരസഭ, അയ്യപ്പസേവാസംഘം 344-ാം നമ്പര്‍ ശാഖ, ശബരിമല അയ്യപ്പസേവാസമാജം, പന്തളം മാതാ അമൃതാനന്ദമയീ മഠം, യോഗക്ഷേമസഭ, മുട്ടാര്‍ അയ്യപ്പക്ഷേത്രം, വ്യാപാരിവ്യവസായി ഏകോപനസമിതി, പാലസ് വെല്‍ഫെയര്‍ സൊസൈറ്റി, ക്ഷത്രിയക്ഷേമസഭ, കൊട്ടാരം നിര്‍വാഹകസംഘം എന്നിവര്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി. സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തിച്ച തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡ് അധികാരികളില്‍നിന്നു കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍.നാരായണ വര്‍മ്മ എന്നിവര്‍ ഏറ്റുവാങ്ങി. കൊട്ടാരത്തിലെ സുരക്ഷിതമുറിയില്‍ സൂക്ഷിക്കുന്ന ആഭരണങ്ങള്‍ ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ദര്‍ശനത്തിന് തുറന്നുവെയ്ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.