ന്യൂജഴ്സിയിൽ തിരുവാതിര മഹോത്സവം ആഘോഷിച്ചു, സാമൂഹ്യബന്ധങ്ങളുടെ ഊട്ടിഉറപ്പിക്കലിനും, കൂട്ടായ്മകൾക്കും ഏറെ സഹായകരമെന്ന് സംഘാടകർ

Monday 13 January 2020 11:25 am IST

ന്യൂ ജഴ്സി: ട്രൈ സ്റ്റേറ്റ്‌ മലയാളികൾ എല്ലാ വർഷവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ധനുമാസത്തിലെ തിരുവാതിര മഹോത്സവം ഇക്കൊല്ലം പൂർവ്വാധികം ഭംഗിയായി ക്രാൻബറി ചിന്മയ മിഷനിൽ സ്വാമി ശാന്താനന്ദജിയുടെ അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെട്ടു. ന്യൂ ജഴ്സി, പെൻസിൽവാനിയ, ന്യൂ യോർക്ക്‌ എന്നിവിടങ്ങളിലെ മലയാളികളുടെ സഹകരണത്തോടെ നടത്തിവരുന്ന തിരുവാതിര മഹോത്സവത്തിന്റെ പ്രധാനകാര്യകർത്താക്കൾ ചിത്രാ മേനോനും, മുൻ കെ എച്ച്‌ എൻ എ പ്രസിഡന്റ്‌ കൂടിയായ മകൾ ഡോക്ടർ രേഖാ മേനോനുമാണ്‌. 

പതിനേഴ്‌ വർഷമായി നടത്തിവരുന്ന ഈ മഹോത്സവത്തിന്‌ പത്ത്‌ മുതൽ പതിനാല്‌‌ സ്ത്രീകൾഉൾപ്പെട്ട പന്ത്രണ്ടോളം തിരുവാതിരസംഘങ്ങൾ കഴിഞ്ഞ രണ്ട്‌ മാസങ്ങളായി തയ്യാറെടുത്ത്‌ വരികയായിരുന്നു. ഇക്കൊല്ലത്തെ തിരുവാതിരയിൽ നൂറ്റിഇരുപതോളം സ്ത്രീകളും, ഇരുപതോളം പെൺകുട്ടികളും പങ്കെടുത്തു. സാമൂഹ്യബന്ധങ്ങളുടെ ഊട്ടിഉറപ്പിക്കലിനും, കൂട്ടായ്മകൾക്കും നമ്മുടെ പാരമ്പര്യങ്ങൾ വളരെയധികം സഹായിക്കുമെന്നതിന്‌ തെളിവ്‌ കൂടിയായി ഇക്കൊല്ലത്തെ തിരുവാതിരമഹോത്സവം. 

കേരളത്തിന്റെ തനത്‌ കലയായ തിരുവാതിരക്കളി വിദ്യാലയങ്ങളിലും, മത്സരങ്ങളിലുമായി ഒതുങ്ങുമ്പോൾ കേരളത്തിന്‌ പുറത്ത്‌  ഈ നൃത്തകലക്ക്‌ ലഭിക്കുന്ന വർദ്ധിച്ചുവരുന്ന സ്വീകരണം അഭിലഷണീയവും, ആവേശകരവുമാണെന്ന് ചിത്ര മേനോൻ പറഞ്ഞു. പരിപാടികൾക്ക്‌ ശേഷം, പങ്കെടുക്കുന്നവർ തന്നെ ഉണ്ടാക്കിക്കൊണ്ട്‌വരുന്ന വിഭവസമൃദ്ധമായ സദ്യയും തിരുവാതിര മഹോത്സവത്തിന്റെമാറ്റ്‌ കൂട്ടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.