ഈ വിയോഗം എന്റെ വലിയ നഷ്ടം
സുഷമയോടുള്ള ആഴത്തിലുള്ള ബഹുമാനം എന്നും മനസ്സിലുണ്ടാകും. അവര്‍ എനിക്ക് അമ്മയെ പോലെയായിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് മടങ്ങിവന്ന ശേഷം മുന്നോട്ട് ജീവിക്കാന്‍ എനിക്ക് മാര്‍ഗദര്‍ശനം നല്‍കിയത് സുഷമയായിരുന്നു. അവര്‍ക്ക് എങ്ങനെ ഇത്രവേഗം ഈ ലോകത്തുനിന്ന് പോകാന്‍ കഴിഞ്ഞു. ഈ വിയോഗം എനിക്ക് വലിയ നഷ്ടമാണ്. അന്‍സാരി ട്വിറ്ററില്‍ കുറിച്ചു.
പാക്കിസ്ഥാനി ജയിലില്‍ നിന്ന് മുംബൈ സ്വദേശി ഹമീദിനെ മോചിപ്പിച്ചത് സുഷമയായിരുന്നു. ഫേസ് ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ പാക്കിസ്ഥാനില്‍ പോയ ഹമീദിനെ 2012 നവംബറിലാണ് പോലീസും പാക് രഹസ്യാന്വേഷണ ഏജന്‍സികളും ചേര്‍ന്ന് പിടിച്ചത്. ചാരപ്രവര്‍ത്തനം ആരോപിച്ച് മൂന്നു വര്‍ഷം ജയിലിട്ട ഹമീദിനെ തടവ് പൂര്‍ത്തിയായി മൂന്നു വര്‍ഷം കഴിഞ്ഞിട്ടും മോചിപ്പിക്കാത്ത കാര്യം ചൂണ്ടിക്കാട്ടി ഉമ്മ ഫൗസിയ നേഹല്‍ അഹമ്മദ് അന്‍സാരി, വിദേശകാര്യ മന്ത്രി സുഷമയ്ക്ക് കത്തയച്ചതോടെയാണ് മോചനത്തിന് വഴി തുറന്നത്.
ഉടന്‍ തന്നെ സുഷമ ഇടപെട്ടു. ഫലമായി കഴിഞ്ഞ ഡിസംബറില്‍ ഹമീദിനെ പാക്കിസ്ഥാന് മോചിപ്പിച്ച് മടക്കി അയച്ചു. ആറു വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഹമീദും ഉമ്മയും പിന്നീട് സുഷമയെ നേരിട്ട് കണ്ട് നന്ദി അറിയിച്ചു. വികാര നിര്‍ഭരമായിരുന്നു ആ കൂടിക്കാഴ്ച.
ഝാന്‍സിയിലെ റാണിയാണ് സുഷമയെന്നാണ് ഫൗസിയ അന്ന് പ്രതികരിച്ചത്. അവരെപ്പറ്റി പറയുമ്പോള്‍ എനിക്ക് കണ്ണീരല്ലാതെ വാക്കുകള്‍ ഇല്ലായിരുന്നു.