വാക്കുകളേക്കാള്‍ വാചാലം ഈ നൊമ്പരം

Thursday 8 August 2019 11:12 am IST

ഇന്‍ഡോര്‍: നൊമ്പരം പ്രകടിപ്പിക്കാനുള്ള ആയിരം വാക്കുകളേക്കാള്‍ ഹൃദയത്തില്‍ത്തൊട്ടു ഗീതയുടെ ആംഗ്യങ്ങള്‍. മൂകയും ബധിരയുമായ ഗീത ജീവിതത്തിലേക്ക് തിരിച്ചെത്തിയത് സുഷമ സ്വരാജിന്റെ മനസ്സിലൂടെയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തന്നെ സംരക്ഷിക്കുന്ന സ്ഥാപനത്തിനു പുറത്തെ വരാന്തയില്‍ നിന്ന് ഗീത ആംഗ്യഭാഷയില്‍ സുഷമയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

ഏഴാമത്തെയോ എട്ടാമത്തെയോ വയസ്സില്‍ പാക്കിസ്ഥാനില്‍പ്പെട്ടു പോയ ഗീതയെ അവിടെ നിന്നു തിരികെ ഇന്ത്യയില്‍ എത്തിച്ചത് സുഷമയുടെ ഇടപെടലുകളാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയ്ക്ക് ഓടിയിരുന്ന സംഝോത എക്‌സ്പ്രസില്‍ നിന്നു ലഭിച്ചു എന്നാണ് പാക് സൈനിക വിഭാഗമായ റേഞ്ചേഴ്‌സ് പറയുന്നത്. അവര്‍ പെണ്‍കുട്ടിയെ എദ്ദി ഫൗണ്ടേഷനില്‍ ഏല്‍പ്പിച്ചു. ഫൗണ്ടേഷനാണ് പെണ്‍കുട്ടിയെ ഗീത എന്നു പേരിട്ടു വളര്‍ത്തിയത്. 

2015ല്‍ സുഷമ ഇടപെട്ട് ഗീതയെ ഇന്ത്യയില്‍ കൊണ്ടുവന്നു. ന്യൂദല്‍ഹിയില്‍ സുഷമയെ സന്ദര്‍ശിച്ച ഗീതയ്ക്ക് ഇവിടെ ബന്ധുക്കളെ കണ്ടെത്താനുള്ള സൗകര്യങ്ങള്‍ നല്‍കി. ഡിഎന്‍എ ടെസ്റ്റ് അടക്കം നടത്തിയിട്ടും ഗീതയ്ക്ക് കുടുംബത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവള്‍ക്ക് ആശങ്കയായി. എന്നാല്‍, 2018ല്‍ സുഷമ ഉറപ്പിച്ചു പറഞ്ഞു. ഗീത ഇന്ത്യയുടെ മകളാണ്. ഇന്ത്യയാണ് അവളുടെ കുടുംബം. അവളെ തിരിച്ച് അയക്കില്ല. സംരക്ഷണം ഏറ്റെടുക്കും. ഇന്‍ഡോറിലെ സന്നദ്ധ സംഘടനയുടെ സംരക്ഷണയിലാണ് ഗീത ഇപ്പോഴുള്ളത്.

വാക്കുകളേക്കാള്‍ വാചാലമായി ഗീത സുഷമയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ അത് അവളുടെ മാത്രം ആദരവല്ല. ഗീതയെപ്പോലെ സുഷമയുടെ കരുണയും കരുതലും അനുഭവിച്ചറിഞ്ഞ എത്രയോ മനസ്സുകളുടെ പ്രണാമമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.