മധുവിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം - കുമ്മനം

Saturday 24 February 2018 12:18 pm IST

അട്ടപ്പാടി: അട്ടപ്പാടിയില്‍ വനവാസി യുവാവ് മധു ക്രൂരമായി മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മധുവിന്റെ കുടുംബത്തിനും ആദിവാസി സമൂഹത്തിനും സാമൂഹ്യനീതി ഉറപ്പാക്കും വരെ ബിജെപി ഒപ്പമുണ്ടാകുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. 

അട്ടപ്പാടിയില്‍ മധുവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍. ഈസമരം ജാതിക്കും മതത്തിനും വേണ്ടിയുള്ളതല്ല. മനുഷ്യത്വത്തിന് വേണ്ടിയാണ് ഈ സമരം. മനുഷ്യത്വത്തിന് നേരെ ജനപാലകര്‍ നടത്തിയ വെല്ലുവിളിയാണ് മധുവിന്റെ കൊലപാതകമെന്നും കുമ്മനം പറഞ്ഞു.

വനവാസികള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ 500 കോടിയും സംസ്ഥാന സര്‍ക്കാര്‍ 147 കോടിയും ചെലവാക്കിയെന്നാണ് കണക്ക്. എന്നിട്ടും വനവാസികള്‍ക്ക് വെള്ളവും പാര്‍പ്പിടവും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഒരുക്കാനായില്ല. മധുവിന്റെ പോസ്റ്റുമോര്‍ട്ടം തൃശൂര്‍ക്ക് മാറ്റിയതിലും ദുരൂഹതയുണ്ട്. പാലക്കാട് പരിചയ സമ്പന്നരായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെ എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ടും മൃതദേഹം തൃശൂര്‍ക്ക് കൊണ്ട് പോയത് എന്തിനെന്നും കുമ്മനം ചോദിച്ചു. 

മധുവിന്റെ മൃതദേഹം പുറത്തുകിടത്തി അപമാനിക്കുകയും ചെയ്തു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കുമ്മനത്തിനൊപ്പം ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചറും എത്തിയിരുന്നു. മധുവിന്റെ സംസ്കാര ചടങ്ങുകളിലും ഇരുവരും പങ്കെടുക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.