'മാതൃഭൂമി'യെ ഒറ്റുകൊടുക്കുന്നവര്‍

Saturday 4 January 2020 5:15 am IST

മാതൃഭൂമി പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിങ് കമ്പനി പ്രസിദ്ധീകരിച്ച ചരിത്ര പുസ്തകമാണ് മലബാര്‍ കലാപം. 1921ല്‍ മലബാറില്‍ നടന്ന ഹിന്ദു കൂട്ടക്കൊലയാണ് ഇതിവൃത്തം. ആസൂത്രിതമായി നടത്തിയ കൂട്ടക്കുരുതിയും കൂട്ടത്തോടെ ഇസ്ലാമിലേക്ക് നടത്തിയ നിര്‍ബന്ധിത മതംമാറ്റങ്ങളും ഇതിന്റെ ഉള്ളടക്കത്തിലുണ്ട്. കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ ഈ കൂട്ടക്കൊല നടത്തിയവര്‍ക്ക് ഇന്നു സ്വാതന്ത്ര്യസമര സേനാനി പെന്‍ഷന്‍ പോലുമുണ്ട്. 100 കൊല്ലം മുമ്പത്തെ മലബാറിന്റെ അവസ്ഥ വിവരിക്കുന്ന പുസ്തകത്തിന്റെ രചയിതാവായ കെ. മാധവന്‍ നായര്‍ മാതൃഭൂമിയുടെ സ്ഥാപക മാനേജിങ് ഡയറക്ടറായിരുന്നു. കേരള സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, കെപിസിസി പ്രസിഡന്റ്, ഗുരുവായൂര്‍ ക്ഷേത്രപ്രവേശന റഫറണ്ടത്തിന്റെ ഡയറക്ടര്‍, അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുടിയാന്‍ നിയമം, മരുമക്കത്തായ നിയമം, എന്നിവയ്ക്ക് രൂപം കൊടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. രാഷ്ട്രീയ ലാഭനഷ്ടങ്ങള്‍ നോക്കാതെ, കണ്ട കാര്യങ്ങള്‍ പച്ചയ്ക്ക് പറയാന്‍ കെല്‍പ്പുള്ളവര്‍ മാതൃഭൂമിയില്‍ മുന്‍പ് ഉണ്ടായിരുന്നുവെന്നര്‍ഥം. ഈ പുസ്തകത്തില്‍ പ്രകോപനങ്ങളില്ല. അന്യ മതവിദ്വേഷമില്ല. തെറ്റിദ്ധരിപ്പിക്കുന്ന വസ്തുതാ വിവരണമില്ല. കലാപത്തിനുള്ള ആഹ്വാനമില്ല. നാട് നേരിട്ടുകൊണ്ടിരിക്കുന്ന ദുഃസ്ഥിതിയോടുള്ള വ്യസനം മാത്രമാണ് അടിസ്ഥാന വികാരം. മാതൃഭൂമിയ്ക്ക് ജന്മം കൊടുത്തവരുടെ പാരമ്പര്യവും ഇന്നത് കൊണ്ടുനടക്കുന്നവരുടെ പാരമ്പര്യവും ഇതിലൂടെ തുലനം ചെയ്യാം. ഇതൊരു ചരിത്ര ഗവേഷണ ഗ്രന്ഥമാണ്.

1971 ലാണ് ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ആമുഖം എഴുതിയത് മാധവന്‍ നായരുടെ ഭാര്യ കെ. കല്യാണി അമ്മ. പ്രസ്താവന എഴുതിയത് കെ. കേളപ്പന്‍.  അവതാരിക എഴുതിയത് മാതൃഭൂമിയുടെ ആദ്യ പത്രാധിപരായ കെ.പി.കേശവമേനോനാണ്. ഇന്നത്തെ മാതൃഭൂമി ദിനപത്രത്തെ മാതൃഭൂമിയാക്കിയ  മഹാരഥന്മാരാണ് കെ.മാധവന്‍ നായരും കെ. കേളപ്പനും കെ.പി. കേശവമേനോനും. മാതൃഭൂമിയുടെ പൈതൃകം എന്ന് പറയുന്നത് ഇവരുടെ സത്യസന്ധതയില്‍ നിന്നും ദേശീയ വീക്ഷണത്തില്‍ നിന്നും കിട്ടിയ സല്‍പ്പേരാണ്. ആ മാതൃഭൂമി ഇന്ന് കേശവമേനോന്‍ അവതാരികയില്‍ ചൂണ്ടിക്കാട്ടിയ പോലെ ഊഹാപോഹങ്ങള്‍ പരത്തുന്ന, ദേശവിരുദ്ധ ശക്തികളുടെ ജിഹ്വയായി മാറിയിരിക്കുന്നു. കേരളത്തില്‍ മാധ്യമ രംഗത്ത് ഒരു വലിയ മത്സരം നടക്കുകയാണിന്ന്. ഊഹാപോഹങ്ങളുടെ മത്സരം. വിപണിയില്‍ എങ്ങനെയും ചാമ്പ്യനാകാനുള്ള മത്സരം. മത്സരിക്കുന്നവര്‍ ഒരോരുത്തരും വിചാരിക്കുന്നത് തങ്ങളാണ് ചാമ്പ്യന്‍ എന്നാണ്. ഒരു ശത്രുബിംബം ഉണ്ടാക്കി, അതിനെ കല്ലെറിഞ്ഞ്, ആര്‍ക്കൊക്കെയോ പണി കൊടുത്തുവെന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ന് പല മലയാള മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാര്‍ പോകുന്നത്. ഇപ്പോഴത്തെ എപ്പിസോഡ് ആരംഭിക്കുന്നത് 2019 ഡിസംബര്‍ 14-ാം തീയതിക്ക് ശേഷമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍, മതസംഘടനകള്‍ തമ്മില്‍, പിന്നെ മാധ്യമങ്ങള്‍ തമ്മിലുമുള്ള മത്സരത്തിന് എരിവും പുളിയും കൂട്ടി ഇതെല്ലാം നന്നായി കൊഴുപ്പിച്ചുകൊണ്ട്  പല വിദേശ-മത ശക്തികളുടെയും സൂത്രധാരന്മാര്‍ അണിയറയില്‍ വളരെ നിഷ്‌കളങ്കമായിത്തന്നെ നടക്കുന്നുണ്ട്. ഇവരുടെ ലക്ഷ്യം ഒന്നുമാത്രം- രാഷ്ട്രത്തെ ശിഥിലമാക്കുക. ഇവരുടെ പ്രതിഫലം മാധ്യമ മേലാളന്മാര്‍ക്ക് അവാര്‍ഡുകളായും പാരിതോഷികങ്ങളായും വിദേശയാത്രകളായും ഓണം, പെരുനാള്‍, ക്രിസ്തുമസ് സമ്മാന ബംബറുകളായും കൃത്യമായി ലഭിക്കുന്നു. ഗിഫ്റ്റുകള്‍ മാധ്യമസ്ഥാപനങ്ങളിലേക്ക് ഒഴുകി വരുന്നതും സാധാരണ സംഭവമാണ്. ചില മാധ്യമ പ്രവര്‍ത്തകരുടെ  വാസസ്ഥലങ്ങളില്‍ ഇത്തരക്കാരുടെ കൈകളില്‍ നിന്നും കിട്ടിയ ഉപഹാരങ്ങള്‍ വയ്ക്കാന്‍ സ്ഥലം തികയാതെ പ്രത്യേക വിഭാഗങ്ങള്‍ തന്നെ നിര്‍മിക്കേണ്ടി വരുന്നു.

മലയാളത്തില്‍ വലിയ പാരമ്പര്യം പറയുന്ന ഒരു മാധ്യമ സ്ഥാപനമാണ് മാതൃഭൂമി. ആ പാരമ്പര്യം ഉണ്ടാക്കിയവര്‍ മണ്‍മറഞ്ഞ് പോവുകയും ഈ പത്രം, പത്രപ്രവര്‍ത്തനവുമായി ഒരു ബന്ധവുമില്ലാത്ത ആളുകളുടെ ഉടമസ്ഥതയില്‍ വരികയും ചെയ്തിട്ട് കാലം ഏറെയായി. ഏതൊരു മാധ്യമത്തിന്റെയും രാഷ്ട്രീയം എന്നുപറയുന്നത് സാധാരണ ഗതിയില്‍ അതിന് മുതല്‍ മുടക്കിയവന്റെ രാഷ്ട്രീയമാണ്. രാഷ്ട്രീയം മാറ്റിവച്ച് കാലാവസ്ഥയും കച്ചവടവും നോക്കി അതിന് യോജിച്ച എഡിറ്റോറിയല്‍ ബോര്‍ഡ് വച്ച് കച്ചവടം നന്നായി ചെയ്യുന്നവരും ഉണ്ട്.  ഇരിക്കുന്ന കൊമ്പ് മുറിക്കാനായി ഒരാളും ഒരു കച്ചവടവും ചെയ്യാറില്ല. എന്നാല്‍ കേരളത്തില്‍ ഇന്ന് നടക്കുന്ന മാധ്യമ പ്രവര്‍ത്തനം കൊമ്പ് മുറിക്കലിനെയെല്ലാം കടത്തിവെട്ടുന്ന വിധ്വംസക പ്രവര്‍ത്തനമായി മാറിയിരിക്കുന്നു. രാഷ്ട്രദ്രോഹപരമായിരിക്കുന്നു. മാതൃഭൂമി പത്രമായാലും ചാനലായാലും ഈ രാജ്യത്ത് ശാന്തിയും സമധാനവും ഇല്ലാതാക്കി ഇവിടെ ഭീകരപ്രവര്‍ത്തനം നടത്താന്‍ സമൂഹത്തെ പ്രേരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പടച്ച് വിടുന്നു. ഇറാഖിലും സിറിയയിലും പാക്കിസ്ഥാനിലുമെല്ലാം ഐഎസ്ഐഎസ് ഭീകരരും അല്‍ഖ്യയ്ദയുമെല്ലാം കാലങ്ങളായി രാഷ്ട്രങ്ങളെ അസ്ഥിരപ്പെടുത്തുവാന്‍ പ്രയോഗിക്കുന്ന പ്രചാരണ തന്ത്രത്തിന്റെ നിലവാരത്തിലേക്ക് മാതൃഭൂമി അടക്കമുള്ള പല മാധ്യമങ്ങളും എത്തിയിരിക്കുന്നു. അഗ്‌നി ആളുന്ന തെരുവുകളുടേയും, മുഖം മറച്ച് കല്ലെറിയുന്ന രാജ്യ വിരുദ്ധ ശക്തികളുടേയും ചിത്രങ്ങള്‍ പത്രത്തിന്റെ സിന്ദൂരക്കുറിയായി അവതരിപ്പിക്കപ്പെടുന്നു.

1923 ല്‍ മാതൃഭൂമി തുടങ്ങുന്നതിന് മുമ്പ് കേരളത്തില്‍ നസ്‌റാണി ദീപികയും മനോരമയും ഉണ്ടായിരുന്നു. പക്ഷെ സ്വാതന്ത്ര്യ സമരത്തിന്റെ പൈതൃകം കിട്ടിയത് മാതൃഭൂമിക്കായിരുന്നു. പക്ഷേ, സൃഷ്ടിച്ചവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്ന് പത്രം എന്നേ വഴി മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഇവിടെ മാതൃഭൂമിയെ കേന്ദ്രീകരിക്കുന്നത്. ഇപ്പോഴത്തെ നേതൃത്വം മാതൃഭൂമിയില്‍ വന്നതിന് ശേഷം പ്രതിലോമകരവും വിനാശകരവുമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴൊക്കെ മാതൃഭൂമി അവരുടെ പഴയകാല പൈതൃകം തൊട്ട് സത്യം ചെയ്തിട്ടാണ് തുടങ്ങാറ്. ഒരു മുന്‍കൂര്‍ ജ്യാമം. തങ്ങളുടെ ഇടുങ്ങിയ കച്ചവട- കക്ഷി രാഷ്ട്രീയത്തിന് മറയിടാനാണ് ഈ പ്രതിജ്ഞ: ഇവിടെയും അത് ആവര്‍ത്തിച്ചിരിക്കുന്നു. മാതൃഭൂമി കുറേ നാളുകളായി വ്യാജ പ്രചാരണത്തിന്റെയും കലാപഘോഷങ്ങളുടെയും മുന്‍നിരയില്‍ നില്‍ക്കുന്നു. രാഷ്ട്രം ഇല്ല, രാഷ്ട്രീയമേയുള്ളൂ. മാതൃഭൂമിയുടെ ശത്രുപക്ഷത്ത് ഇന്നു ഭാരതമാണെന്നുള്ളത് ദേശസ്‌നേഹികളെ ഏറെ ഞെട്ടിക്കുന്നു.

2019 ഡിസംബര്‍ ഒമ്പതാം തീയതിയാണ് പൗരത്വ ഭേദഗതി ബില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നത്. ബില്‍ പാസ്സായി. പതിനൊന്നാം തീയതി രാജ്യസഭയിലും പാസ്സായി.  നിയമമായി. പത്താം തീയതി, ഇന്ത്യയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ തുടങ്ങി. ആ പത്താം തീയതി മാതൃഭൂമി പൗരത്വ ബില്ലിനെതിരെ മുഖപ്രസംഗം എഴുതി. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു. 'ഇന്ത്യ എല്ലാവരുടേതുമാണ്.' അതില്‍ അവര്‍ വീണ്ടും മുന്‍കൂര്‍ജാമ്യ സത്യപ്രതിജ്ഞ എടുത്തു. മുഖപ്രസംഗത്തില്‍ പറഞ്ഞു, 'സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ പിറവി എടുത്ത മാതൃഭൂമി 1923 മാര്‍ച്ച് 18ലെ ആദ്യ നയപ്രഖ്യാപനമായ സ്വന്തം പ്രസ്താവനയില്‍ തന്നെ രാജ്യം ഒരു ജാതിക്കാരുടേതോ മതക്കാരുടേതോ അല്ല, സകല ജാതി മതസ്ഥര്‍ക്കും പൊതുവായിട്ടുള്ളതാണ് ജന്മഭൂമി എന്ന് വ്യക്തമാക്കിയിട്ടുണ്ട്.'

1923ല്‍ ഇതേ പ്രസ്താവന എഴുതിയവര്‍ തന്നെയാണ് മലബാര്‍ കലാപം എന്ന വര്‍ഗീയ ലഹളയുടെ ക്രൂരതകള്‍ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് പുസ്തകം എഴുതി മാതൃഭൂമിയില്‍ത്തന്നെ പ്രസിദ്ധീകരിച്ചത്. മലപ്പുറത്തെ ഹിന്ദു സമൂഹം മുസ്ലിം മതതീവ്രവാദികളാല്‍ കൂട്ടക്കൊല ചെയ്യപ്പെടുകയും മരണത്തെ മുന്നില്‍ക്കണ്ട് കൂട്ടത്തോടെ മതംമാറ്റപ്പെടുകയും ചെയ്തപ്പോള്‍ കണ്ടത് കണ്ടതുപോലെ എഴുതാന്‍ അവര്‍ക്ക് കഴിഞ്ഞത് അവര്‍ നിര്‍ഭയരും സത്യസന്ധരുമായിരുന്നതുകൊണ്ടാണ്. അവര്‍ക്ക് പത്രപ്രവര്‍ത്തനം ഒരു രാഷ്ട്ര സേവയായിരുന്നു. തങ്ങളുടെ പേരിനോ പ്രശസ്തിക്കോ വേണ്ടി ഉണ്ടാക്കിയ ഏര്‍പ്പാടേ ആയിരുന്നില്ല ഇതൊന്നും.

പൗരത്വബില്‍ രാജ്യസഭയും കടക്കും എന്ന നില വന്നതോടെ മലയാളത്തിലെ മാമാ മാധ്യമങ്ങളും അവയ്ക്കുള്ളിലെ അര്‍ബന്‍ നക്‌സലൈറ്റുകളും തലപൊക്കി. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നില്‍ക്കുവാന്‍ മാധ്യമ സിന്‍ഡിക്കേറ്റില്‍ തീരുമാനമായി. കൊല്ലത്തു നടന്ന മുസ്ലിം റാലി ഒന്നാം പേജില്‍ ബഹുവര്‍ണത്തില്‍ കൊടുത്ത് ഒരു സമുദായത്തെ ബില്ലിനെതിരെ ഇളക്കി വിടാന്‍ മാതൃഭൂമി ശ്രമം തുടങ്ങി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം സംബന്ധിച്ച്  ബഹുവര്‍ണ ചിത്രങ്ങള്‍ സഹിതം ഒന്നാം പേജില്‍ വാര്‍ത്തകള്‍ വന്നെങ്കിലും പ്രതിക്ഷേധങ്ങള്‍ ഒത്തുതീര്‍പ്പായതിനാല്‍ ആളിക്കത്തിക്കാന്‍ കഴിഞ്ഞില്ല.

അങ്ങനെയിരിക്കുമ്പോഴാണ് ഡിസംബര്‍ 13ന് ദല്‍ഹി ജാമിയ മിലിയ ഇസ്ലാമിക സര്‍വകലാശാലയില്‍ തുടങ്ങിയ വിദ്യാര്‍ത്ഥി സമരം ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്. നമ്മുടെ രാജ്യത്ത് സാധാരണ നടക്കാറുള്ള ഒരു വിഷയത്തില്‍ സമരം നടക്കുന്നുവെന്നതിനപ്പുറം ഇതിന് പ്രസക്തിയൊന്നും അന്നില്ല. ഒപ്പം തന്നെ അലിഗഢ് മുസ്ലിം സര്‍വകലാശാലയിലും ഗെയറ്റിന് മുമ്പില്‍ കുത്തിയിരിപ്പ് സമരമുണ്ടായി. ഇതാണ് അന്നത്തെ രണ്ട് സംഭവ വികാസങ്ങള്‍. എന്നാല്‍ മാതൃഭൂമി ഇതിനെ അവതരിപ്പിച്ചത് ഇങ്ങനെയാണ്. 'പ്രക്ഷോഭത്തില്‍ ജ്വലിച്ച് കലാലയങ്ങളും'. ഒപ്പം ജാമിയ മിലിയയിലെ സമരത്തിന്റെ ഒരു ചിത്രവുമുണ്ട്. ആ ചിത്രം നോക്കിയാല്‍ അറിയാം ആ സമരത്തില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം. അഞ്ഞൂറ് കൂടിയാല്‍ അറുനൂറ്. അതിനപ്പുറമില്ല. ഇന്ത്യാ മഹാരാജ്യത്ത് വെറും രണ്ട് കോളേജുകളില്‍ നടന്ന സമരത്തെയാണ് മാതൃഭൂമി ജ്വലിക്കുന്ന കലാലയങ്ങളാക്കി മാറ്റിയത്. ഇത് കലാപത്തിനുള്ള ആഹ്വാനമായിരുന്നു.

അരാജകവാദമാണ് മാതൃഭൂമി ഇപ്പോള്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ, സോമാലിയ, നൈജീരിയ തുടങ്ങിയ പല രാജ്യങ്ങളിലും നിയമ വ്യവസ്ഥ നഷ്ടപ്പെട്ട് ആള്‍ക്കൂട്ടവും ആയുധങ്ങളും നീതി നടപ്പാക്കുന്നതു പോലെ ഇന്ത്യയിലും വരണമെന്ന് ഇവര്‍ ആഗ്രഹിക്കുന്ന പോലെ. മാതൃഭൂമിയുടെ മനസ്സ് തന്നെയാണ് മേല്‍ രാജ്യങ്ങളിലെ ആള്‍ക്കൂട്ടങ്ങള്‍ക്കും. നിയമാനുസൃതം ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ, കോടതികളും നിയമജ്ഞരുമുള്ളപ്പോള്‍ ആ വഴി ഉപദേശിക്കുന്നതിന് പകരം വായനക്കാരില്‍ അക്രമ മനോഭാവവും അസ്വസ്ഥതയും വളര്‍ത്തുന്നത് എന്ത് പത്രധര്‍മമാണ്? അക്രമകാരികള്‍ക്ക് നല്‍കുന്ന ആദരവിന്റെ ഒരു ശതമാനം പോലും പാര്‍ലമെന്റിന് നല്‍കുന്നില്ല.

നിയമവ്യവസ്ഥ നിലനില്‍ക്കുന്ന എല്ലായിടത്തും മനുഷ്യന് നിയന്ത്രണങ്ങളുണ്ട്. ഈ ലോകത്തില്‍ ഒരു രാജ്യവും എല്ലാവര്‍ക്കും വേണ്ടി വാതിലുകള്‍ തുറന്നിട്ടിട്ടില്ല. ഒരു രാജ്യവും മറ്റൊരു രാജ്യത്തിന്റെ സത്രമല്ല. ഒരു രാജ്യവും എല്ലാവരുടേതുമല്ല. ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍ മുപ്പതും നാല്‍പ്പതും വര്‍ഷം വരെ ജോലി ചെയ്ത ആളുകളുണ്ട്. അവര്‍ക്ക് അവിടെ പൗരത്വം നല്‍കുന്നുണ്ടോ. ചോദിക്കുവാന്‍ പറ്റുമോ.? വിസ കലാവധി ഒരു ദിവസം കഴിഞ്ഞാല്‍ പിന്നെ ജയിലാണ്. ഇവിടെ ജയില്‍ പോലുമില്ല. നുഴഞ്ഞുകയറ്റക്കാരായ വിദേശികള്‍ക്ക് സേവനസദനങ്ങളാണ് പണിയുന്നത്. അവിടെ സ്‌കൂള്‍, ആസ്പത്രി, റിക്രിയേഷന്‍ ക്ലബ്ബുകള്‍ എല്ലാമുണ്ട്. ഇത്രയും സൗകര്യങ്ങളുള്ളതിനെ ജിഹാദി അര്‍ബന്‍ മാധ്യമങ്ങള്‍ വിളിക്കുന്ന പേരാണ് തടങ്കല്‍ പാളയങ്ങള്‍. കലാപം കൊതിക്കുന്ന രാഷ്ട്രീയക്കാരും ഇതുതന്നെ വിളിക്കുന്നു.

പൗരത്വ ഭേദഗതി ബില്ലുകൊണ്ട് ഒരു വലിയ ഗുണമുണ്ടായി. ഇന്നേവരെ ഇന്ത്യക്കാരനാണെന്ന് പറയുവാന്‍ അറച്ചിരുന്നവര്‍, ദേശീയഗാനം ചൊല്ലുമ്പോള്‍ ഒന്ന് എഴുന്നേറ്റുനില്‍ക്കുവാന്‍ പോലും തയ്യാറാകാതിരുന്നവര്‍, ദേശീയപതാക കൈ കൊണ്ട് തൊടാന്‍ മടിച്ചിരുന്നവര്‍ ' ഇവരൊക്കെ ദേശസ്‌നേഹികളായി. ഞങ്ങളും ഇന്ത്യക്കാരാണെന്ന് അവര്‍ പറയുന്നു. ഞങ്ങളെ കൊന്നാലും ഞങ്ങള്‍ പോകില്ലെന്ന് അവര്‍ പറയുന്നു'' അമ്പതടിയും നൂറടിയുമുള്ള പടുകൂറ്റന്‍ ദേശീയ പതാകകള്‍ പ്രദര്‍ശിപ്പിച്ച് പ്രകടനം നടത്തുന്നു.

അര്‍ബന്‍ നക്‌സലൈറ്റുകളുടേയും ജിഹാദികളുടെയും സ്വാധീനം മലയാള മാധ്യമ രംഗത്ത് കാലങ്ങളായിട്ടുണ്ട്. ഇത്രയും നാളിവര്‍ അണിയറയിലായിരുന്നു. തങ്ങള്‍ എഴുതിവിടുന്നതാണ് സത്യം എന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഇവര്‍ വിജയിച്ചിരുന്നു. ഇന്നവര്‍ അണിയറയില്‍ നിന്ന് അരങ്ങത്ത് എത്തിയിരിക്കുന്നു. തെരുവില്‍ പ്രകടനം നടത്തുന്നു. സോഷ്യല്‍ മീഡിയയുടെ സജീവ സാന്നിദ്ധ്യം മൂലം പഴയപോലെ നുണപ്രചാരണം ബുദ്ധിമുട്ടായതിനാല്‍ പരസ്യമായി നിലപാട് പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിക്കുന്നു. ജിഹാദി അര്‍ബണ്‍ നക്‌സലൈറ്റ് മാധ്യമ തീവ്രവാദത്തിനെതിരെ ദേശസ്‌നേഹികളുടെ ഐക്യനിര ഇവര്‍ക്കെതിരായി ഇന്ന് രൂപപ്പെട്ടിട്ടുണ്ട്. അവര്‍ അനുദിനം ശക്തിപ്പെടുകയുമാണ്. ഇവിടെ വാര്‍ത്താരംഗം പിടിച്ചടക്കാനും ഉഹാപോഹങ്ങള്‍ പടര്‍ത്തി സമൂഹത്തെ അസ്ഥിരപ്പെടുത്തുവാനും ജിഹാദികള്‍ക്ക്, തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന മാധ്യമങ്ങള്‍ വേണം.  പല മാധ്യമങ്ങളുടെയും മൂലധന സ്രോതസ് വന്നുനില്‍ക്കുന്നത് അര്‍ബന്‍-ജിഹാദി സംഘങ്ങള്‍ക്കുള്ളിലാണ്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചുളയില്‍ നിന്നുവന്ന പലരുടെയും ആധാരം ഇന്ന് ജിഹാദികളുടെ പത്തായത്തിലാണെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നെ ഇവരുടെയൊക്കെ വയറ്റിപ്പിഴപ്പ് രാഷ്ട്രീയവും കൂടിയാകുമ്പോള്‍ എന്ത് രാഷ്ട്രം, എന്ത് ധര്‍മം?

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.