പോളിയോ വാക്സിന്‍ നല്‍കാനെത്തിയവരെ മര്‍ദ്ദിച്ചവശരാക്കി, കപട പ്രചരണത്തിന്റെ ഇരയാകാന്‍ പാവം സര്‍ക്കാര്‍ ജീവനക്കാര്‍

Thursday 23 January 2020 2:34 pm IST
"മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേശ്വരി"

കൊല്ലം: കടയ്ക്കല്‍ ചിതറയില്‍ പൾസ് പോളിയോ മരുന്ന് നല്‍കാനെത്തിയവരെ മര്‍ദ്ദിച്ചവശരാക്കി. പള്‍സ് പോളിയോ ഇമ്യൂണൈസേഷന്റെ  ഭാഗമായി വീടുവീടാന്തരം കയറി പൾസ് പോളിയോ ലഭിക്കാത്ത കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകുന്നതിൻന്റെ ഭാഗമായി വീട് സന്ദർശിച്ച ആശാവർക്കർയെയും അങ്കണവാടി ടീച്ചറെയുമാണ് മർദ്ദിച്ചത്. ക്രൂരമായി മർദ്ദനമേറ്റ ആശാവർക്കർ ഐരക്കുഴി പി വി. ഹൗസിൽ മഹേശ്വരിയെ(50) കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. 

ബുധനാഴ്ച  ഉച്ചകഴിഞ്ഞ് ചിതറ ഗ്രാമ പഞ്ചായത്തിലെ ഐരക്കുഴി ഒന്നാം വാർഡ് ആശാവർക്കർ മഹേശ്വരിയും ടീച്ചർ ഗിരിജയും ചേർന്ന് ഐരകുഴിയിലെ ഒരു വീട്ടിൽ എത്തി പൾസ്‌പോളിയോ നൽകേണ്ടുന്ന കുട്ടികൾ ഉണ്ടോ എന്നുള്ള വിവരം തിരക്കി. അതിനുശേഷം വീടിന് പുറത്തെ മതിലിൽ ആശാവർക്കർമാർ പൾസ് പോളിയോയുടെ ഭാഗമായി വീട് സന്ദർശിച്ചു എന്നു രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് വീട്ടുടമസ്ഥനും മകനും ഭാര്യയും കൂടി ആശാവർക്കറെ വീട്ടിനുള്ളിലേക്ക് വിളിച്ചു കയറ്റി താഴെ തള്ളിയിടുകയും വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.  നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. ഇവരുടെ കൈവശം ഉണ്ടായിരുന്ന പോളിയോ വാക്സിൻ വീട്ടുകാർ വാങ്ങി നശിപ്പിക്കുകയും ചെയ്തു.

തോളെല്ലിന്റെ ഭാഗത്തു ഗുരുതരമായി ചതവേറ്റതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. മഹേശ്വരിയെ മര്‍ദ്ദിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ചിതറ ഐരക്കുഴി സ്വദേശി സൈനാലബ്ദീനെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കുന്നതിന് മുന്‍പ് മഹേശ്വരിയുടെ കൈവശമുണ്ടായിരുന്ന വാക്സിൻ ബോട്ടിൽ ഇവർ പിടിച്ചുവാങ്ങി.  അതു പോളിയോ വാക്സിൻ ആണെന്നും അത്  തുറന്നാൽ  കേടാവും എന്നും ഇവർ അറിയിച്ചു. എന്നാൽ ഇതൊന്നും ചെവി കൊള്ളാൻ സൈനലാബ്ദീനും കുടുംബവും തയ്യാറായില്ല. പോളിയോ വാക്സിൻ തുറന്ന് നശിപ്പിക്കുകയും, ഇവരുടെ കൈയിൽ പിടിച്ചു തള്ളിയിട്ട് വലിച്ചിഴയ്ക്കുകയും ചെയ്തതായാണ് ഇവർ പറയുന്നത്. 

പൊതുമുതൽ നശിപ്പിച്ചതിനും ആശാവർക്കറുടെ  ജോലി തടസ്സപ്പെടുത്തിയതിന് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.