എന്‍.എസ്.എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍; ജി. സുകുമാരന്‍ നായര്‍ നടത്തുന്നത് ചട്ടലംഘനമെന്ന് ടിക്കാറാം മീണ

Wednesday 16 October 2019 2:03 pm IST

തിരുവനന്തപുരം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. എന്‍.എസ്.എസ് അവരുടെ സമുദായഅംഗങ്ങളുടെ മേല്‍ നിലപാടുകള്‍ അടിച്ചേല്‍പ്പിക്കരുത്. ജാതി മത സംഘടനകള്‍ വോട്ട് ചോദിക്കുന്നത് ചട്ടലംഘനമാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നത് ചട്ടലംഘനമാണ്. എന്നാല്‍, എന്‍.എസ്.എസിനെതിരെ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ പരിശോധിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.  എന്‍.എസ്.എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. നിലപാട് അടിച്ചേല്‍പ്പിക്കാനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നത്. രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കണമെന്നും അല്ലാതെ ഇടപെടല്‍ നടത്തരുതെന്നും കോടിയേരി പറഞ്ഞു. 

മുന്നാക്ക സമുദായത്തിനായി നല്ലതുചെയ്ത ഇടതുപക്ഷത്തെ പ്രകീര്‍ത്തിക്കുകയാണ് എന്‍എസ്എസ് ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന തള്ളി എന്‍എസ്എസ് നേരത്തെ രംഗത്തെത്തിയിരുന്നു.  പ്രസ്താവന തെറ്റിദ്ധാരണ പരത്തുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. ഈ സര്‍ക്കാര്‍ മുന്നാക്കസമുദായങ്ങള്‍ക്കോ എന്‍എസ്എസിനോ വേണ്ടി എന്ത് നന്മയാണ് ചെയ്തതെന്ന് കോടിയേരി വ്യക്തമാക്കണം. മുന്നാക്ക സംവരണം നടപ്പാക്കാതിരിക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നായര്‍ സമുദായം അടക്കമുള്ള മുന്നാക്ക സമുദായങ്ങള്‍ക്കും അതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വ്യവസ്ഥാപിതമായി ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം തടയുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യം വ്യക്തമാക്കിയിട്ടും മറുപടിയില്ല. എന്‍എസ്എസിന് വേണ്ടി ഈ സര്‍ക്കാരിനോട് ആകെ ആവശ്യപ്പെട്ടത് ദേവസ്വം ബോര്‍ഡില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നും, കഴിഞ്ഞ സര്‍ക്കാര്‍ പൊതുഅവധിയായി പ്രഖ്യാപിച്ച മന്നത്തു പത്മനാഭന്റെ ജന്മദിനം നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍കൊണ്ടുവരണമെന്നും മാത്രമാണ്. അത് എവിടെ നില്‍ക്കുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. അഞ്ച് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശരിദൂരം കണ്ടെത്തണമെന്ന് പറയേണ്ടിവന്ന സാഹചര്യം എന്താണെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാട് നാടിന്റെ നന്മയ്ക്കുവേണ്ടിയാണ്. ഇക്കാര്യത്തില്‍ പ്രത്യേക അവകാശവാദമോ ആശങ്കയോ എന്‍എസ്എസിനില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.