മോട്ടോര്‍വാഹന വകുപ്പ് ഹെല്‍മറ്റിന് പിന്നാലെ നിരത്ത് കയ്യടക്കി ടിപ്പറുകളുടെ മത്സരയോട്ടം

Saturday 7 September 2019 4:05 pm IST

മാവേലിക്കര: മോട്ടോര്‍വാഹന വകുപ്പ് ഹെല്‍മെറ്റ് വയ്ക്കാത്തവരെ പിടികൂടാന്‍ പരക്കംപായുമ്പോള്‍ റോഡുകള്‍ കൈയടക്കി മണ്ണ് മാഫിയ. റോഡില്‍ ടിപ്പര്‍ലോറികളുടെ മത്സരയോട്ടം കാരണം അപകടങ്ങള്‍ ഏറിവരികയാണെന്ന് ടാക്‌സി തൊഴിലാളികള്‍ പറഞ്ഞു. 

അനധികൃത മണ്ണെടുപ്പും ടിപ്പര്‍ലോറികളുടെ മരണപ്പാച്ചിലും കാല്‍നടയാത്രികരെ പോലും ഭയപ്പെടുത്തുന്നതാണ്. സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പര്‍ലോറികള്‍ നിരോധിച്ചിട്ടും ഉത്തരവുകള്‍ കടലാസില്‍ ഒതുങ്ങി. ടിപ്പര്‍ഉടമകള്‍ക്ക് നേരെയുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ നിസ്സംഗതക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്നാല്‍ സ്‌കൂള്‍സമയത്ത് ഓടുന്നതിന് കോടതി വിലക്കുള്ളതിനാലാണ് പുലര്‍ച്ചെയും ഉച്ചസമയങ്ങളിലും മരണപ്പാച്ചില്‍ നടത്തുന്നതെന്നാണ് ടിപ്പര്‍ ഡ്രൈവര്‍മാരുടെ വാദം.

ക്രഷര്‍ യൂണിറ്റുകളില്‍ നിന്ന് പാറപ്പൊടിയും കയറ്റി തിരികെയുള്ള വരവില്‍ പൊടി കാറ്റില്‍ പറന്ന് റോഡില്‍വീഴുന്നത് മറ്റൊരു കെണിയാകുന്നുണ്ട്. ബൈക്ക് യാത്രികരാണ് ഇതുമൂലം  ബുദ്ധിമുട്ടുന്നത്. നിത്യേന നൂറുകണക്കിന് ടിപ്പര്‍ലോറികളാണ് കെപി റോഡിലൂടെയും ഇടറോഡുകളിലൂടെയും അധികാരികളെ വെട്ടിച്ച് പായുന്നത്. 

റെയ്ഡും പരിശോധനകളും പ്രഹസനമാകുമ്പോള്‍ മണ്ണുമാഫിയ നിരത്തുകളില്‍ വിലസുകയാണ്. ചുനക്കര, ചാരുംമൂട്, നൂറനാട്, താമരക്കുളം ഭാഗങ്ങളില്‍നിന്നാണ് വ്യാപകമായി മണ്ണ് കടത്തുന്നത്. മത്സരയോട്ടം അവസാനിപ്പിക്കാന്‍ വേണ്ട നടപടി വേണമെന്ന് വ്യാപാരികളും ടാക്‌സി തൊഴിലാളികളും ആവശ്യപ്പെട്ടു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.