'പഴകി പൊടിഞ്ഞ കശുവണ്ടി എടുക്കാനുള്ള സ്ഥലമല്ല തിരുപ്പതി ക്ഷേത്രം'; പ്രസാദം ഉണ്ടാക്കാന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കയറ്റി അയച്ച അഞ്ച് ടണ്‍ കശുവണ്ടി കേരളത്തിലേക്ക് തിരിച്ചയച്ച് തിരുമല ദേവസ്ഥാനം

Saturday 19 October 2019 9:18 pm IST

കൊല്ലം: തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാപെക്‌സ് അയച്ച ആദ്യ ലോഡ് കശുവണ്ടി തിരിച്ചയച്ചു. കശുവണ്ടി ഗുണനിലവാരമില്ലാത്തതും പഴകി പൊടിഞ്ഞതാണെന്നും അതിനാലാണ് തിരിച്ചയച്ചെതെന്നും തിരുപ്പതി ദേവസ്ഥാനം അധികൃതര്‍ വ്യക്തമാക്കി. പ്രസാദത്തിന് ആവശ്യമുള്ള കശുവണ്ടി പരിപ്പാണ് കാപെക്‌സിനോട് ആവശ്യപ്പെട്ടത്.

ക്ഷേത്രത്തില്‍ കശുവണ്ടി പരിപ്പ് ചേര്‍ത്ത ലഡ്ഡു ആണ് പ്രധാന പ്രസാദം. ഇത് ഏറ്റവും ഗുണനിലവാരത്തിലാണ് തയാറാക്കുന്നത്. എന്നാല്‍, ഇതിനായി  കാപെക്‌സ് അയച്ചത് ഏറ്റവും മോശം കശുവണ്ടിയാണെന്നും ദേവസ്ഥാനം അധികൃതര്‍ വ്യക്തമാക്കി. ക്ഷേത്രത്തിലേക്ക് എത്തിയ അഞ്ച് ടണ്‍ കശുവണ്ടി പരിപ്പും തിരിച്ചയച്ചെന്ന് അവര്‍ വ്യക്തമാക്കി. 

ഒക്ടോബര്‍ മൂന്നിന് ആഘോഷപരമായി ആദ്യ ലോഡ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മയാണ് ഫ്‌ലാഗ് ഓഫ് ചെയ്തത്. അഞ്ച് ടണ്‍ കശുവണ്ടിയാണ് തിരുപ്പതി ദേവസ്ഥാനം കാപെക്‌സിനോട് ആവശ്യപ്പെട്ടിരുന്നത്. കാപെക്‌സിന്റെ കശുവണ്ടി  ഉപയോഗിച്ചാല്‍  ലഡ്ഡുവിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്നാണ് ദേവസ്ഥാനത്തിന്റെ വിശദീകരിച്ചു. എന്നാല്‍, കേരള കശുവണ്ടി വികസന കോര്‍പറേഷന്‍ നല്‍കിയ കശുവണ്ടി തിരുപ്പതി ദേവസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. 

തിരുപ്പതി ക്ഷേത്രത്തെ കളിപ്പിക്കാനുള്ള നീക്കം തുടക്കത്തിലെ പൊളിഞ്ഞതോടെ കാപ്പക്‌സിനെ പുനരുദ്ധരിക്കാനുള്ള സര്‍ക്കാര്‍നീക്കത്തിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ കശുവണ്ടി തൊഴിലാളികളുടെ അപക്‌സ് സഹകരണസംഘമാണ് കാപ്പക്‌സ്. കനത്ത നഷ്ടത്തില്‍ തുടരുന്ന സ്ഥാപനത്തെ കരകയറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തിരുപ്പതി ലഡുവില്‍ ചേര്‍ക്കാനായി കശുവണ്ടി ഇവിടെ നിന്ന് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.