ടി. എന്‍ ശേഷന് വിട; സംസ്‌ക്കാരം ഇന്ന്

Monday 11 November 2019 9:39 am IST

ചെന്നൈ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ആരെന്ന് ജനാധിപത്യ ഇന്ത്യയ്ക്ക് വെളിപ്പെടുത്തി തന്ന മുന്‍ കമ്മീഷ്ണര്‍ ടി.എന്‍ ശേഷന് വിട. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ ഇന്നലെ രാത്രി 9.30 ഓടെയാണ് ആയിരുന്നു അന്ത്യം. പൊതുദര്‍ശനത്തിന് ശേഷം ഇന്ന് വൈകീട്ട് മൂന്ന് മണിയ്ക്ക് ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തിലാണ് സംസ്‌ക്കാര ചടങ്ങുകള്‍. എസ് വൈ ഖുറേഷി ട്വിറ്ററിലൂടെയാണ് മരണവിവരം അറിയിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ് വിടവാങ്ങിയത്. നികത്താനാകാത്ത നഷ്ടടമാണ് ടി എന്‍ ശേഷന്റെ വിയോഗമെന്ന് നിരവധി പ്രമുഖര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയും അനുസ്മരണം രേഖപ്പെടുത്തി. ടി എന്‍ ശേഷന്‍ ഒരു മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു എന്ന് മോദി പറഞ്ഞു. തികഞ്ഞ സന്തോഷത്തോടെയും ആത്മാര്‍ത്ഥതയോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ കൂടുതല്‍ കരുത്തുറ്റത്തും പങ്കാളിത്തം നിറഞ്ഞതുമാക്കി. ടിഎന്‍ ശേഷന്റെ വിയോഗത്തില്‍ അതിയായി ദു:ഖം ഉണ്ടെന്നും മോദി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ടി എന്‍ ശേഷന് ആദാഞ്ജലി അര്‍പ്പിച്ചു. മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്റെ മരണത്തില്‍ അതിയായ ദു:ഖമുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ജനാധിപത്യത്തിന്റെ വഴികാട്ടി എന്ന നിലയില്‍ രാജ്യം എല്ലാ കാലത്തും അദ്ദേഹത്തെ ഓര്‍മ്മിക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.