വ്യാജമരുന്ന് നല്‍കി ചികിത്സ; മൂന്ന് തെലങ്കാന സ്വദേശികൾ അറസ്റ്റിൽ, മരുന്ന് കഴിച്ച് നൂറോളം പേർ വൃക്കരോഗികളായി

Thursday 13 February 2020 4:06 pm IST

കൊല്ലം: കൊല്ലം ഏരൂരില്‍ വ്യാജമരുന്ന് നല്‍കി ചികിത്സ നടത്തിയ മൂന്ന് വ്യാജവൈദ്യന്‍മാര്‍ അറസ്റ്റില്‍. തെലങ്കാന സ്വദേശികളാണ് അറസ്റ്റിലായത്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. നൂറോളം പേരെയാണ് ഇവർ വൃക്ക കരള്‍ രോഗബാധിതരാക്കിയത്. 

തെലങ്കാനയിലെ കമ്മം ജില്ലാ സ്വദേശികളായ ചെന്നൂർ പ്രസാദ്, സഹോദരൻ ചെന്നൂർ ഏലാദ്രി എന്നിവരെയാണ് പോലീസ് പിടികൂടിയത്.  കോട്ടയത്ത് സമാനമായ തട്ടിപ്പിന് പദ്ധതിയിടുന്നതിന് ഇടയിലായിരുന്നു ഇവര്‍ പോലീസിന്റെ വലയിലായത്. ഒരിടത്ത് താമസിച്ച് ചികിത്സ തുടങ്ങി ഒരു മാസത്തിനുള്ളില്‍ അവിടെ നിന്നും മുങ്ങി മറ്റൊരിടത്ത് ചികിത്സ തുടങ്ങുകയാണ് സംഘത്തിന്റെ പതിവ്. 

ആറ് വൈദ്യന്‍മാരും രണ്ടു സ്ത്രീകളുമടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനമത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. നാടോടി വൈദ്യന്‍മാര്‍ എന്ന വ്യാജേന എത്തിയ ഇവര്‍ ചെറുസംഘങ്ങളായി പിരിഞ്ഞാണ് ചികിത്സ നടത്തിയിരുന്നത്. 

5,000 മുതല്‍ 20,000 രൂപ വരെയാണ് ഇവര്‍ ഒരു ദിവസത്തെ ചികിത്സയ്ക്കായി ഈടാക്കിയിരുന്നത്. മരുന്ന് കഴിച്ച ആറ് വയസുകാരൻ ഉൾപ്പടെ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരുന്നുകളിൽ മെർക്കുറിയുടെ അളവ് കൂടുതലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 

സംഘത്തിൽ ഉണ്ടായിരുന്ന പതിനാല് വയസുകാരൻ ഉൾപ്പടെ മൂന്നു പേരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. പനി, വാതം, കരപ്പൻ തുടങ്ങിയ രോഗങ്ങൾക്കാണ് സംഘം മരുന്ന് നൽകിയിരുന്നത്. പോലീസ് ഇവരെ കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതോടെ മറ്റുള്ളവര്‍ തെലങ്കാനയിലേക്ക് മുങ്ങിയെന്നാണ് സൂചന.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.