കേരളത്തില്‍ മുത്തലാഖ് നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ്; നിര്‍ണ്ണായക ഉത്തരവുമായി താമരശേരി കോടതി; നീതി ലഭിച്ചെന്ന് യുവതി

Friday 16 August 2019 3:21 pm IST

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിരോധന നിയമ പ്രകാരം സംസ്ഥാനത്ത് ആദ്യ അറസ്റ്റ്. കോഴിക്കോട് ചുള്ളിക്കാപ്പറമ്പ് സ്വദേശിയാണ് അറസ്റ്റിലായത്. താമരശേരി കോടതിയാണ് അറസ്റ്റിന് ഉത്തരവിട്ടത്. മുക്കം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. യുവതിയെ മൂന്നു തവണ തലാഖ് ചെയ്ത് ഭര്‍ത്താവായ ഇ.കെ ഉസാം ഒഴിവാക്കുകയായിരുന്നു. യുവതിക്ക് ജീവിതച്ചെലവ് നല്‍കാന്‍ പോലും ഇയാള്‍ തയാറായില്ല. തുടര്‍ന്നാണ് പരാതിയുമായി യുവതി കോടതിയില്‍ എത്തിയത്. തുടര്‍ന്ന് കേസില്‍ വാദം കേട്ട കോടതി ഉസാമിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായരുന്നു. നീതി ലഭിച്ചെന്ന് യുവതി പിന്നീട് പറഞ്ഞു. 

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് ബില്ലില്‍ (മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍) മുസ്ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുന്ന വ്യവസ്ഥകളാണുള്ളത്. മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും.  വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ല.  മുത്തലാഖ് കേസില്‍ പ്രതിയായ പുരുഷന് ജാമ്യം നല്‍കാന്‍ കേസിലെ ഇരയായ സ്ത്രീയുടെ അനുമതിയോടെ മജിസ്‌ട്രേറ്റിന് അധികാരമുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനുള്ള സ്ത്രീയുടെ അപേക്ഷയിലും മജിസ്‌ട്രേട്ടിന്റെ വിധി അന്തിമമായിരിക്കും. 

മുത്തലാഖ് ചൊല്ലപ്പെട്ട സ്ത്രീക്കോ അവരുടെ അടുത്ത ബന്ധുക്കള്‍ക്കോ ഒരു എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിലൂടെ മുത്തലാഖ് ചൊല്ലിയ ആള്‍ക്കെതിരെ കുറ്റം ചുമത്താനാകും. മുത്തലാഖിന് വിധേയയായ സ്ത്രീയുടെ അഭിപ്രായം കേട്ട ശേഷം മാത്രമേ ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെട്ടവര്‍ക്ക് ജാമ്യം ലഭിക്കുകയുള്ളൂ.

2018 ഓഗസ്റ്റിലാണ് മുത്തലാഖ് നിയമവിരുദ്ധമാണെന്ന് സുപ്രിം കോടതി വിധിച്ചത്. ഇതേത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ മോഡി സര്‍ക്കാര്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ അടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതും പിന്നീട് രാജ്യസഭ പാസാക്കുന്നതും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.