ഇത് ത്രിപുരയിലെ ഭയരാജന്‍; പോലീസിനെ കണ്ട് സിപിഎം ഓഫീസില്‍ നിന്ന് ഇറങ്ങി ഓടിയ ചൗധരി അഭയം തേടിയത് ഐസിയുവില്‍; ഒടുവില്‍ ആശുപത്രിയില്‍ കടന്നുകയറി അറസ്റ്റ്

Wednesday 23 October 2019 7:34 pm IST

അഗര്‍ത്തല: അഴിമതിക്കേസില്‍ ത്രിപുര മുന്‍മന്ത്രിയും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവുമായ ബാദല്‍ ചൗധരി അറസ്റ്റില്‍ നിന്ന് രക്ഷനേടാന്‍ പ്രയോഗിച്ചത്  ആശുപത്രിവാസമെന്ന തന്ത്രം.  പൊതുമരാമത്ത് മന്ത്രിയായിരിക്കെ 630 കോടി രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ചാണ് പോലീസ് അദ്ദേഹത്തിന്റെയും ഉന്നതോദ്യോഗസ്ഥരുടെയും പേരില്‍ കേസെടുത്തത്. ഇതേ തുടര്‍ന്ന് അറസ്റ്റ് ഭയന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. എന്നാല്‍ പോലീസ് പിടിയിലാകുമെന്ന് അറിഞ്ഞതോടെ 'അസുഖം' പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.  ചൗധരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോടതി തള്ളിയിരുന്നു. ഇതോടെ പോലീസ് ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സിബിഐ അറസ്റ്റ് ഭയന്ന് ആശുപത്രിവാസം നടത്തിയിരുന്നു. ഇതേ അടവാണ് ബാദല്‍ ചൗധരിയും പുറത്തെടുത്തത്. എന്നാല്‍ ത്രിപുര പോലീസിന്റെ മുന്നില്‍ ഇത് വിലപ്പോയില്ല. സംസ്ഥാനത്ത് നാലുതവണ പൊതുമരാമത്ത് മന്ത്രിയായിരുന്നു മുതിര്‍ന്ന നേതാവായ ചൗധരി.

മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട 225 കോടി രൂപയുടെ അഴിമതിക്കേസിലാണ് ചൗദരി അറസ്റ്റിലായത്. അഴിമതി, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. പൊതുമരാമത്തുവകുപ്പ് മുന്‍ ചീഫ് എന്‍ജിനീയര്‍ സുനില്‍ ഭൗമിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുന്‍ ചീഫ് സെക്രട്ടറി യശ്പാല്‍ സിങ്ങും കേസില്‍ പ്രതിയാണ്. 638 കോടി രൂപയുടെ പദ്ധതിയില്‍ 225 കോടി അധികമായി ചെലവിട്ടു എന്നതാണ് പ്രധാന ആരോപണം. 

2008-09ല്‍ മേല്‍പ്പാല നിര്‍മാണത്തിനു മന്ത്രിസഭയുടെ അനുമതിയില്ലാതെ 225 കോടി ചെലവിട്ടെന്നും മന്ത്രിസഭ പരിഗണിച്ച രേഖയും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തയാറാക്കിയ രേഖയും തമ്മില്‍ പൊരുത്തമില്ലെന്നും മുഖ്യമന്ത്രി ബിപ്ലവ് ദേബ് കഴിഞ്ഞ മാസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. വിജിലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞയാഴ്ചയാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബാദലിനു പശ്ചിമ ത്രിപുര സെഷന്‍സ് കോടതി ആദ്യം രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. പിന്നീടതു റദ്ദാക്കി. തുടര്‍ന്ന്, പാര്‍ട്ടി ഓഫിസില്‍നിന്ന് അറസ്റ്റ് ചെയ്യാന്‍ പോലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. അറസ്റ്റ് തടഞ്ഞെന്നാരോപിച്ച് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം നാരായണ്‍ കറിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കോടതി ജാമ്യമനുവദിച്ചിരുന്നു.

നേരത്തെ,  ബാദല്‍ ചൗധരിയെ അറസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ എസ്പി ഉള്‍പ്പെടെ ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ആറ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയിരുന്നു. 25 വര്‍ഷത്തെ സിപിഎം ഭരണത്തില്‍ നിരവധി അഴിമതികളാണ് അരങ്ങേറിയത്. മന്ത്രിമാരുള്‍പ്പെടെ ആരോപണം നേരിട്ട ചിട്ടി തട്ടിപ്പ് അഴിമതി കേസുകള്‍ സിബിഐ അന്വേഷണത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.