തൃശൂര്‍ തീരത്ത് അജ്ഞാത ബോട്ടുകള്‍; പോലീസും ഫിഷറീസ് വകുപ്പും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല, തീര പ്രദേശങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു

Sunday 25 August 2019 8:21 am IST

തൃശൂര്‍: കടലില്‍ അജ്ഞാത ബോട്ട് കണ്ടെത്തിയെന്ന വിവരങ്ങളെ തുടര്‍ന്ന് തീര പ്രദേശങ്ങള്‍ അതീവ ജാഗ്രതയില്‍. പ്രദേശത്ത് പോലീസിന്റേയും ഫിഷറീസ് വകുപ്പിന്റേയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തി വരികയാണ്. കയ്പമംഗലം പോലീസ് പരിധിയിലെ കൂരിക്കുഴി കമ്പനിക്കടവിലാണ് സംശയകരമായ നിലയില്‍ മൂന്ന് ബോട്ടുകള്‍ കണ്ടെത്തിയത്. 

തീരദേശ സംരക്ഷണ സമിതി അംഗങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പെരിഞ്ഞനം വാസ്‌കോ ബീച്ച് മുതല്‍ ബോട്ടുകള്‍ കണ്ടത്. കരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ഉള്ളിലായിട്ടായിരുന്നു ബോട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കയ്പമംഗലം പൊലീസും അഴീക്കോട് കോസ്റ്റല്‍ പോലീസും തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടത്തെനായില്ല. ഫിഷറീസ് വകുപ്പിന്റെ ബോട്ട് തെരച്ചില്‍ നടത്തുന്നത് കണ്ട് ബോട്ടുകള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

പിന്നീട് രാത്രി പത്തര വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫിഷറീസ് വകുപ്പിന്റെ ബോട്ടിന് അജ്ഞാത ബോട്ടുകളുടെ അടുത്തെത്താനായില്ല. മൂന്ന് ബോട്ടില്‍ ഒരെണ്ണം  ലൈറ്റ് ഓഫ് ചെയ്യുകയും പിന്നെ കാണാതാവുകയും ചെയ്‌തെന്ന് കടലോര ജാഗ്രത സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. 

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ ഭീഷണി ഉള്ളതിനാല്‍ ഇന്റലിജെന്‍സ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിലെ തീര പ്രദേശങ്ങളിലും ആരാധനാലയങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് അതിനിടയിലാണ് തൃശൂര്‍ തീരത്ത് അജ്ഞാത ബോട്ടുകള്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.