തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ ആക്രമണം തുടരുന്നു, എബിവിപി ജില്ലാ സെക്രട്ടറിയടക്കം മൂന്നുപേര്‍ക്ക് പരിക്ക്

Thursday 27 June 2019 10:26 am IST
"എസ്എഫ്‌ഐ ആക്രമണത്തില്‍ പരിക്കേറ്റ എബിവിപി പ്രവര്‍ത്തകനെ ബിജെപി സംസ്ഥാന സമിതിയംഗം വി.വി. രാജേഷ്, എബിവിപി സംസ്ഥാന സെക്രട്ടറി മനുപ്രസാദ് എന്നിവര്‍ സന്ദര്‍ശിക്കുന്നു"

തിരുവനന്തപുരം: നഗരത്തിൽ എസ്‌എഫ്‌ഐ ആക്രമണം തുടരുന്നു. ആക്രമണത്തിൽ എബിവിപി ജില്ലാ സെക്രട്ടറിയടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയറിയായിരുന്നു എസ്എഫ്‌ഐ ഗുണ്ടകളുടെ ആക്രമണം.  എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ ക്രിമിനലുകള്‍ മൃഗീയമായി ആക്രമിക്കുകയായിരുന്നു.

എബിവിപി ജില്ലാ സെക്രട്ടറി ശ്യാം മോഹന്‍, ജില്ലാ കമ്മറ്റി അംഗം  ശ്രീകാന്ത്, യൂണിറ്റ് സെക്രട്ടറി വൈശാഖ്  എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആക്രമിക്കപ്പെട്ടത്. കഴിഞ്ഞദിവസം  എബിവിപി പ്രവര്‍ത്തകനായ സന്ദീപ് ഗംഗ അക്രമിക്കപ്പെട്ടിരുന്നു. സന്ദീപിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് എബിവിപി ജില്ലാ സെക്രട്ടറി ശ്യാം മോഹനെയും കൂടെയുണ്ടായിരുന്നവരെയും എസ്‌എഫ്‌ഐ ആക്രമിച്ചത്. 

മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ വെച്ച് മുപ്പതോളം വരുന്ന എസ്എഫ്‌ഐ സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ എസ്എഫ്‌ഐ ക്രിമിനലുകള്‍ ജില്ലാ സെക്രട്ടറി ശ്യാം മോഹനെ ബിയര്‍ കുപ്പി ഉപയോഗിച്ച് തലയ്ക്കടിക്കുകയും കുപ്പി കൊണ്ട് കഴുത്തിന് പിറകില്‍ കുത്തുകയും ചെയ്തു. പരിക്കേറ്റ യൂണിറ്റ് സെക്രട്ടറി വൈശാഖിന്റെ ആരോഗ്യനില ഗുരുതരമാണ്. 

അക്രമം തടയാനെത്തിയ മെഡിക്കല്‍  കോളേജ് സെക്യൂരിറ്റി ജീവനക്കാരെ ആയുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സംഘം സ്ഥലംവിടുകയായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് കണ്ടാലറിയാവുന്ന മുപ്പതോളം പേരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ചു എബിവിപി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നലെ പഠിപ്പുമുടക്കിനു ആഹ്വാനം ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.