ഭീകര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടിട്ട് അനുസരിച്ചില്ല; പാക്കിസ്ഥാന് തിരിച്ചടി നല്‍കി യുഎസ്, 44 കോടി യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം റദ്ദാക്കി

Saturday 17 August 2019 4:20 pm IST

വാഷിങ്ടണ്‍ : പാക്കിസ്ഥാന് വീണ്ടും തിരിച്ചടിയായി സാമ്പത്തിക സഹായം വെട്ടിച്ചുരുക്കി യുഎസ്. അടുത്തിടെ 410 കോടി യുഎസ് ഡോളര്‍ സാമ്പത്തിക സഹായം ട്രംപ് ഭരണകൂടം വെട്ടിച്ചുരുക്കിയിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ 44 കോടി യുഎസ് ഡോളറിന്റേയും സാമ്പത്തിക സഹായം ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്.

രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഒന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഈ നടപടി. ഇന്ത്യയെ വാണിജ്യ മേഖലയിലും മറ്റും പ്രതിരോധിക്കാന്‍ നോക്കി പാക്കിസ്ഥാന്റെ സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞിരുന്നു. അതിനു പിന്നാലെയാണ് യുഎസ് ഇതുവരെ നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം കൂടി നിര്‍ത്തലാക്കിയത്. ആദ്യം 450 കോടി ഡോളറിന്റെ സാമ്പത്തിക സഹായമാണ് യുഎസ് ആദ്യം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. പിന്നീടത് 410 കോടിയായി വെട്ടിച്ചുരുക്കുകയായിരുന്നു. 

2010ലെ പെപെ കരാര്‍ (പാക്കിസ്ഥാന്‍ എന്‍ഹാന്‍സ്ഡ് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) പ്രകാരമാണ് പാക്കിസ്ഥാന് യുഎസ് സാമ്പത്തിക സഹായങ്ങള്‍ ചെയ്ത് നല്‍കി കൊണ്ടിരുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അടുത്തിടെ യുഎസില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ യുഎസ് ഔദ്യോഗിക വൃത്തങ്ങള്‍ ഇക്കാര്യം മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 2009ല്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് 2010 സെപ്തംബറിലാണ് യുഎസും പാക്കിസ്ഥാനും പെപെ കരാറില്‍ ഒപ്പുവെയ്ക്കുന്നത്. ഇതുപ്രകാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 1750 കോടി യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം യുഎസ് പാക്കിസ്ഥാന് നല്‍കിക്കഴിഞ്ഞു. 

രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്താന്‍ ഇസ്ലാമബാദ് ഭരണകൂടത്തിന് സാധിക്കുന്നില്ലെന്ന വിലയിരുത്തലില്‍ 30 കോടിയുടെ സഹായം യുഎസ് കഴിഞ്ഞ വര്‍ഷം വെട്ടിക്കുറച്ചിരുന്നു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വേണ്ടത്ര നടപടികള്‍ സ്വീകരിക്കാത്തതില്‍ ഇമ്രാന്‍ ഖാന്റെ സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 

പ്രതിവര്‍ഷം 130 കോടി ഡോളര്‍ സാമ്പത്തിക സഹായം പാക്കിസ്ഥാന് യുഎസ് നല്‍കുന്നുണ്ട്. രാജ്യത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. എന്നിരുന്നാലും പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഒരു അനുകൂല നടപടിയും യുഎസിനു വേണ്ടി ഉണ്ടായിട്ടില്ലെന്നും ട്രംപ് ഇമ്രാന്‍ ഖാനെ കുറ്റപ്പെടുത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.