സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ഐഎഫ്എഫ്‌കെയില്‍ പന്ത്രണ്ട് മലയാള ചിത്രങ്ങള്‍

Friday 29 November 2019 6:45 pm IST

മകാലിക കേരളീയകാഴ്ചകളുടെ  പരിച്ഛേദമായി  രാജ്യാന്തര ചലച്ചിത്ര മേളയില്‍ പന്ത്രണ്ടു മലയാള ചിത്രങ്ങള്‍. ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച, സന്തോഷ് മണ്ടൂര്‍ സംവിധാനം ചെയ്ത പനി, മനോജ് കാനയുടെ കെഞ്ചിറ, ഡോ.ബിജുവിന്റെ വെയില്‍ മരങ്ങള്‍ തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷതേടി ഹിമാചല്‍പ്രദേശിലേക്കു കുടിയേറിയ കുടുംബം അനുഭവിക്കുന്ന വിവേചനം പ്രമേയമാക്കിയ ചിത്രമാണ് ഡോ.ബിജുവിന്റെ വെയില്‍ മരങ്ങള്‍. ഏഷ്യ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്, ഷാങ് ഹായ് ചലച്ചിത്ര മേളയിലെ വിവിധപുരസ്‌കാരങ്ങള്‍ എന്നിവ ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ശ്യാമപ്രസാദിന് 2018-ലെ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം  നേടിക്കൊടുത്ത ചിത്രമാണ് ഒരു ഞായറാഴ്ച.ഒരേ നഗരത്തിലുള്ള നാലു പേരുടെ ഒരു ഞായറാഴ്ചയാണ് ചിത്രത്തിന്റെ പ്രമേയം.വിശപ്പിനോടും ദാരിദ്ര്യത്തിനോടും കെഞ്ചിറ എന്ന പണിയ പെണ്‍കുട്ടി നടത്തുന്ന പോരാട്ടമാണ് മനോജ് കാനയുടെ കെഞ്ചിറ എന്ന ചിത്രം.

വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടല്‍ ചിത്രീകരിക്കുന്ന പ്രിയനന്ദന്റെ സൈലെന്‍സര്‍ ജയരാജിന്റെ രൗദ്രം, ആഷിക് അബുവിന്റെ വൈറസ്, സദാചാര പോലീസിങ്ങിന് വിധേയാകുന്ന പ്രണയിതാക്കളുടെ കഥ പറയുന്ന ഇഷ്‌ക്, കാമുകന്റെ ആസിഡ് ആക്രമണത്തിന് ഇരയാകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഉയരെ, ഖാലിദ് റഹ്മാന്റെ ഉണ്ട, മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ്, സലിം അഹമ്മദിന്റെ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.