24 ന്യൂസിന്റെ ആ ബ്രേക്കിങ്ങ് വ്യാജവാര്‍ത്ത; കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ വികാരം വളര്‍ത്തി പിണറായിയെ വെള്ളപൂശിയെടുക്കാന്‍ ഈ വ്യാജ നിര്‍മ്മിതികള്‍ മതിയാവില്ല

Wednesday 21 August 2019 4:07 pm IST

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാജവാര്‍ത്തയുമായി 24 ന്യൂസ്. 'മഴക്കെടുതിയില്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രം; അടിയന്തര ധനസഹായമില്ല' എന്ന വ്യാജവാര്‍ത്തയാണ് ചാനലും പിന്നട് 24 ന്യൂസ് ഓണ്‍ലൈനും നല്‍കിയത്.  പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പ്രത്യേകം സഹായം അനുവദിച്ചില്ലെന്നായിരുന്നു ഇവര്‍ നല്‍കിയ വാര്‍ത്ത. എന്നാല്‍, സത്യം ഇതല്ല, നേരത്തേയുണ്ടായ പ്രകൃതിദുരന്തങ്ങളുടെ റിപ്പോര്‍ട്ട് വിലയിരുത്തിയാണ് മൂന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചത്. സംസ്ഥാനതല റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇനി കേരളത്തിനുള്ള സഹായം പ്രഖ്യാപിക്കുക. ഇതിനായി കേരളം ഉള്‍പ്പെടെയുള്ള പ്രളയബാധിത സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ ഉടന്‍ അയക്കാനും കേന്ദ്ര സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുക അനുവദിക്കാനും ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. ഇതു മറച്ചുവെച്ചാണ് കേരള ജനതയെ തെറ്റിദ്ധരിപ്പിക്കുക എന്ന ലക്ഷ്യം മാത്രം വെച്ച് 24 ന്യൂസ് വ്യാജ വാര്‍ത്ത പടച്ചുവിട്ടത്. കേരള സര്‍ക്കാരിനെ വെള്ളപൂശുകയും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയുമാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. 

കഴിഞ്ഞ വര്‍ഷം നടന്ന പ്രളയദുരിതാശ്വാസമായി കേരളത്തിന് നല്‍കിയ 2047 കോടി രൂപയില്‍  1,400 കോടി രൂപ പിണറായി സര്‍ക്കാര്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. ഇത്തവണ പ്രളയം ഉണ്ടായപ്പോള്‍ അടിയന്തിര ധനസഹായമായി 52.27 കോടി രൂപ  കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നല്‍കിയിരുന്നു. ഇത് മറച്ചുവെച്ചാണ് 24 ന്യൂസിന്റെ വ്യാജവാര്‍ത്ത. ഈ വര്‍ഷമാദ്യം കര്‍ണാടകം നേരിട്ട അതിരൂക്ഷ വരള്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് ഇന്നലെ തുക അനുവദിച്ചിരുന്നു. ചുഴലിക്കാറ്റില്‍ തകര്‍ന്ന ഒഡീഷയ്ക്ക് 3338.22 കോടി രൂപയും മണ്ണിടിച്ചിലില്‍ തകര്‍ന്ന ഹിമാചലിന് 64.49 കോടി രൂപയുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി അനുവദിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രളയക്കെടുതികള്‍ നേരിടുന്ന കേരളമടക്കമുള്ള 11 സംസ്ഥാനങ്ങള്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ സമര്‍പ്പിച്ച ശേഷമാണ് കേന്ദ്ര സഹായം പ്രഖ്യാപിക്കുക. ഇക്കാര്യം മറച്ചുവച്ചാണ് 24 ന്യൂസിന്റെ വ്യാജ പ്രചാരണം. 2018-19ല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിലേക്ക് 9,658 കോടി രൂപയാണ് അനുവദിച്ചത്. 2019-20ല്‍ കേരളവും കര്‍ണാടകവും ഒഡീഷയും അടക്കം 24 സംസ്ഥാനങ്ങള്‍ക്കായി 6,104 കോടി രൂപയും ഇതുവരെ നല്‍കിയിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.