മുഖ്യമന്ത്രിക്ക് ബാത്ത്‌റൂമില്‍ പോകാനായി വാഹനം വഴിതിരിച്ചുവിട്ടു; സന്ദേശം കൈമാറാത്ത രണ്ടു പോലീസുകാര്‍ക്കെതിരെ നടപടി; ധര്‍മ്മപുരാണത്തിലെ പ്രജാപതിയെ ഓര്‍മ്മിപ്പിച്ച് പിണറായി

Wednesday 23 October 2019 8:57 pm IST

കോഴിക്കോട്: യാത്രക്കിടെ മുഖ്യമന്ത്രി ബാത്ത്‌റൂമില്‍ പോകാനായി ഗസറ്റ്ഹൗസിലേക്ക് പോയ സന്ദേശം കൈമാറാതിരുന്ന രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പിണറായി വിജയന്റെ യാത്രയുടെ സന്ദേശം കൈമാറാന്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ്  എസ് ഐയെയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെയും ആഭ്യന്തര വകുപ്പ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ഇ നാരായണനെയും കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രസാദിനെയുമാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. ഇവര്‍ രണ്ടു പേരും സിപിഎം അനുഭാവിയാണ്. 

കഴിഞ്ഞ ദിവസം കോഴിക്കോട് മുഖ്യമന്ത്രിക്ക് സര്‍ക്കാര്‍ പരിപാടികളൊന്നും ഉണ്ടായിരുന്നില്ല. പിണറായി വിജയന്‍ കോഴിക്കോട് ജില്ലയിലൂടെ കടന്നു പോകുമെന്ന വിവരം മാത്രമാണ് സിറ്റി പോലീസിന് ലഭിച്ചിരുന്നത്.  കോട്ടയത്തു നിന്നും  നേരെ തലശ്ശേരിക്ക് പോകുന്നുവെന്ന സന്ദേശമായിരുന്നു ലഭിച്ചത്. കോഴിക്കോട് ഒരിടത്തും  ഇറങ്ങുമെന്ന് അറിയിച്ചിരുന്നില്ല.  എന്നാല്‍, യാത്രക്കിടെ മുഖ്യമന്ത്രി ബാത്ത്‌റൂമില്‍ പോകാനായി  കോട്ടക്കല്‍ ഗസ്റ്റ് ഹൗസില്‍ കയറുകയായിരുന്നു. ഈ സന്ദേശം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് എത്തിയില്ല.  ഇതോടെ മുഖ്യമന്ത്രിക്കുള്ള തുടര്‍ എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് പോലീസ് സംഘം എത്താന്‍ വളരെ വൈകി.  ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചതെന്ന് മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എസ്‌കോര്‍ട്ട് ഡ്യൂട്ടിക്ക് പോലീസ് സംഘം എത്താത്തതിന്റെ കുറ്റം എല്ലാം പിണറായി വിജയന്‍ പോലീസുകാരില്‍ ആരോപിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ യാത്ര പെട്ടന്ന് മാറ്റിയത് അറിയിക്കാത്തതിനാണ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. യാത്രക്കിടെയുണ്ടായ വീഴ്ചയുടെ പേരില്‍ മുഖ്യമന്ത്രി കമ്മീഷണറെ നേരിട്ട് വിളിച്ച് ശകാരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ആഭ്യന്തരവകുപ്പ് രണ്ട് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തത്. ഒവി വിജയന്റെ ധര്‍മ്മപുരാണത്തെ അനുസ്മരിപ്പിക്കുന്നതാണ് പിണറായി വിജയന്റെ നടപടിയെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസമുയരുന്നുണ്ട്.  മുഖ്യമന്ത്രിയുടെ നടപടിയില്‍ പോലീസ് സേനയില്‍ തന്നെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.