സാമ്പത്തിക പ്രതിസന്ധി; അബുദാബിയിലെ യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടാന്‍ അനുമതി നല്‍കി ആരോഗ്യവകുപ്പ്; നിരവധി മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമാകും

Saturday 7 September 2019 4:42 pm IST

അബുദാബി: മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂണിവേഴ്സല്‍ ഹോസ്പിറ്റലിന്റെ അബുദാബി ബ്രാഞ്ച് അടച്ചുപൂട്ടിയതായി അബുദാബി ആരോഗ്യവകുപ്പ്. സ്ഥാപനത്തിന്റെ ഉടമയും മലയാളിയുമായ ഷബീര്‍ നെല്ലിക്കോടിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് യൂണിവേഴ്സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടാന്‍ അനുമതി നല്‍കിയത് എന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയതു. നിരവധി മലയാളികള്‍ ഈ ആശുപത്രിയില്‍ ജോലി നോക്കുന്നുണ്ട്. 200 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി രോഗികളെ സ്വീകരിക്കുന്നത് നിര്‍ത്തുകയും എല്ലാ രോഗികളെയും ഉടനടി മറ്റോരു ആശുപത്രികളിലേക്ക് മാറ്റുകയും  ചെയ്തെന്ന് അബുദാബി ആരോഗ്യവകുപ്പ് വ്യക്തമാക്കി. യൂണിവേഴ്‌സല്‍ ആശുപത്രിക്ക് അബുദാബി കൂടാതെ മറ്റു നാലു ബ്രാഞ്ചുകള്‍ കൂടി ഉണ്ട്. 

2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്സല്‍ ഹോസ്പിറ്റലില്‍ ശമ്പള കുടിശികയുള്‍പ്പടെയുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് ആശുപത്രി അടച്ചുപൂട്ടുന്നത്തെന്നാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. നിരവധി സ്റ്റാഫ് അംഗങ്ങള്‍ ഇതിനകം തന്നെ രാജിവച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഒരാഴ്ചയായി ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ആറുമാസത്തിലധികമായി ശമ്പള കുടിശികയുണ്ടെന്ന് ജീവനക്കാര്‍ ആരോപിച്ചു. ശമ്പളം മുടങ്ങാന്‍ തുടങ്ങിയതോടെ നിരവധി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രാജിവെച്ച് പോവുകയും ചെയ്തിരുന്നു. ശമ്പളം ലഭിക്കാത്തതിനെക്കുറിച്ചുള്ള പരാതികള്‍ അബുദാബി പൊലീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇന്ത്യക്കാരായ ജീവനക്കാര്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും പരാതി നല്‍കി.

തൊഴിലാളികളുടെ ശമ്പള കുടിശികള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്ന് അബുദാബി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ വര്‍ഷം ഏപ്രിലിലും അബുദാബി യൂനിവേഴ്സല്‍ ആശുപത്രി താല്‍കാലികമായി അടച്ചുപൂട്ടിയിരുന്നു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് രോഗികളെ മാറ്റി ആശുപത്രി അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് ഇവ പരിഹരിച്ച് മേയ് മാസത്തില്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ആശുപത്രിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും ശമ്പള കുടിശിക ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് അഞ്ഞൂറോളം ജീവനക്കാര്‍. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അറിയാമായിരുന്നുവെന്നും എല്ലാം ശരിയാവുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായും ഒരു ജീവനക്കാര്‍ പറഞ്ഞു. ആശുപത്രി അടച്ചുപൂട്ടിയത് സംബന്ധിച്ച് ഇവര്‍ക്ക് ആര്‍ക്കും മാനേജ്മെന്റ് ഒരു അറിയിപ്പും നല്‍കിയിട്ടില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.