അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം; തെറ്റുതിരുത്തി തിരിച്ചു വരാന്‍ അവസരം നല്‍കണമെന്നും പാര്‍ട്ടി റിപ്പോര്‍ട്ട്

Tuesday 12 November 2019 11:31 am IST

കോഴിക്കോട് : യുഎപിഎ ചുമത്തി അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍ത്ത് മാവോയിസ്റ്റ് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടിയുടെ തന്നെ വെളിപ്പെടുത്തല്‍. സിപിഎം റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് വ്യക്തമാക്കുന്നത്. കോഴിക്കോട് ലോക്കല്‍ കമ്മിറ്റി പാര്‍ട്ടികളിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 

അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി തിങ്കളാഴ്ച്ച യോഗം ചേര്‍ന്നതിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതില്‍ കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ക്കും മാവോയിസ്റ്റ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. 

സിപിഎം പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി കണ്ടെത്തിയത് വന്‍ വിവാദമായിരുന്നു. ഇതോടെ അടിയന്തിര യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയായിരുന്നു. 

യുവാക്കള്‍ക്കുണ്ടായ രാഷ്ട്രീയ വ്യതിയാനം മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ഇക്കാര്യത്തില്‍ ആത്മപരിശോധന വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം അറസ്റ്റിലായവരുടെ തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നും, തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്ന അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. 

ബുധനാഴ്ചയാണ് അലന്റെയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.