യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തുന്നു; 10 ദിവസം പിന്നിട്ടിട്ടും മുഴുവന്‍ പ്രതികളെയും പിടികൂടാതെ പോലീസ്; ലുക്ക് ഔട്ട് നോട്ടിസിലെ മൂന്ന് പേര്‍ ഇപ്പോഴും ഒളിവില്‍

Monday 22 July 2019 10:44 am IST
കീഴടങ്ങിയവരില്‍ അന്വേഷണം ഒതുക്കാന്‍ പോലീസിനു മേല്‍ സിപിഎം നേതാക്കളുടെ സമ്മര്‍ദമുണ്ടെന്നാണ് സൂചന. പ്രതികള്‍ ഒളിവിലാണെന്നു പറയുമ്പോഴും ഇവര്‍ തലസ്ഥാനത്തു തന്നെ വിലസുന്നുണ്ടെന്നാണു വിവരം.

തിരുവനന്തപുരം: പത്ത് ദിവസം പിന്നിട്ടിട്ടും യൂണിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാതെ പോലീസ്. കന്റോണ്‍മെന്റ് പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിലെ തന്നെ എട്ട് പേരില്‍ മൂന്ന് പേര്‍ ഇപ്പോഴും ഒളിവിലാണ്. 

കീഴടങ്ങിയവരില്‍ അന്വേഷണം ഒതുക്കാന്‍ പോലീസിനു മേല്‍ സിപിഎം നേതാക്കളുടെ സമ്മര്‍ദമുണ്ടെന്നാണ് സൂചന. പ്രതികള്‍ ഒളിവിലാണെന്നു പറയുമ്പോഴും ഇവര്‍ തലസ്ഥാനത്തു തന്നെ വിലസുന്നുണ്ടെന്നാണു വിവരം. 

നിലവിലുള്ള ലുക്ക് ഔട്ട് നോട്ടിസിലെ ആര്‍.ശിവരഞ്ജിത്ത്, എന്‍.എ.നസീം, അദ്വൈത്, ആരോമല്‍, ആദില്‍ എന്നിവര്‍ കീഴടങ്ങിയിരുന്നു. അമര്‍, ഇബ്രാഹിം, രഞ്ജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.  

കഴിഞ്ഞ 12ന് നടന്ന സംഭവത്തെ തുടര്‍ന്ന് ലുക്ക്ഔട്ട് നോട്ടിസില്‍ ഇല്ലാതിരുന്ന നേമം സ്വദേശി ഇജാബിനെയാണു റോഡിലൂടെ നടന്നുപോകുമ്പോള്‍ ആദ്യം അറസ്റ്റ് ചെയ്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരും കേസില്‍ പ്രതികളാണ്. ആദ്യ 2 പ്രതികള്‍ ഉള്‍പ്പെടെ 5 പേരെ കിട്ടിയതോടെ പോലീസ് അന്വേഷണം മരവിച്ച മട്ടിലാണ്. നസീമിന്റെയും ശിവരഞ്ജിത്തിന്റെയും നേതൃത്വത്തില്‍ 20 അംഗ സംഘമാണ് ആക്രമിച്ചതെന്നാണ് അഖിലിന്റെ മൊഴി.

അതേസമയം തലസ്ഥാനത്ത് ഒട്ടേറെ പ്രതിഷേധ സമരങ്ങള്‍ നടക്കുന്നത് മൂലം അന്വേഷണത്തിനു സമയം കിട്ടുന്നില്ലെന്നാണു പോലീസ് ഭാഷ്യം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.