യുഡിഎഫിന്റെ 'ചിന്നം' വിളി

Wednesday 4 September 2019 10:44 am IST

കേരളത്തില്‍ 140 നിയോജകമണ്ഡലങ്ങളുണ്ട്. അതില്‍ ഒന്നിലാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. അത് നിസാരമണ്ഡലമല്ല. കെ.എം. മാണിയെ നിരന്തരം ജയിപ്പിച്ച പാലയാണത്. കെ.എം. മാണി അന്തരിച്ചതിനെ തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ ആരാകണം സ്ഥാനാര്‍ഥി എന്നത് സജീവ ചര്‍ച്ചയായതാണ്. കെ.എം. മാണിയുടെ കുടുംബത്തില്‍നിന്ന് വേണമെന്ന മോഹം കേരളാ കോണ്‍ഗ്രസ്സുകാര്‍ക്ക് കലശലായിരുന്നു. നേരവകാശിയായി മത്സരിക്കണമെങ്കില്‍ മാണിസാറിന്റെ പത്‌നി കുട്ടിയമ്മയുടെ പേരായിരുന്നു ഉയരേണ്ടത്. മകന്‍ ജോസ് കെ. മാണി രാജ്യസഭാംഗമായതിനാല്‍ നിയമസഭാ മണ്ഡലത്തില്‍ പരീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. മാത്രമല്ല, അത് ബിരിയാണിചെമ്പില്‍ കഞ്ഞിവെയ്ക്കുന്നതിന് സമമായിരിക്കും.

സ്ഥാനാര്‍ഥിയായി ജോസ് കെ. മാണിയുടെ പത്‌നി നിഷയെ നിര്‍ത്താനാലോചനയെന്നും വാര്‍ത്ത വന്നതാണ്. അവസാനത്തെ ഒന്നാം പേര് നിഷയുടെതായിരുന്നെങ്കിലും വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അത് പറ്റില്ലെന്ന് ഉറക്കെ പറഞ്ഞു. ജയസാധ്യതയില്ലാത്ത സ്ഥാനാര്‍ഥിക്ക് 'ചിഹ്നം' നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജോസഫ് അങ്ങനെയാ. വര്‍ഷങ്ങളായി സ്ത്രീകളോട് ജോസഫിന് അത്ര പഥ്യമില്ല. വിമാനയാത്രക്കിടയില്‍ എന്തൊക്കെയോ ഇയാള്‍ ചെയ്‌തെന്ന് ഒരു സ്ത്രീ പരസ്യമായി പറയുകയും പരാതിപ്പെടുകയും ചെയ്തതോടെ മാനാഭിമാനങ്ങള്‍ക്ക് ഏറെ പ്രധാന്യം കൊടുത്തിരുന്ന ജോസഫിന് ആകെ ക്ഷീണമായി. നിരപരാധിയെന്ന് തെളിയിച്ചിട്ടും മനഃസമാധാനം കിട്ടിയിട്ടില്ല. അതുകൊണ്ട് സ്ത്രീ സ്ഥാനാര്‍ഥി വേണ്ടെന്ന നിലപാട് അംഗീകരിപ്പിച്ചെടുക്കാനായി. മുന്‍പ് നെഞ്ചോളം മാത്രം പൊക്കാന്‍ കഴിഞ്ഞിരുന്ന കൈ രണ്ടും തലക്കുമുകളില്‍ ഉയര്‍ത്തി താന്‍തന്നെയാണ് പാര്‍ട്ടി ചെയര്‍മാനെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥിയായി അവരുടെ സെക്രട്ടറി ജോസ് ടോം പുലിക്കുന്നിലിനെ പ്രഖ്യാപിക്കുകയും ചെയ്തു. സ്ഥാനാര്‍ഥിയൊക്കെ ശരിതന്നെ. ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാം. പക്ഷേ, കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി എന്ന് അംഗീകരിക്കാന്‍ ജോസഫ് തയ്യാറല്ല. പാര്‍ട്ടി സ്ഥാനാര്‍ഥിക്കേ രണ്ടില ചിഹ്‌നം നല്‍കാന്‍ പറ്റൂ. ചിഹ്‌നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണി ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. അതങ്ങ് പള്ളീ പറഞ്ഞാല്‍ മതിയെന്ന് വിരുദ്ധപക്ഷം. ഫ്രാഡ് നടപടിയെന്ന് പി.ജെ. ജോസഫ്. യുഡിഎഫ് നേതാക്കള്‍ ഇടപെട്ടിട്ടും ജോസഫിനെ മെരുക്കാനാവുന്നില്ല. ജോസഫ് പറയുന്നതിലും കാര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യുഡിഎഫിന്റെ പാലയിലെ ചിഹ്‌നം കെ.എം. മാണിയെന്നും ചെന്നിത്തല. അതാണ് ശരിയെന്ന് സ്ഥാനാര്‍ഥിയും പാലയില്‍ ഇടതിനോ വലതിനോ പാട്ടും പാടി ജയിക്കാനോ ജയിപ്പിക്കാനോ ജോസഫ് കൂട്ടുനില്‍ക്കില്ലെന്ന് വ്യംഗ്യാര്‍ഥം. ജോസഫ് കേരള രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ്സില്‍ നോട്ടെണ്ണല്‍ യന്ത്രമില്ലാത്ത നേതാവാണെന്ന് പൊതുസംസാരം. ആദര്‍ശവും ഭാവനയും ആത്മാര്‍ത്ഥതയുമുള്ള ജോസഫ് മന്ത്രിയായിരിക്കെ ചെയ്ത നല്ല കാര്യങ്ങളെ കണ്ടില്ലെന്ന് നടിക്കാനാവില്ല. അത് അദ്ദേഹം മാറിമാറി പരീക്ഷിച്ച ഇരുമുന്നണി മേലാളന്മാര്‍ക്കും സഹിച്ചിട്ടില്ല. അതുകൊണ്ടാണ് ഇരുമുന്നണികളെയും മാറിമാറി ചവിട്ടേണ്ടിവന്നത്. ആദര്‍ശമുള്ള ഒരു രാഷ്ട്രീയക്കാരന് കേരളത്തിലെ പരമ്പരാഗത മുന്നണിയില്‍ തുടരാന്‍ കഴിയുമോ? ഉത്തരം കണ്ടത്തേണ്ടത് അദ്ദേഹമാണ്. ഏതായാലും യുഡിഎഫ് കൊമ്പന്മാരുടെ 'ചിന്നം' വിളി ആ മുന്നണിയെ തന്നെ പരിഹാസ്യരാക്കിയിട്ടുണ്ട്.

പാലായില്‍ ശബരിമല സ്വാമിയുടെ പേരില്‍ വോട്ടുചോദിച്ചാല്‍ നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ആഫീസര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അത് എല്‍ഡിഎഫും ഏറ്റുപിടിച്ചിരിക്കുന്നു. അയ്യപ്പന്റെ പേരില്‍ ആരും വോട്ടുചോദിച്ചിട്ടുമില്ല. ചോദിക്കുകയുമില്ല. പക്ഷേ, ഏത് മണ്ഡലമായാലും കഴിഞ്ഞ മണ്ഡലകാലത്ത് പോലീസും മന്ത്രിമാരും നടത്തിയ പൈശാചികത്വം തുറന്നുകാട്ടാനുള്ള അവകാശത്തെ തടയാന്‍ ഒരു ഭരണാധികാരിക്കും കഴിയില്ല.

യുഡിഎഫും എല്‍ഡിഎഫും മാത്രമല്ല, ഇന്ന് പാലയിലെ ശക്തി. കേന്ദ്രത്തില്‍ സ്തുത്യര്‍ഹമായ ഭരണം കാഴ്ച വയ്ക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിനും ശക്തനായ സ്ഥാനാര്‍ത്ഥി അവിടെയുണ്ട്. അഞ്ചുര്‍ഷം കരുത്തുറ്റ ഭരണം കാഴ്ചവച്ച നരേന്ദ്രമോദി രണ്ടാമൂഴം അതിഗംഭീരമായി ഭരിക്കുമെന്നതിന്റെ സൂചന നല്‍കികഴിഞ്ഞു. വരാന്‍ പോകുന്ന കാലങ്ങളില്‍ 130 കോടി ജനങ്ങളുടെയും ക്ഷേമത്തിനായിരിക്കും ഭരണമെന്ന് തെളിയും. ജനങ്ങളെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വേര്‍തിരിച്ച് തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രതിപക്ഷങ്ങള്‍ക്ക് മറുപടി നല്‍കുന്ന വിജയം പാലായില്‍ ഉണ്ടാകുമെന്നാശിക്കാം. അവിടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജനങ്ങളും ഇരുമുന്നണിനേതാക്കളുടെയും 'ചിന്നം' വിളികേട്ട് വിരണ്ടോടുകയില്ലെന്നുറപ്പ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.