അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; വിജയം 60 റണ്‍സിന്‌

Sunday 8 September 2019 11:16 am IST

മൊറാട്ടുവ: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെ 60 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ത്തില്‍ 305 റണ്‍സെടുത്തപ്പോള്‍ പാക്കിസ്ഥാന് 46.4 ഓവറില്‍ 245 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ജ്ജുന്‍ ആസാദിന്റെയും തിലക് വര്‍മയുടെയും സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. 

തുടക്കത്തില്‍ മൂന്ന് റണ്‍സെടുത്ത സുവേദ് പാര്‍ക്കറെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ അര്‍ജ്ജുന്‍ ആസാദും തിലക് വര്‍മയും ചേര്‍ന്ന് 183 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയ്ക്ക് വമ്പന്‍ സ്‌കോറിനുള്ള അടിത്തറയിട്ടു. പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായി സ്‌കോര്‍ ചെയ്യാനായില്ലെങ്കിലും ഇന്ത്യയെ 300 കടത്തി. 

മറുപടി ബാറ്റിംഗില്‍ പാക്കിസ്ഥാനായി റൊഹൈല്‍ നാസിര്‍(108 പന്തില്‍ 117)സെഞ്ചുറി നേടിയെങ്കിലും മറ്റു  ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും കാര്യമായ പിന്തുണ നല്‍കാനായില്ല. 43 റണ്‍സെടുത്ത മൊഹമ്മദ് ഹാരിസാണ് പാക്കിസ്ഥാന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അങ്കൊലേക്കര്‍ മൂന്നും വിദ്യാധര്‍ പാട്ടീല്‍, സുഷാന്ത് മിശ്ര എന്നിവര്‍ രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ, കുവൈത്തിനെ ഏഴ് വിക്കറ്റിന് തകര്‍ത്തിരുന്നു. ഒമ്പതിന് അഫ്ഗാനിസ്ഥാനുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.