കോപ്പിയടിയും ചോദ്യപേപ്പര്‍ മോഷണവും ഭയന്ന് പി.എസ്.സി; ഇനി മുതല്‍ യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ നടത്തില്ല

Friday 19 July 2019 8:18 pm IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ പിഎസ്എസി പരീക്ഷാ സെന്ററുകള്‍ റദ്ദാക്കി. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും, തസ്തികമാറ്റം മുഖേനയും)  20ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടക്കുന്ന പരീക്ഷയ്ക്ക് യൂണിവേഴ്‌സിറ്റി കോളേജില്‍ ക്രമീകരിച്ചിരുന്ന 1, 2, 3 പരീക്ഷാ കേന്ദ്രങ്ങളില്‍ (രജിസ്റ്റര്‍ നമ്പര്‍ 111301 മുതല്‍ 112200 വരെയുളള ഉദ്യോഗാര്‍ത്ഥികള്‍) തിരുവനന്തപുരം, കണ്ണമ്മൂലയിലുളള ജോണ്‍കോക്‌സ് സിഎസ്‌ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് കോളേജിലേക്കു (ഫോണ്‍: 9400368710, 7012448087) മാറ്റി. 

നാലാം സെന്ററിലെ (രജിസ്റ്റര്‍ നമ്പര്‍ 112201 മുതല്‍ 112500 വരെയുളളവര്‍) തിരുവനന്തപുരം പേട്ടയിലുളള ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിസ്‌കൂളിലും (ഫോണ്‍: 0471-2474081, 9495632853) പരീക്ഷ എഴുതേണ്ടതാണെന്ന് പിഎസ്‌സി അറിയിച്ചു. കോപ്പിയടിയും ചോദ്യപേപ്പര്‍ മോഷണവും ഭയന്നാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും പരീക്ഷ സെന്റര്‍മാറ്റിയതെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 

യൂണിവേഴ്സിറ്റി കോളേജ് യൂണിയന്‍ റൂമില്‍ നിന്നും ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരകടലാസ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതിയാണ് ശിവരഞ്ജിത്. ഈ ഉത്തര കടലാസുകള്‍ വ്യാജമല്ലെന്ന് കണ്ടെത്തിയിരുന്നു. 2015ലും 2016ലുമായി യൂണിവേഴ്സിറ്റി കോളേജ് കൈപ്പറ്റിയ ഉത്തരക്കടലാസുകളില്‍ ഉള്‍പ്പെട്ടതാണിതെന്നും വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം നടത്താന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. 

അതേസമയം, പ്രതികള്‍ അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കത്തി കണ്ടെത്തി. യൂണിവേഴ്സിറ്റി കോളേജ് പരിസരത്തെ ചവറ് കൂനയില്‍ നിന്നാണ് കത്തി കണ്ടെത്തിയിരിക്കുന്നത്.കേസിലെ ഒന്നും രണ്ടും പ്രതികളെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് കത്തി കണ്ടെത്തിയത്. ശിവരഞ്ജിത്താണ് കുത്താന്‍ ഉപയോഗിച്ച കത്തി പുറത്തെടുത്തത്. കത്തി ഓണ്‍ലൈനായാണ് വാങ്ങിയതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.