'എസ്എഫ്‌ഐ ക്രിമിനലുകളുടെ കത്തിക്കുത്തിലും പരീക്ഷക്രമക്കേടിലും ഉടന്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണം; യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു

Tuesday 16 July 2019 11:17 am IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ ക്രിമിനലുകളുടെ കത്തിക്കുത്തില്‍ ഗവര്‍ണര്‍ ഇടപടുന്നു. കോളേജില്‍ നടന്ന അക്രമസംഭവങ്ങളിലും പരീക്ഷാ ക്രമക്കേടിലും  വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍വ്വകലാശാല ചാന്‍സിലര്‍ കൂടിയായ ജസ്റ്റിസ് പി. സദാശിവം ആവശ്യപ്പെട്ടിരിക്കുന്നത്.  വിദ്യാര്‍ത്ഥി സംഘടനാ പ്രശ്‌നങ്ങള്‍ കത്തിക്കുത്ത് വരെ എത്തുകയും യൂണിറ്റ് നേതാക്കള്‍ പിടിയിലാകുകയും ചെയ്ത സാഹചര്യത്തില്‍ കൂടിയാണ് ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ടാണ് അദേഹം സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മാത്രമല്ല യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം വേണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ അടിയന്തരമായി ഇടപെട്ട് അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്സിറ്റി കോളേജ് മയക്കുമരുന്നിന്റെ കേന്ദ്രമാണ്. യൂണിവേഴ്സിറ്റി കോളേജില്‍ നടക്കുന്ന പിഎസ്സി പരീക്ഷകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.