ഉന്നാവ് കേസ്: പ്രതികള്‍ തീ കൊളുത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

Saturday 7 December 2019 8:26 am IST

ന്യൂദല്‍ഹി : ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പ്രതികള്‍ തീ കൊളുത്തി കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു. കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് പ്രതികള്‍ 23കാരിയായ യുവതിയുടെ നേരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ് ദല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് യുവതി മരണത്തിന് കീഴടങ്ങിയത്. വെള്ളിയാഴ്ച രാത്രി 11.40നാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന. 

11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്‌തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. തീ കൊളുത്തുന്നതിന് മുമ്പ്  പ്രതികള്‍ തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും പെണ്‍കുട്ടി പോലീസിനും മൊഴി നല്‍കിയിട്ടുണ്ട്. 

 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ നില അതിഗുരുതരമായി വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ ലഖ്‌നൗവില്‍ നിന്ന് ദല്‍ഹിയിലെത്തിച്ചത്. സംഭവത്തില്‍ അഞ്ച് പ്രതികളെയും പോലീസ് പിടികൂടിയിരുന്നു. യുവതിയെ പീഡിപ്പിച്ച കേസിലെ രണ്ട് പ്രതികളടക്കം അഞ്ച് പേരാണ് മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

പരാതിയില്‍ നിന്ന് പിന്മാറാന്‍ പ്രതികള്‍ യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയെ ഉന്നാവ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.