പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലുണ്ടായ അക്രമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റേയും സിമിയുടേയും പങ്ക് അന്വേഷിക്കുന്നു

Tuesday 24 December 2019 8:25 am IST

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലുണ്ടായ അക്രമ സംഭവങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കുന്നു.  നിരോധിത സംഘടനയായ സിമിയുമായി ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ സിമിയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജനങ്ങളെ പ്രകോപിപ്പിച്ച് അക്രമങ്ങളിലേക്ക് തിരിക്കുകയായിരുന്നു.

അക്രമ സംഭവങ്ങള്‍ക്കു പിന്നില്‍ സിമിയുടെ സാന്നിധ്യമുണ്ടെന്നും പോപ്പുലര്‍ഫ്രണ്ടിന് ഇതുമായി ബന്ധമുണ്ടെന്നും യുപി ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി ഡിജിപി ഒ.പി. സിങ്ങും അറിയിച്ചിട്ടുണ്ട്. 

അതേസമയം ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും നുഴഞ്ഞുകയറി യുപിയില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഇത്തരത്തില്‍ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ നിന്നുള്ള ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി ഭാഷയില്‍ പ്രകോപനപരമായ ഉള്ളടക്കമുള്ള നിരവധി ലഘുലേഖകള്‍ ലഖ്നൗവില്‍ നിന്നു പിടിച്ചെടുത്തതായും ഡിജിപി പറഞ്ഞു.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങള്‍ പരത്തിയെന്നാരോപിച്ചു ലഖ്നൗവില്‍ മൂന്നുപേരെയും അറസ്റ്റ് ചെയ്തു. കലാപകാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഉത്തര്‍പ്രദേശ് ഭവനു മുന്നില്‍ നടന്ന പ്രതിഷേധവും അക്രമാസക്തമായി.

46 ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ 27 പേര്‍ സ്ത്രീകളാണ്. ഇവരെ മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. യു പിയില്‍ കലാപം നടത്തുന്നതിനിടെയില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.