നിയമ വിരുദ്ധമായി ഇന്ത്യയില്‍ എത്തുന്നവര്‍ക്കായി യുപിഎ സര്‍ക്കാര്‍ മൂന്ന് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങി; കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി മുല്ലപ്പള്ളിയുടെ റിപ്പോര്‍ട്ട് പുറത്ത്

Thursday 26 December 2019 4:09 pm IST

ന്യൂദല്‍ഹി : അയല്‍ രാജ്യങ്ങളില്‍ നിന്നും രേഖകളില്ലാതെ ഇന്ത്യയില്‍ എത്തിയവരെ തടങ്കലില്‍ ഇടാന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തേയ്ക്ക് രേഖകളൊന്നുമില്ലാതെ എത്തുന്നവരെ ഇത്തരത്തില്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി തടങ്കല്‍ പാളയങ്ങളും ആരംഭിച്ചിരുന്നു. അസമില്‍ നുഴഞ്ഞു കയറ്റക്കാര്‍ക്കെതിരെ മോദി സര്‍ക്കാര്‍ തടങ്കല്‍ പാളയം ഉണ്ടാക്കിയതായി കോണ്‍ഗ്രസ് അടുത്തിടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചതിനു പിന്നില്‍ കോണ്‍ഗ്രസ്സാണെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായിരിക്കേയാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊള്ളുന്നത്. 2011 ഡിസംബര്‍ 31ന് ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഇതില്‍ വേണ്ടത്ര രേഖകളില്ലാതെ രാജ്യത്ത് എത്തിയവരെ നാടുകടത്തിയതായും പറയുന്നുണ്ട്. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ഉടലെടുക്കുകയും കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയ വത്കരിച്ച് മുതലെടുക്കാന്‍ ശ്രമം നടത്തി വരികയായിരുന്നു. കൂടാതെ അസം പൗരത്വ രജിസ്‌ട്രേഷന്‍ സംബന്ധിച്ചും കോണ്‍ഗ്രസ് അനാവശ്യ വാദഗതികള്‍ ഉയര്‍ത്തി. അതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ രേഖകളില്ലാതെ എത്തിയവരെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിച്ചെന്ന് ആരോപണം ഉയര്‍ന്നത്. വിഷയത്തില്‍ സംസ്ഥാനത്തെ ജനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടയിലാണ് അവര്‍ക്കു തന്നെ തിരിച്ചടി നല്‍കി മുല്ലപ്പള്ളിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നത്. 

മുല്ലപ്പള്ളി രാമചന്ദ്രന്‍ ലോകസഭയില്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആസമില്‍ സര്‍ക്കാര്‍ മൂന്ന് തടങ്കല്‍ പാളയങ്ങള്‍ തുടങ്ങിയതായി വ്യക്തമാക്കിയിരുന്നു. കൂടാതെ 362 നുഴഞ്ഞ് കയറ്റക്കാരെ ക്യാമ്പിലേക്ക് മാറ്റിയതായും യുപിഎ സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. നിയമ വിരുദ്ധമായി ഇന്ത്യയില്‍ എത്തിയവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയയ്ക്കാന്‍ കരാറില്‍ എത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ഗോല്‍പാറ ക്യാമ്പില്‍ 221 പേരെയും, കോക്രജാരില്‍ 72 പേരെയും, സില്‍ച്ചറില്‍ 62 പേരെയും അടച്ചിട്ടുണ്ടെന്നും, 78 പേരെ നവംബര്‍ മാസം വരെയുള്ള കണക്ക് പ്രകാരം നാട് കടത്തിയെന്നും മന്ത്രി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 

അസമില്‍ എന്‍ആര്‍സി നടപ്പാക്കിയതിനെതിരെ കോണ്‍ഗ്രസ് നേരത്തെ രംഗത്ത് എത്തിയതാണ്. എന്നാല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തു തന്നെ ഇത് നടപ്പാക്കാന്‍ ശ്രമിച്ചതിന്റെ രേഖകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ പരുങ്ങലിലാക്കിയതോടെ മുതിര്‍ന്ന നേതാവ് പി. ചിദംബരം അവര്‍ എന്‍പിആര്‍ ആണ് നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് വിശദീകരണം നല്‍കുകയായിരുന്നു. താമസം ഉള്‍പ്പടെയുള്ള വിവരങ്ങളാണ് എന്‍പിആറിന് വേണ്ടി ശേഖരിക്കുന്നതെന്നും, അല്ലാതെ പൗരത്വമല്ലെന്നുമാണ് ചിദംബരം ഇതിന് മറുപടി നല്‍കിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.