'പ്രവര്‍ത്തകര്‍ അസമയത്ത് കുടുംബാംഗങ്ങളെ വിളിച്ചു; പ്രചരണത്തില്‍ പ്രാദേശിക നേതൃത്വം സഹകരിച്ചില്ല; നാലുലക്ഷം വോട്ടിന് തോറ്റത് നാണക്കേട് ഉണ്ടാക്കി'; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി ഊര്‍മ്മിള മതോണ്ട്ക്കര്‍

Thursday 11 July 2019 6:50 pm IST

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുംബൈ യൂണിറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ തടസ്സങ്ങളുണ്ടാക്കിയെന്നും പ്രചരണം തെറ്റായി കൈകാര്യം ചെയ്തെന്നും മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ബോളിവുഡ് താരവുമായ ഊര്‍മ്മിള മതോണ്ട്ക്കര്‍. ഇത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് ഊര്‍മ്മിള മതോണ്ട്ക്കര്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം ഉള്ളത്.

തെരഞ്ഞെടുപ്പില്‍ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടുമാണ് താന്‍ പോരാടിയത്. എന്നാല്‍ പ്രാദേശിക നേതൃത്വമാണ് പ്രചരണത്തിനിടെ തടസ്സങ്ങളും പ്രതിബന്ധങ്ങളും സൃഷ്ടിച്ചതെന്നും ഊര്‍മ്മിള കത്തില്‍ പറയുന്നു. പ്രാദേശിക നേതൃത്വം അടിത്തട്ടില്‍ തന്നെ തീര്‍ത്തും പരാജയമാണെന്നും. പല നേതാക്കള്‍ക്കും രാഷ്ട്രീയ പക്വതയും അച്ചടക്കവും ഇല്ലെന്നും ഇത് മറ്റുപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിവാദങ്ങളും ശത്രുതയും സൃഷ്ടിച്ചെന്നും താരത്തിന്റെ കത്തിലുണ്ട്.നാലുലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോറ്റത് നാണക്കേട് ഉണ്ടാക്കിയെന്നും ഇവര്‍ പറയുന്നു.

പ്രചരണ വേളയില്‍ മുംബൈ കോണ്‍ഗ്രസിന്റെ പ്രധാന ഭാരവാഹികളില്‍ നിന്നും വേണ്ടത്ര സഹായം ലഭിച്ചില്ലെന്നും പ്രചരണത്തിനായി ഫണ്ട് സ്വരൂപിക്കാന്‍ ചില പ്രവര്‍ത്തകര്‍ അസമയത്ത് കുടുംബാംഗങ്ങളെ വിളിച്ചിരുന്നതായും ഊര്‍മിള ആരോപിക്കുന്നു. മുതിര്‍ന്ന നേതാക്കള്‍ വരെ പ്രചരണ റാലി സംഘടിപ്പിച്ചത് വളരെ അശ്രദ്ധമായാണെന്നും തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം വരുന്ന ദിവസം കോണ്‍ഗ്രസ് ബൂത്ത് മാനേജ്‌മെന്റ് മോശമായിരുന്നുവെന്നും ഊര്‍മിള കത്തില്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗോപാല്‍ ഷെട്ടിയോട് 4,65,000 വോട്ടുകള്‍ക്കാണ് ഊര്‍മിള പരാജയപ്പെട്ടത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.