ഇന്ത്യ നിലപാട് കടുപ്പിച്ചപ്പോള്‍ പ്രസ്താവന തിരുത്തി അമേരിക്ക; കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റേത് സഹായ വാഗ്ദാനം മാത്രം; മാപ്പ് ചോദിച്ച് ഡെമോക്രാറ്റിക് ജനപ്രതിനിധി

Tuesday 23 July 2019 9:29 pm IST

ന്യൂദല്‍ഹി : ജമ്മു കശ്മീര്‍ വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ഇന്ത്യയും പാക്കിസ്ഥാനും തയ്യാറായാല്‍ സഹായങ്ങള്‍ നല്‍കാന്‍ ഒരുക്കമാണെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ തിരുത്തി യുഎസ്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അമേരിക്കയോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതായി ട്രംപ് പരാമര്‍ശം നടത്തിയിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ആയിരുന്നു ഈ പ്രസ്താവന. ഇന്ത്യ ഇത് തള്ളുകയും വിവാദമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഭരണകൂടം തിരുത്തലുമായി എത്തിയത്. 

കശ്മീര്‍ ഉഭയകക്ഷി വിഷയമാണ്. ഇന്ത്യയും പാക്കിസ്ഥാനുമാണ് അതു ചര്‍ച്ച ചെയ്ത് തീരുമാനത്തില്‍ എത്തേണ്ടത്. രണ്ടുരാജ്യങ്ങളും ഒരുമിച്ചിരിക്കാന്‍ തയ്യാറായാല്‍ സഹായങ്ങള്‍ നല്‍കാന്‍ യുഎസ് ഒരുക്കമാണ്. രാജ്യത്തിനകത്തെ ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ എന്തു നടപടിയെടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു വിജയകരമായ സംവാദം തുടങ്ങുക. മേഖലയിലെ സംഘര്‍ഷം കുറയ്ക്കാനും സംവാദ സാഹചര്യം സൃഷ്ടിക്കാനും എല്ലാ സഹായങ്ങളും നല്‍കാന്‍ യുഎസ് തയാറാണ്' സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അറിയിച്ചു. 

അതേസമയം ട്രംപിന്റെ ഈ വിവാദ പ്രസ്താവനയെ അപലപിച്ച് യുഎസ് ഡെമോക്രാറ്റിക് ജനപ്രതിനിധിയും രംഗത്തെത്തി. 'അപക്വവും അമ്പരിപ്പിക്കുന്നതുമായ തെറ്റാണു ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ത്യന്‍ അംബാസിഡര്‍ ഹര്‍ഷ് ഷ്രിഗ്ലയോട് ഇതില്‍ മാപ്പു ചോദിക്കുകയാണെന്നും ഡെമോക്രാറ്റ് ജനപ്രതിനിധി ബ്രാഡ് ഷെര്‍മാന്‍ പറഞ്ഞു. 

അതിനിടെ വിഷയത്തില്‍ പ്രധാനമന്ത്രിയെ പിന്തുണച്ച് മുതിര്‍ന്ന നേതാവും എംപിയുമായ ശശി തരൂര്‍ രംഗത്തെത്തി. 'എന്താണു പറഞ്ഞതെന്നു ട്രംപിന് മനസ്സിലായിട്ടുണ്ടാകില്ല. അദ്ദേഹത്തോട് ആരും ഇതേപ്പറ്റി പറയാതിരുന്നതാകാം. ഇതുപോലൊരു ആവശ്യം മോദി ഉന്നയിക്കുമെന്നത് അസാധ്യമായ കാര്യമാണ്. കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ടെന്നത് ഇന്ത്യയുടെ പ്രഖ്യാപിത നിലപാടാണെന്നും തരൂര്‍ അറിയിച്ചു.

വിഷയത്തില്‍ ഇന്ത്യ മധ്യസ്ഥതയ്ക്ക് യുഎസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചെങ്കിലും പ്രധാനമന്ത്രി തന്ന ഇക്കാര്യം അറിയിക്കണമെന്ന് കോണ്‍ഗ്രസ് അനാവശ്യ വാദം ഉന്നയിക്കുന്നതിനിടയിലാണ് തരൂര്‍ മോദിയെ പിന്തുണച്ച് രംഗതെത്തിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.