'ഭക്തരെന്ന വ്യാജേന ശബരിമലകയറാനെത്തുന്ന യുവതികള്‍ അര്‍ബന്‍ നക്സലുകളും നിരീശ്വരവാദികളും'; മലകയറിയെന്ന് തെളിയിക്കാന്‍മാത്രമാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

Monday 18 November 2019 11:29 am IST

ന്യൂദല്‍ഹി: ഭക്തരെ വെല്ലുവിളിച്ച്  ശബരിമലകയറാനെത്തുന്ന യുവതികള്‍  അര്‍ബന്‍ നക്സലും നിരീശ്വരവാദികളുമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍.  മലകയറിയെന്ന് തെളിയിക്കാന്‍മാത്രമാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ഇവര്‍ യഥാര്‍ത്ഥ ഭക്തരാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും അദേഹം പറഞ്ഞു. വിജയവാഡയില്‍നിന്ന് എത്തിയ പത്തോളം യുവതികളെ പമ്പയില്‍വെച്ച് പോലീസ് തിരിച്ചയച്ചിരുന്നു. ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍ ഇവരില്‍ പലര്‍ക്കും 50 വയസില്‍ താഴെയാണെന്ന് മനസിലായതോടെയാണ് പോലീസ് ഇവരെ മടക്കിയയച്ചത്.

ശബരിമലയുടെ പാരമ്പര്യങ്ങള്‍ നിലനിര്‍ത്താന്‍ കേരളത്തിലെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. മൊത്തത്തിലുള്ള മാനസികാവസ്ഥ ശബരിമലയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നാണ്. കേരള സര്‍ക്കാര്‍ അത് കണക്കിലെടുത്ത് നടപടികള്‍ കൈകൊള്ളണമെന്നും അദേഹം പറഞ്ഞു. 

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നവോത്ഥാന പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണെന്ന് അദേഹം പറഞ്ഞു.  ശബരിമല യുവതി പ്രവേശന വിധി വന്നശേഷം തട്ടിക്കൂട്ടിയ നവോത്ഥാന സമിതി രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന് അതിലെ നേതാക്കള്‍ തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ചതിലൂടെ വ്യക്തമായെന്ന് അദേഹം പറഞ്ഞു.  നവോത്ഥാനവും സ്ത്രീ സമത്വവും സര്‍ക്കാരിന്റെ ലക്ഷ്യമായിരുന്നില്ല. നവോത്ഥാനം എന്ന വാക്കിന്റെ അര്‍ത്ഥം മനസിലാക്കാതെ, കേവലം രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സാമുദായിക സംഘടനകളെ ആ ചരടില്‍ ബന്ധിപ്പിച്ച് ചതിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍, നവോത്ഥാന സമിതിയെന്ന നിലയില്‍ ഈ സംഘടനകള്‍ പ്രതീക്ഷിച്ച നിലപാടുകള്‍ സര്‍ക്കാരിന്റെ വിദൂര താല്‍പര്യം പോലുമായിരുന്നില്ലന്നും അദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.