വാരിക്കോരി വായ്പ; പലിശയെപ്പറ്റി മിണ്ടരുത്

Saturday 21 September 2019 2:20 am IST

കേരള സ്റ്റേറ്റ് റബ്ബര്‍ കോ-ഓപറേറ്റീവ് ലിമിറ്റഡ് (റബ്‌കോ) എന്ന പേരില്‍ 1997ല്‍ ആണ് കണ്ണൂര്‍ കേന്ദ്രമാക്കി സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സ്ഥാപനം ആരംഭിച്ചത്. റബ്ബര്‍ കര്‍ഷകരില്‍നിന്ന് റബ്ബര്‍ ഷീറ്റുകള്‍, ലാറ്റെക്‌സ്, റബ്ബര്‍ തടികള്‍ എന്നിവ സംഭരിച്ച് റബ്ബര്‍, റബ്ബര്‍ത്തടി അധിഷ്ഠിത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണം നടത്തുക എന്നതാണ് റബ്‌കോയുടെ ലക്ഷ്യം. കഴിഞ്ഞ പത്തിരുപത് വര്‍ഷത്തിനുള്ളില്‍ റബ്ബര്‍ ഫര്‍ണിച്ചര്‍, ചെരുപ്പ്, പാനല്‍ബോര്‍ഡ്, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, സൈക്കിള്‍ ടയര്‍ തുടങ്ങിയവ ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ പലഭാഗത്തായി തുടങ്ങി. റബ്‌കോ ഹുവാട് വുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, റബ്‌കോ സെയില്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളും റബ്‌കോ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്രോജക്ട്, റബ്‌കോ ഫാമേഴ്‌സ് അലയന്‍സ് സ്ട്രാറ്റജി തുടങ്ങിയ പദ്ധതികളും സഹകരണസംഘത്തെ മുന്‍നിര്‍ത്തി ആരംഭിച്ചു. വിവിധ യൂണിറ്റുകളിലേക്കുള്ള ജോലിക്കാരുടെ നിയമനം ഒരുതരത്തില്‍ പാര്‍ട്ടി റിക്രൂട്ട്‌മെന്റ് തന്നെയായിരുന്നു.

1997ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് റബ്‌കോ രൂപംകൊണ്ടത്. 97 മുതല്‍ ഇന്നുവരെയുള്ള മൂന്ന് ഇടതുസര്‍ക്കാരുകള്‍ സംസ്ഥാനം ഭരിച്ചു.  എല്‍ഡിഎഫ് ഭരണകാലത്തെല്ലാം റബ്‌കോ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില്‍നിന്നും സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും ദേശീയ സഹകരണ വികസന കോര്‍പറേഷനില്‍നിന്നും കയ്യയച്ച് വായ്പകള്‍ നേടി. 

2008ല്‍ എന്‍സിഡിസി 47.36 കോടി രൂപ 10 ശതമാനം പലിശയ്ക്ക് കടംവാങ്ങി. ഈ തുക എട്ട് വര്‍ഷംകൊണ്ട് തിരിച്ചടക്കാമെന്ന വ്യവസ്ഥയിലാണ് വായ്പ അനുവദിച്ചത്. ഒരു രൂപപോലും തിരിച്ചടച്ചില്ല. 2010ല്‍ വിവിധ ബാങ്കുകളില്‍നിന്ന് 12 ശതമാനം പലിശയ്ക്കാണ് 116.57 കോടി രൂപ വായ്പയെടുത്തത്. ഇതും ഇതുവരെ തിരിച്ചടച്ചില്ല. കേരള സംസ്ഥാന സഹകരണ ബാങ്കില്‍നിന്ന് 2008ല്‍ 175.7 കോടിയും 2009ല്‍ 25 കോടിയും കടമെടുത്തു. 10.5 ശതമാനം പലിശയാണ് വ്യവസ്ഥ ചെയ്തത്. ഇങ്ങനെ മൊത്തം 364.63 കോടി രൂപ ഉപാധികളൊന്നുമില്ലാതെ വായ്പയെടുക്കുകയും പലിശപോലും തിരിച്ചടക്കാതിരുന്ന സ്ഥാപനത്തിന്റെ ബാധ്യതകളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്.

തലശ്ശേരി ചെറുകിട വ്യവസായ പാര്‍ക്കില്‍ റബ്കോയ്ക്ക് കിന്‍ഫ്രയുടെ 23.435 ഏക്കര്‍ ഭൂമി അനുവദിച്ചതും വ്യവസ്ഥകള്‍ പാലിക്കാതെയാണ്. ഈ ഭൂമിയില്‍ ഉള്‍പ്പെട്ട 3.605 ഏക്കര്‍ അധികഭൂമി പാട്ടത്തവണയുടെ ആദ്യതവണ അടക്കാതെയും ലൈസന്‍സ് എഗ്രിമെന്റില്‍ ഏര്‍പ്പെടുത്താതെയുമാണ് റബ്കോ ഗ്രൂപ്പ് കൈവശപ്പെടുത്തിയത്. പാട്ടത്തുക 44.96 ലക്ഷം രൂപ ഇതുവരെ അടച്ചില്ലെങ്കിലും റഗുലേഷന്‍ അനുസരിച്ചുള്ള ഭൂമി തിരിച്ചെടുക്കുന്നതിനുള്ള നടപടികളെടുക്കാന്‍ കിന്‍ഫ്ര തയ്യാറായില്ല. 96.01 ലക്ഷം രൂപ അധിക പാട്ടത്തുക കിന്‍ഫ്ര ആവശ്യപ്പെട്ടതും റബ്കോ നല്‍കിയിട്ടില്ല. 2012 ഡിസംബര്‍ വരെയുള്ള കാലയളവിലെ കോമണ്‍ ഫെസിലിറ്റി ചാര്‍ജ്, വാട്ടര്‍ ചാര്‍ജ്, വാര്‍ഷിക ലൈസന്‍സ് ഫീ എന്നീ ഇനങ്ങളില്‍ അടക്കേണ്ട 52.80 ലക്ഷം രൂപയും റബ്കോ അടച്ചിട്ടില്ല. നിയമപ്രകാരമുള്ള ഒരുനടപടികളും പാലിക്കാതെ കിന്‍ഫ്രയുടെ സ്ഥലം പാട്ടത്തിനെടുത്ത് അത് ഉപയോഗപ്പെടുത്താന്‍ ഭരണകൂടത്തെ ദുരുപയോഗം ചെയ്യുകയാണ് സിപിഎം നേതൃത്വത്തിലുള്ള റബ്കോ ഭരണസമിതി ചെയ്തത്.

തുടക്കം മുതല്‍ കോടികളുടെ നഷ്ടവുമായി ഇരുപത് വര്‍ഷത്തിലേറെക്കാലം മുന്നോട്ടുപോയ ഒരു സ്ഥാപനത്തെ അതിന്റെ സ്വാഭാവിക മരണത്തിന് അനുവദിക്കുന്നതിന് പകരം അതിനെ സംരക്ഷിക്കാന്‍ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്ന് വീണ്ടും കൈയിട്ടുവാരുകയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ ചെയ്തത്. ആസ്തിപോലും കണക്കിലെടുക്കാതെയാണ് സംസ്ഥാന സഹകരണ ബാങ്കില്‍നിന്നും മറ്റ് സഹകരണ ബാങ്കുകളില്‍നിന്നും ഉപാധികളില്ലാത്ത വായ്പ സിപിഎം നേതാക്കള്‍ നേടിക്കൊടുത്തത്. മറ്റ് സഹകരണ സ്ഥാപനങ്ങളെയും അപകടക്കെണിയിലാക്കിക്കൊണ്ടാണ് റബ്കോ നിലനില്‍ക്കുന്നത്. പാലായിലെ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി പൂട്ടിപ്പോയത് റബ്കോ മൂന്നരക്കോടിയിലേറെ രൂപ കുടിശ്ശിക ഉണ്ടാക്കിയതുകൊണ്ടാണ്.

സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ ഡിപാര്‍ട്ടുമെന്റുകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ആവശ്യമായ ഫര്‍ണിച്ചറുകള്‍ റബ്കോയില്‍നിന്ന് വാങ്ങണമെന്ന ഉത്തരവ് പലവട്ടം സ്റ്റോര്‍സ് ആന്റ് പര്‍ച്ചേസ് ഡിപാര്‍ട്ട്മെ ന്റ് പുറപ്പെടുവിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിച്ച സമയത്തായിരുന്നു ഈ ഉത്തരവുകളെല്ലാം ഇറങ്ങിയത്. ഏറ്റവുമൊടുവില്‍ 2018 ആഗസ്റ്റ് 6ന് ആണ് ഉത്തരവിറക്കിയത്. ടെന്‍ഡര്‍ വിളിക്കാതെതന്നെ ഓര്‍ഡറിനൊപ്പം നല്‍കിയ വിലവിവരപ്പട്ടിക പ്രകാരം ഫര്‍ണിച്ചറുകള്‍ വാങ്ങണമെന്നാണ് ഉത്തരവില്‍ പറയുന്നത്. റബ്കോ ഫര്‍ണിച്ചറുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടും റബ്കോ നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്കുതന്നെ പോയിക്കൊണ്ടിരുന്നു. റബ്കോ ഉത്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ചും റബ്ബര്‍വുഡ് ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ നല്ല ഡിമാന്‍ഡ് ഉണ്ടായിട്ടും ശതകോടിയുടെ നഷ്ടം ഈ സ്ഥാപനത്തിന് എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് വായ്പകള്‍ വാങ്ങിനല്‍കുന്നതിന് ചുക്കാന്‍ പിടിച്ച സര്‍ക്കാര്‍ അന്വേഷണം നടത്താതിരിക്കുന്നതില്‍ ദുരൂഹതയുണ്ട്. സഹകരണപ്രസ്ഥാനത്തെ മറയാക്കി പാര്‍ട്ടി നേതാക്കള്‍ക്ക് ധൂര്‍ത്തടിക്കാനും പൊതുഖജനാവിലെ പണം കൈയിട്ടുവാരാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് റബ്കോ ഉള്‍പ്പെടെയുള്ള ചില സഹകരണ സ്ഥാപനങ്ങളെ സിപിഎം നിലനിര്‍ത്തുന്നത്.

(നാളെ: 'സര്‍ക്കാര്‍ പണം പാര്‍ട്ടിയിലേക്ക്')

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.