വടുതലയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവം; ദൃശ്യങ്ങള്‍ കണ്ടെടുത്ത് പോലീസ്; അഞ്ച് വീഡിയോകളും പകര്‍ത്തിയത് വര്‍ഷ

Friday 8 November 2019 5:27 pm IST

കൊച്ചി: വടുതലയില്‍ പന്ത്രണ്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദ്യശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അഞ്ചു വീഡിയോകള്‍ പോലീസ് കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയായ ലിതിന്റെയും രണ്ടാം പ്രതിയായ വര്‍ഷയുടെയും മൊബൈലില്‍ നിന്നാണ് ദൃശ്യങ്ങള്‍ കണ്ടെടുത്തത്.

സാങ്കേതിക വിദഗ്ധന്റെ സഹായത്തോടെയാണ് ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും വീണ്ടെടുത്തത്. വര്‍ഷയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു. നവംബർ ആറിനാണ് പെണ്‍കുട്ടിയുടെ അച്ഛനമ്മമാരുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തത്. ഇതേ തുടര്‍ന്നാണ് പോലീസ് വര്‍ഷ, ബിബിന്‍ ദബതികളെയും ഇവരുടെ സഹായിയെയും അറസ്റ്റു ചെയ്തത്.

ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വീടിന്റെ മുകളിലത്തെ നിലയിലാണ് പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. ഇവരുടെ ഉടമസ്ഥതയിലുള്ള കടയില്‍ സഹായി ആയി നിന്നിരുന്ന വടുതല സ്വദേശിയായ ലിതിന്‍ പെണ്‍കുട്ടിയെ കഴിഞ്ഞ ജൂണില്‍ വീടിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. സംഭവമറിഞ്ഞ വര്‍ഷയും ബിബിനും ചേര്‍ന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി.

ഈ ദൃശ്യങ്ങള്‍ യൂടൂബില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലിതിന്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. ഇത് ദമ്പതിമാര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. ഭീഷണി തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ചൂഷണം നടത്തുന്നതിന് ഒത്താശ ചെയ്തുകൊടുത്തതിനാണ് ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.