വാജ്‌പേയിയെ അനുസ്മരിച്ച് രാജ്യം; നഷ്ടമായത് ആശയങ്ങളെ മുറുകെ പിടിച്ച് വിട്ടുവീഴ്ച്ചയില്ലാതെ നിലപാടുകള്‍ സ്വീകരിച്ചിരുന്ന നേതാവിനെ

Friday 16 August 2019 12:03 pm IST

ന്യൂദല്‍ഹി : മുന്‍ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളുമായ അടല്‍ ബിഹാരി വാജ്പേയി വിടവാങ്ങിയിട്ട് ഒരുവര്‍ഷം. രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളായ വാജ്‌പേയിക്ക് രാഷ്ട്രീയ സംസ്‌കാരിക നേതാക്കളെല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വാജ്‌പേയിയുടെ സ്മാരകമന്ദിരമായ സദൈവ് അടലിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ്  ജെ.പി. നദ്ദ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

അനുസ്മരണ ചടങ്ങില്‍ വാജ്പേയിയുടെ വളർത്തു മകള്‍ നമിത കൗള്‍ ഭട്ടാചാര്യ, ചെറുമകള്‍ നിഹാരിക എന്നിവരും പങ്കെടുത്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് എയിംസില്‍ ചികിത്സയിലിരിക്കേയാണ് വാജ്‌പേയ് മരിക്കുന്നത്. പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കി വാജ്‌പേയിയെ രാജ്യം ആദരിച്ചിട്ടുണ്ട്.

രാജ്യത്ത് കാലാവധി തികയ്ക്കുന്ന ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി എന്ന ബഹുമതിക്ക് അദ്ദേഹം അർഹനായി. പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ തന്നെ സര്‍വ്വ ശിക്ഷാ അഭിയാന്‍ പോലെ നിരവധി സുപ്രധാന പദ്ധതികള്‍ക്കും വാജ്‌പേയ് തുടക്കം കുറിച്ചിട്ടുണ്ട്. 

മൂന്നു തവണ പ്രധാനമന്ത്രി പദത്തിലെത്തിയ അദ്ദേഹം മികച്ച കവിയും മികച്ച വാഗ്മിയുമാണ്. ജനതാ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രിയായിരുന്നു വാജ്‌പേയ്. ആര്‍എസ്എസ് പ്രചാരകനായിരുന്ന അദ്ദേഹം  സൗമ്യ മുഖത്തോടുകൂടി  ആശയങ്ങളെ മുറുകെ പിടിക്കുകയും നിലപാടുകളെ വിട്ടുവീഴ്ചയില്ലാതെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.