വാളയാര്‍ ബാലന്‍

Sunday 3 November 2019 3:27 am IST

തിനഞ്ച് മിനിറ്റുകൊണ്ട് ബാഗ്ദാദിയുടെ ഡിഎന്‍എ സ്ഥിരീകരിച്ചു എന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇനിയും ഡിഎന്‍എ സ്ഥിരീകരിക്കാനാകാത്ത വിധം പരുങ്ങലിലായ ബിനോയ് കോടിയേരിയുടെ പിതാവ് അമേരിക്കയ്ക്ക് പറന്നു. അമേരിക്കയില്‍ ചികിത്സിച്ചാല്‍ മാത്രം മാറുന്ന അസുഖമാണ് സഖാവിനെന്നാണ് പാര്‍ട്ടിക്കാര്‍ പറയുന്നത്. 

പറന്ന കാലത്തിന് വാളയാര്‍ ചുരം കടന്നുവരുന്ന കാറ്റിന്റെ മണമുണ്ട്. അത് കേരളമാകെ ചുഴലിയായി വീശുന്നുണ്ട്. രണ്ട് പെണ്‍കിടാങ്ങളെ കൊന്ന് കെട്ടിത്തൂക്കിയ നരാധമന്മാര്‍ക്കായി ചെങ്കൊടിക്കാവല്‍ തീര്‍ത്ത സിപിഎം ബാലന്മാര്‍ പൊതുവിചാരണ നേരിടുന്ന കാലത്താണ് ബാലേഷ്ണന്‍ സഖാവ് അമേരിക്കയ്ക്ക് പറന്നത്. കൊന്നുകെട്ടിത്തൂക്കിയതിന് വാക്കുകൊണ്ടും വാറോലകൊണ്ടും കുടപിടിച്ച സഖാക്കന്മാരിപ്പോള്‍ മരിച്ചു

പോയ പെണ്‍കിടാങ്ങളുടെ അമ്മയെ സ്മാര്‍ത്തവിചാരം ചെയ്ത് ആനന്ദമൂര്‍ച്ഛ തേടാനുള്ള പുറപ്പാടിലാണ്. അരിവാള്‍ചുറ്റിക പാര്‍ട്ടിക്കാരാണ് സകലതിനും കാരണം എന്ന് ആദ്യം പറഞ്ഞ അമ്മയിപ്പോള്‍ 'വിശുദ്ധ' വിജയനില്‍ വിശ്വാസം അര്‍പ്പിച്ച് നവോത്ഥാന ഒറ്റുകാരന്റെ പാളയത്തിലേക്ക് ചേക്കേറിയിരിക്കുന്നു. അമ്മയ്ക്ക് വേണ്ടാത്ത നീതി മക്കള്‍ക്ക് എന്തിനെന്നാണ് വിജയനും ബാലനും ബാലേഷ്ണന്റെ വാറോല എഴുത്തുകാരും ഒരേസ്വരത്തില്‍ ആരായുന്നത്.

ബാലേഷ്ണന്റെ മുഖ്യമന്ത്രിയും ആര്‍ത്തവവിപ്ലവത്തിന്റെ പ്രണേതാവുമായ പിണറായി വിജയനും വിജയന്റെ പോലീസും ഉഭയസമ്മതമെന്ന വാക്കില്‍ രതിനിര്‍വേദം കൊണ്ട് മിണ്ടാണ്ടിരിപ്പാണ്. തോറ്റ എംപി എം.ബി. രാജേഷിനെ കാണാനില്ലെന്ന വേദനയില്‍ പോത്തുത്സവക്കമ്മറ്റികള്‍ നിര്‍ജീവമാണ്. വടക്കുനോക്കിയന്ത്രങ്ങളായി പണ്ടേ പ്രഖ്യാപിക്കപ്പെട്ട പ്രതികരണസംഘങ്ങളില്‍പ്പെട്ടവര്‍ പലരും കാല്‍മുട്ടിനിടയില്‍ തല കുരുക്കിവെച്ച് ഈ തണുത്ത മഴക്കാലത്ത് സുഖനിദ്രയിലാണ്. ബാലേഷ്ണനും പിണറായിയും പാര്‍ട്ടിയുടെ കൂലിയെഴുത്തുകാരും വാളയാറിന് മേല്‍ മൗനം വിന്യസിച്ച് മിണ്ടാതിരിപ്പാണ്. ഇപ്പോള്‍ കുറ്റമത്രയും ബാലന്‍ മന്ത്രിക്കാണത്രെ. 

പാവപ്പെട്ട രണ്ട് ദളിത് പെണ്‍കുട്ടികളുടെ അതിക്രൂരമായ കൊലപാതകത്തില്‍ പ്രതികള്‍ പുഷ്പം പോലെ പുറത്തുവരുന്നതിന് കാരണക്കാരില്‍ പ്രധാനിയായി പോലീസ് മന്ത്രിയായ പിണറായി വിജയനെക്കാള്‍ പാര്‍ട്ടിക്കാരും പത്രക്കാരും ബാലനെ ചൂണ്ടുന്നതിന് കാരണമെന്തായിരിക്കും. ഇത് മന്ത്രി ബാലന്‍തന്നെ ഗൗരവത്തോടെ ആലോചിക്കേണ്ടതാണ്. ബാലന്‍ ഒരു കാലനാണെന്നാണ് കൊടിക്കുന്നില്‍ സുരേഷിനെപ്പോലുള്ളവര്‍ പറയുന്നത്. ബാലന്‍ കാലനാണോ ഇരയാണോ എന്നത് കാലം തെളിയിക്കേണ്ടതാണ്. 

വാളയാറിലെ പ്രതികള്‍ക്കൊപ്പം മാത്രമല്ല പാര്‍ട്ടിയിലെ സകലമാന കോഴികള്‍ക്കുമൊപ്പം ചിക്കിയും ചികഞ്ഞും നടക്കുകയെന്ന അത്യുദാത്തമായ പദവിയാണ് ബാലേഷ്ണനും വിജയനും ചേര്‍ന്ന് ബാലന്‍ മന്ത്രിക്ക് കാലാകാലങ്ങളില്‍ നല്‍കിയിട്ടുള്ളത്. സഖാക്കന്മാര്‍ പ്രതികളായ ഒട്ടുമിക്ക കോഴിക്കേസുകളിലും അന്വേഷണകമ്മീഷനായിട്ട് വേഷം കെട്ടിയിറങ്ങുന്നത് ബാലനാണ്. പി. ശശി, പി.കെ. ശശി, ഇ.കെ. ശശീന്ദ്രന്‍ തുടങ്ങിയ ശശിമാരും അവരുടെയൊക്കെ ഫാന്‍സ് അസോസിയേഷനുകളും ധാരാളമുള്ള പാര്‍ട്ടിയും മുന്നണിയുമായതിനാല്‍ കമ്മീഷന്‍ എന്നൊക്കെ പറഞ്ഞാല്‍ ഒരു കമ്മീഷണര്‍ ലുക്കാണ്. ഒളിക്യാമറ, പോഷകസംഘടനാനേതാക്കളുടെ പ്രത്യേകിച്ചും ഡിവൈഎഫ്‌ഐ നേതാക്കളുടെ മാഗസിന്‍പിടുത്തം തുടങ്ങിയവയൊക്കെ അന്വേഷിച്ച് ഒരു വഴിക്കാക്കാന്‍ പണ്ടേ ബാലന്‍മന്ത്രി മിടുക്കനാണെന്ന് തെളിയിച്ചിട്ടുണ്ട്. ഒരു 'വിഐപി' ലുക്കിന് തോറ്റ എംപി പി.കെ. ശ്രീമതിയും കൂടിയാകുമ്പോള്‍ സംഗതി പൊളിക്കും. അമ്മാതിരി തെളിവെടുപ്പുകളുടെയും അന്വേഷണത്തിന്റെയും ഒടുവിലാണ് ബാലന്‍ മന്ത്രിക്ക് പാര്‍ട്ടിയിലെ പീഡകരുടെ പറുദീസാകാവല്‍ക്കാരനെന്ന ഇമേജ് പകര്‍ന്നുകിട്ടിയത്.

സംഗതി പട്ടികജാതിക്ഷേമമൊക്കെയാണേലും മന്ത്രിക്കുപ്പായത്തിലൊക്കെ ആയേപ്പിനെ ബാലന് കൂട്ടത്തിലുള്ളോരോട് പരമപുച്ഛമാണെന്ന് പണ്ടേ നാട്ടില്‍ പാട്ടാണ്. ആദിവാസി അമ്മമാരുടെ ദൈന്യതയ്ക്ക് മേലേ പോലും ബാലന്റെ അശ്ലീല പ്രയോഗം ഉണ്ടായിട്ടുണ്ട്. അതൊരു മാര്‍ക്‌സിസ്റ്റ് ശീലമാണ്. തെറിപറയുന്നതും അശ്ലീലം കാട്ടുന്നതുമാണ് അടിസ്ഥാനജനതയുടെ സ്വഭാവമെന്ന് സിദ്ധാന്തിക്കുന്ന വര്‍ഗസമരക്കാരന്റെ വിജൃംഭണ പ്രത്യയശാസ്ത്രത്തെ വാളയാറിലേക്ക് കൂട്ടിക്കെട്ടിയാല്‍ തീരുന്നതേയുള്ളൂ നാട്ടുകാര്‍ക്ക് 'ഈ പാര്‍ട്ടിയെന്താ ഇങ്ങനെ' എന്ന സംശയം.

പട്ടികജാതിക്ഷേമവും നിയമവും സാംസ്‌കാരികവുമൊക്കെക്കൂടി ഒറ്റയ്ക്ക് ചുമക്കുന്നതിനിടയിലാണ് പാര്‍ട്ടിയിലെ വേണ്ടപ്പെട്ട സഖാക്കള്‍ക്കായി ചെറിയ സഹായങ്ങള്‍ വാളയാറിലേതുപോലെ ചെയ്തുകൊടുക്കേണ്ടിവരുന്നത്. അതിന് ബാലനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നതിന്റെ സാംഗത്യമാണ് മനസ്സിലാകാത്തത്. ബാലന്‍ പ്രതിയാണെങ്കില്‍ ബാലേഷ്ണനും പ്രതിയാണ്. ഉഭയസമ്മതപീഡന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളായ പോലീസും പോലീസിന്റെ ഏമാനായ 

പിണറായിയും പ്രതികളാണ്. വാളയാറിലെ വലിയ മധുവും ചെറിയ മധുവും പാര്‍ട്ടിക്കുഞ്ഞുങ്ങളല്ലെന്ന് പച്ചക്കള്ളം വിളിച്ചുകൂവി ഇരുട്ടിലൊളിച്ച തോറ്റ എംപി എം.ബി. രാജേഷും പ്രതിയാണ്. അങ്ങനെ നോക്കിയാല്‍ ഈ പാര്‍ട്ടിയും സര്‍ക്കാരും മൊത്തത്തില്‍ പ്രതിസ്ഥാനത്താണ്. അപ്പോള്‍പ്പിന്നെ തന്നെമാത്രം പ്രതിയാക്കി ഡിഎന്‍എ തപ്പാന്‍ അമേരിക്കയ്ക്ക് പറന്ന ബാലേഷ്ണനെ ബാലന്‍ മന്ത്രി വിളിച്ച് നാട്ടില്‍ വരുത്തണം. പാര്‍ട്ടിക്ക് എന്ത് പറയാനുണ്ടെന്ന് നാട്ടുകാരോട് ബോധിപ്പിക്കാന്‍ പറയണം. അല്ലാതെ കൊന്നുകളഞ്ഞ കുഞ്ഞുങ്ങളുടെ അമ്മയുടെ ചരിത്രവും പൊക്കിപ്പിടിച്ച്, ഒരുമാതിരി ലയമില്ലാത്തരം കാണിക്കുന്നത് തികഞ്ഞ അശ്ലീലവും അസഭ്യവുമാണെന്ന് പറഞ്ഞുകൊടുക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.