'ഉളുപ്പുണ്ടോ മുഖ്യമന്ത്രി, പണി അറിയില്ലേല്‍ പങ്കായവുമായി തുഴയാന്‍ പൊയ്ക്കൂടെയെന്ന് സോഷ്യല്‍ മീഡിയ'; വാളയാര്‍ സഹോദരിമാരുടെ മരണത്തില്‍ പിണറായിയുടെ പഴയ നിലപാടില്‍ കുത്തി പ്രതിഷേധം

Sunday 27 October 2019 5:20 pm IST

തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുമ്പോള്‍ മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റും ചര്‍ച്ചാവിഷയം. വാളയാര്‍ പീഡനക്കേസിനെക്കുറിച്ച് മുഖ്യമന്ത്രിയായ ശേഷം പിണറായി പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ഓടുന്നത്.

''കൊച്ചു പെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ അത്യധികം ഗൗരവത്തോടെയാണ് കാണുന്നത്. പോലീസ് അതിശക്തമായ നടപടി എടുക്കും. കുറ്റവാളികള്‍ ആരായാലും നിയമത്തിനു മുന്നിലെത്തിച്ചു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും.

ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ വിരുദ്ധരായേ കാണാന്‍ കഴിയൂ. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക ഉദ്ദേശ്യത്തോടെ നീളുന്ന ഏതു കയ്യും കുറ്റവാളിയുടേതാണ്. അതിനു ന്യായീകരണം ചമയ്ക്കുന്നവരും കുറ്റമാണ് ചെയ്യുന്നത്. അവര്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല.

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും.ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിക്കും. ഇതിനായി പത്തു വര്‍ഷത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വാളയാര്‍ സഹോദരിമാരുടെ മരണത്തിന് ഉത്തരവാദികള്‍ ആരായാലും രക്ഷപ്പെടില്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കര്‍ശന ശിക്ഷ തന്നെ വാങ്ങികൊടുക്കും.''

ഇതായിരുന്നു 2017 മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ ഇട്ടകുറിപ്പ്. ആഭ്യന്തരം കൈയ്യിലിരുന്നിട്ടും പിണറായിക്ക് കേസില്‍ ഒന്നും ചെയ്യാനായില്ലന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തില്‍ സര്‍ക്കാരും പോലീസും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയായിരുന്നു.  ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പെണ്‍കുട്ടിയുടെ ഘാതകരെ വെറുതെ വിടാന്‍ കൂട്ടുനിന്ന ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടോയെന്നും... പണി അറിയില്ലേല്‍ പങ്കായം എടുത്ത് തുഴയാന്‍ പോകൂ എന്നും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. ഭൂരിപക്ഷം പേരും വളരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പിണറായിയെ വിമര്‍ശിച്ചിരിക്കുന്നത്. വാളയാര്‍ കേസില്‍ മൂന്ന് പ്രതികളേയും വെറുതെ വിട്ട കോടതി നടപടി വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടത്. നേരത്തെ മൂന്നാം പ്രതിയെ കോടതി വെറുതെ വിട്ടിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.