വാളയാര്‍: സെക്രട്ടേറിയറ്റിന് മുന്നില്‍ എസ്‌സി-എസ്ടി ആക്ഷന്‍ കൗണ്‍സില്‍ ഉപവാസം

Thursday 5 December 2019 1:04 am IST

 

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്‌സി-എസ്ടി ആക്ഷന്‍ കൗണ്‍സിലിന്റെ നേത്യത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസം സംഘടിപ്പിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. എം.ആര്‍. തമ്പാന്‍ ഉദ്ഘാടനം ചെയ്തു.

വാളയാര്‍ വിഷയത്തില്‍ ഇരയെ സംരക്ഷിക്കുന്നതിന് പകരം വേട്ടക്കാര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്ന് ഡോ. എം.ആര്‍. തമ്പാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഇപ്പോള്‍ ബന്ധമില്ലാത്ത അവസ്ഥയാണ്. അധികാരത്തില്‍ കയറ്റിയവരെ പോലും സര്‍ക്കാര്‍ മറന്നിരിക്കുകയാണ്. എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തെ ഭയക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാര്‍ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍  അധ്യക്ഷത വഹിച്ചു. വാളയാര്‍ കേസ് അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചനയാണ് നടന്നത്. കേസില്‍ അന്തിമവിജയം നേടുന്നതുവരെ സമരവും നിയമപോരാട്ടവും തുടരുമെന്നും എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു.

വാളയാര്‍ വിഷയത്തില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പോരാടണമെന്ന് ഉപവാസത്തെ അഭിവാദ്യം ചെയ്ത് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് സാമൂഹ്യനീതി പോലും ലഭിക്കുന്നില്ല. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.  വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് 16.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കേസ് മണ്ണാര്‍ക്കാട് എക്‌സ്‌ക്യൂട്ടീവ് സ്‌പെഷ്യല്‍ കോടതിയില്‍ വിചാരണ ചെയ്യുക, കേസ് അട്ടിമറിച്ച മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉപവാസ സമരം മുന്നോട്ടു വെച്ചു. 

ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ ഷാജിമോന്‍ വട്ടേക്കാട്, പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. സുധീര്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന അധ്യക്ഷന്‍ പി.എസ്. പ്രസാദ്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കളായ കരമന ജയചന്ദ്രന്‍, തഴവ സഹദേവന്‍, എ.വൈ. രാജീവ് തുടങ്ങിയര്‍ ഉപവാസത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.