വാളയാറില്‍ സര്‍ക്കാരിന് മാപ്പില്ല

Sunday 24 November 2019 2:53 am IST

കേരളമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പീഡനവും 2 പിഞ്ചുകുട്ടികളുടെ മരണവും ഏതൊരാളേയും ദു:ഖത്തിലാഴ്ത്തിയിരുന്നു. അതിനുപിന്നാലെ മരണത്തിനും, പീഡനത്തിനും കാരണക്കാരായവരെ കോടതി കുറ്റവിമുക്തരാക്കിയെന്ന വാര്‍ത്തകളും കേരളജനത ഹൃയവേദനയോടെയാണ് കേട്ടത്. തെളിവുകളുടെ അഭാവത്താലും, കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതിനാലുമാണ് വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ടത്. സാക്ഷരകേരളം ലജ്ജിച്ചു തലതാഴ്‌ത്തേണ്ട സംഭവമാണിത്. 

പ്രതികളെ നിയമത്തിന് മുന്‍പില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള തീവ്രശ്രമമാണ് പോലീസും അരിവാള്‍ പാര്‍ട്ടിയും ശിശുക്ഷേമസമിതി ചെയര്‍മാനായ വക്കീലും നടത്തിയതെന്നാണ് കോടതിവിധിയിലെ വരികളില്‍ നിന്നും മനസ്സിലാകുന്നത്. ഇതിനെതിരെ സാഹിത്യനായകര്‍, പൗരാവകാശപ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംഘടനകള്‍, സ്ത്രീവിമോചകര്‍, നവോത്ഥാനമൂല്യ സംരക്ഷണ നേതാക്കള്‍, കഥയെഴുത്തുകാര്‍, കവിതയെഴുത്തുകാര്‍, കാര്‍ട്ടൂണ്‍ ചിത്രം വരക്കാര്‍ ഇവരാരും ശബ്ദിക്കുന്നില്ല. വാളയാര്‍ അട്ടപ്പള്ളം ഒറ്റമുറിവീട്ടീലെ ദരിദ്രരും, നിര്‍ധനരുമായ പട്ടികജാതി സമൂഹത്തില്‍പ്പെട്ട ഷാജു-ഭാഗ്യവതി ദമ്പതികളുടെ 13, 9 വയസ്സുള്ള 2 പിഞ്ചുകുട്ടികള്‍ അവരുടെ രചനയ്ക്ക് കഥാപാത്രങ്ങളാകുന്നില്ല. ഇത് കേരളമാണ്, പ്രബുദ്ധ-സാംസ്‌കാരിക-സാക്ഷരകേരളം. ഇതില്‍കൂടുതല്‍ ഒന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് നാം പ്രതീക്ഷിക്കേണ്ടതില്ല. ഇവിടെ സമ്പന്നതയും, മതവും, വോട്ടുബാങ്കും കാര്യങ്ങള്‍ തീരുമാനിക്കും. അതിനനുസരിച്ച് വേഷം കെട്ടിയാടാനുള്ള പൊയ്ക്കാല്‍ കുതിരകളായി ജനാധിപത്യം അധ:പതിച്ചിരിക്കുന്നു. പിന്നാക്കത്തിലായവരെ മുന്നാക്കത്തിലാക്കാന്‍ ഇവിടെ വകുപ്പുണ്ട്, മന്ത്രിയുണ്ട്. സ്ത്രീക്ഷേമത്തിനും ശാക്തീകരണത്തിനും കമ്മീഷനും, ശിശുക്ഷേമത്തിന് വകുപ്പും സമിതിയുമുണ്ട്. ഇവരെല്ലാം സംസ്ഥാനത്ത് ഉറക്കത്തിലും പാതിമയക്കത്തിലുമാണ്. അവരെ വിളിച്ചുണര്‍ത്താന്‍ സാധ്യമല്ല. ഇവര്‍ എല്ലാമറിയുന്ന ഉറക്കത്തിലാണ്.

പൗരാവകാശ മനുഷ്യാവകാശമുന്നണികളും നേതാക്കളും മൗനത്തിന്റെ വത്മീകത്തില്‍ തപസ്സിലാണ്. തിരശ്ശീലയിലെ സ്ത്രീ ദൈവങ്ങള്‍ വാളയാര്‍ എന്ന വാക്കിനോട് പോലും അയിത്തം പ്രഖ്യാപിച്ചിരിക്കുന്നു. സഹനടിക്ക് പീഡനം ലോകകാര്യമാക്കുന്നവര്‍ക്ക് വാളയാര്‍ പീഡനം വിഷയമാകുന്നില്ല. ആത്മഹത്യ എന്നെഴുതിതള്ളിയ 2017 ജനുവരി 12ന് ഉണ്ടായ 13 കാരിയുടെ മരണവും, 52 ദിവസത്തിന് ശേഷം നടന്ന 9 വയസുകാരിയുടെ മരണവുമാണ് ഇന്ന് കേരളത്തിലെ ചര്‍ച്ചാവിഷയം. ഈ സാഹചര്യത്തിലാണ് കേരളത്തിലെ പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമം തടയാനും പ്രക്ഷോഭത്തിന് രൂപം നല്‍കാനും വാളയാര്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എറണാകുളം ടൗണ്‍ഹാളില്‍ വിളിച്ചുചേര്‍ക്കാന്‍ സാമൂഹ്യനീതി കര്‍മ്മസമിതി തീരുമാനമെടുത്തത്. വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നുവരുമ്പോള്‍ 2017 മാര്‍ച്ച് 8ന് കേരളത്തിന്റെ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാചകം ചര്‍ച്ചചെയ്യേണ്ടതും, വിലയിരുത്തേണ്ടതുമാണ്. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും കപടമുഖം വിളിച്ചോതുന്നതാണ് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള സംഭവം. കൊച്ചുപെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. കുറ്റവാളികള്‍ ആരായാലും കര്‍ശന നടപടിയെടുക്കും. നിയമത്തിന്റെ മുന്നിലെത്തിച്ച് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. പാര്‍ട്ടിയും തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരെ രക്ഷിച്ചെടുക്കാന്‍ ഹീനമായ പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നതാണ് കേരളം കണ്ടത്. പിഞ്ചുകുഞ്ഞുങ്ങളെ പീഡനത്തിനിരയാക്കിയ സാമൂഹ്യവിരുദ്ധരും, ക്രൂരന്മാരുമായ പാര്‍ട്ടിപ്രവര്‍ത്തകരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയെയാണ് നാം ഇപ്പോള്‍ കാണുന്നത്. കേരളത്തില്‍ നടക്കുന്നത് ക്രിമിനല്‍ ഭരണവും, ഭരണത്തെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ മനോഭാവമുള്ള ഭരണാധികാരികളും ആണെന്നുള്ളതാണ് വാസ്തവം.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിലും, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും, സൈബര്‍ കുറ്റകൃത്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്താണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 10 മാസത്തിനുള്ളില്‍ പുറത്തുവന്ന ക്രൈം റെക്കോഡ് ബ്യൂറോ കണക്ക് പ്രകാരം 1,75000 ക്രിമനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പട്ടികജാതി/പട്ടികവര്‍ഗ സമൂഹത്തിനെതിരെയുള്ള പീഡനങ്ങളില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1,75,000 ക്രിമിനല്‍ കേസുകളില്‍ 3,200 സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, 630 കുട്ടികള്‍ ഇരയായ പീഡനങ്ങളും, 1,100 പീഡനക്കേസുകളുമുണ്ട്. ദളിത് പീഡനങ്ങള്‍ 7,200. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളാണ് ദളിതര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ മുന്നില്‍. സ്വന്തം വീടുകളില്‍ പോലും ഇവര്‍ സുരക്ഷിതരല്ല എന്നത് ഇന്ത്യന്‍ ഭരണഘടനയും, നീതിന്യായ വ്യവസ്ഥകളും നല്‍കുന്ന സുരക്ഷിതത്വ സംവിധാനങ്ങള്‍ പരാജയപ്പെടുന്നതിന്റെ ഉദാഹരണമാണ്.

കോടതികളില്‍ എത്തിയ അതിക്രമം തടയല്‍ കേസുകളില്‍ 99% പ്രതികളും രക്ഷപെട്ട് പോവുകയാണ്. 1,051 റേപ്പുകേസുകളില്‍ (ഇതില്‍ 15 വയസിന് താഴെയുള്ള 70 കുട്ടികളുടെ കേസുമുണ്ട്) ആവശ്യമായ അന്വേഷണവും നടപടിയുമില്ലാതെ കിടക്കുന്നു. 90 പോക്‌സോ കേസുകളില്‍ മാത്രമാണ് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത്. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 2018 ഏപ്രില്‍ 4 വരെ 6,934 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 7,924 പ്രതികളുണ്ട്. 6,934 കേസുകളില്‍ 4,971 കേസുകള്‍ മാത്രമാണ് കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയത്. 90 കേസുകളില്‍ മാത്രമാണ് ശിക്ഷ ഉറപ്പുവരുത്താന്‍ കഴിഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നു. ഭൂരിഭാഗം പോക്‌സോ കേസുകളിലും ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. സംസ്ഥാനത്തെ വിവിധ കോടതികളില്‍ നിലവില്‍ 7,668 പോക്‌സോ കേസുകളാണ് കെട്ടികിടക്കുന്നത്. ഈ കേസുകള്‍ വിചാരണ ചെയ്യുന്നതിനുപോലും താത്പര്യമെടുക്കുന്നില്ല. 2018ലെ രണ്ടുമാസത്തില്‍ മാത്രം പോക്‌സോ കേസുകള്‍ 459 എണ്ണമാണ്. പ്രബുദ്ധകേരളത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഓരോ വര്‍ഷവും ഇത്തരം കേസുകളില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടാകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

മലയാളിമനസുകളില്‍ ലൈംഗികാതിക്രമത്വരയും, ബാല-ബാലികാ പീഡനത്വരയും കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതിന് പ്രധാന കാരണം നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതില്‍ വരുന്ന ഗുരുതരമായ വീഴ്ചയാണ്. ഏതൊരു കുറ്റവാളിക്കും സഹായകരമായ നിലപാട് സ്വീകരിക്കുന്ന ഭരണകൂട ഉദ്യോഗസ്ഥ സംവിധാനം ഉടച്ചുവാര്‍ത്താലല്ലാതെ ഇതിന് പരിഹാരം സാധ്യമല്ല. വാളയാര്‍ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതായി പറയുന്നു. 13 വയസുകാരി തൂങ്ങിമരിച്ചതാണെന്ന് വ്യക്തമാക്കിയ വിചാരണ കോടതി മുന്‍പുണ്ടായ ലൈംഗിക പീഡനങ്ങള്‍ ആത്മഹത്യയ്ക്ക് കാരണമായതായി പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തെന്ന വാദത്തെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. പെണ്‍കുട്ടി നേരത്തെ പീഡിപ്പിക്കപ്പെട്ടെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. എന്നാല്‍ പീഡനം നടന്നിട്ടുണ്ടെങ്കില്‍ പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഇത് ചെയ്തിട്ടില്ല എന്ന് മാത്രമല്ല പീഡനത്തില്‍ തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടുമില്ല. സാഹചര്യതെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചതെന്നും വിധിയില്‍ പറയുന്നു. ഈ തെളിവുകളുടെ തുടര്‍ച്ചയും, ശാസ്ത്രീയ തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതി പെണ്‍കുട്ടികളുടെ വീടിനടുത്ത് താമസിച്ചിരുന്നെന്നും, പെണ്‍കുട്ടി അയാളുടെ വീട്ടില്‍ പോയിരുന്നു എന്നതുമാണ് വിശ്വാസയോഗ്യമായ സാഹചര്യതെളിവുകള്‍. പ്രതികളുടെ വീട്ടിലേക്ക് പെണ്‍കുട്ടി പോയപ്പോഴാണ് പീഡനം നടന്നതെന്നാണ് വാദം. എന്നാല്‍ അതിന് തെളിവുകളില്ലെന്നും, സാക്ഷികള്‍ പരസ്പരവിരുദ്ധമാണെന്നും വിധിയില്‍ പറയുന്നു. 2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ വീടിനടുത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന പ്രതി പീഡിപ്പിച്ചതായി സാക്ഷിമൊഴിയുണ്ട്. 

രണ്ടാമത്തെ കുട്ടിയും ക്രൂരമായ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇളയമകളുടേത് കൊലപാതകമായിരുന്നെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴിയും നല്‍കി. എന്നാല്‍ ആ മൊഴിയും കുറ്റപത്രത്തിലില്ല. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തിരുന്നിട്ടും സാക്ഷി വിസ്താരത്തിന്റെ മൊഴിപകര്‍പ്പുകള്‍ കണ്ടിട്ടില്ലെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവന്‍ പറയുന്നു. കേസ് ആര് വാദിച്ചാലും തോല്‍ക്കുമെന്ന തരത്തില്‍ ദുര്‍ബ്ബലമായിരുന്നു. പോലീസ് അന്വേഷണത്തിലുള്ള വീഴ്ച പ്രകടമായിരുന്നു. മൂന്ന് മാസത്തിനിടെ സാക്ഷിവിസ്താരത്തിലെ മൊഴിപകര്‍പ്പ് പോലും പോലീസ് നല്‍കിയില്ല. വാളയാര്‍ കേസില്‍ പോലീസും, വാദിഭാഗം പ്രോസിക്യൂട്ടറും, പ്രതിഭാഗത്ത് ഹാജരായ പാര്‍ട്ടി നേതാവായ വക്കീലും ഒത്തുകളിച്ചെന്ന് ഏതൊരാള്‍ക്കും മനസിലാകും. കോടതിവിധിയിലെ സൂചനകളും ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുന്നതില്‍ വന്ന വീഴ്ചയും, സാക്ഷികളെ  ഉപയോഗപ്പെടുത്തുന്നതിലുള്ള അനാസ്ഥയും പ്രതികള്‍ക്ക് അനുകൂലമായി മാറി എന്നതാണ് ശരിയായ വസ്തുത.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും, 92 വയസുകാരി മുത്തശ്ശിയും, 2 വയസ്സുകാരി പിഞ്ചുകുട്ടിയും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും, വാളയാര്‍ പോലെയുള്ള അതിക്രമങ്ങളും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ മക്കളായുള്ള മാതാപിതാക്കള്‍ ആശങ്കാകുലരാണ്. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം കര്‍ശനമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനും, അധികാര കേന്ദ്രങ്ങള്‍ക്കും കോടതികള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും കഴിയുന്നില്ലെങ്കില്‍ ജനകീയ കോടതിക്കു മുമ്പില്‍ അവകാശ നിഷേധത്തെ അവതരിപ്പിച്ച് ഇരകള്‍ക്കും നീതിനിഷേധിക്കുന്ന ജനസമൂഹത്തിനും നീതി നേടിക്കൊടുക്കാന്‍ പ്രക്ഷോഭവുമായി രംഗത്തിറങ്ങേണ്ടിവരുമെന്ന് വാളയാര്‍ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ കേരളീയസമൂഹത്തെ ഓര്‍മ്മപ്പെടുത്തുന്നു. സംസ്ഥാനത്ത് നിയമവും നീതിന്യായവ്യവസ്ഥയും, അട്ടിമറിക്കപ്പെടുന്ന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ കേരളീയ സമൂഹം തയാറാകണം. ഈ സാഹചര്യത്തിലാണ് വാളയാര്‍ കേസ് സിബിഐ തുടരന്വേഷിക്കുക, കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരേയും സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുക, രക്ഷിതാക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുക, വര്‍ദ്ധിച്ചുവരുന്ന പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയല്‍ നിയമം കര്‍ശനമായി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ കണ്‍വന്‍ഷനില്‍ ഉന്നയിച്ചത്. 2010 മുതല്‍ സംസ്ഥാനത്ത് നടന്ന പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍, കൊലകള്‍ എന്നിവ സംബന്ധിച്ച് അന്വേഷണവും, തെളിവെടുപ്പും നടത്തി കുറ്റപത്രം തയാറാക്കാന്‍ കണ്‍വന്‍ഷന്‍ ജനകീയ സമിതിയെ നിയോഗിച്ചു. വാളയാര്‍ പെണ്‍കുട്ടികള്‍ക്കും സമാനമായ കേസുകളിലെ ഇരകള്‍ക്കും നീതി ഉറപ്പുവരുത്താന്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ എസ്‌സി / എസ്ടി ആക്ഷന്‍ കൗണ്‍സിലിന് രൂപം കൊടുത്തു. ഇനി ഒരിക്കല്‍ക്കൂടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണം, ഇതിന് സമഗ്രമായ അന്വേഷണവും, കുറ്റമറ്റരീതിയിലുള്ള ശിക്ഷാനടപടികളും ഉണ്ടാകണം. അതിനായി സര്‍ക്കാര്‍ ഇഛാശക്തിയോടെ, കളങ്കരഹിതമായ നിലപാട് സ്വീകരിക്കണമെന്നാണ് ജനാധിപത്യകേരളത്തിന്റെ ആവശ്യം. ഇതിന് സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ സര്‍ക്കാരിന് കേരളജനത മാപ്പ് നല്‍കില്ല.

(ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.