'യുവതികള്‍ ശബരിമല കയറാന്‍ വന്നാല്‍ സര്‍ക്കാര്‍ തടയണം'; സുപ്രീംകോടതിയുടെ പുതിയ തീരുമാനം വിശ്വാസികള്‍ക്ക് അനുകൂലമെന്ന് വത്സന്‍ തില്ലങ്കേരി

Thursday 14 November 2019 8:00 pm IST

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയിലെ സുപ്രീംകോടതിയുടെ പുതിയ തീരുമാനം വിശ്വാസികള്‍ക്ക് അനുകൂലമെന്ന് ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി. വിധി കേരളത്തിന് ആശ്വാസകരമാണെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിധിയെ സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുനപരിശോധന വിധികള്‍ വിശാലമായ ബഞ്ചിന് വിടുക എന്നാല്‍ വിധിയില്‍ പാകപ്പിഴവ് ഉണ്ടെന്ന് കോടതി അംഗീകരിക്കുകയാണ്. അതിനാല്‍ യുവതികള്‍ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുവാന്‍ വന്നാല്‍ സര്‍ക്കാര്‍ തടയണമെന്നും യുവതികള്‍ മല കയറാന്‍ വന്നാല്‍ എന്തു നിലപാട് എടുക്കണമെന്ന് കര്‍മ്മ സമിതി ആലോചിച്ച് തീരുമാനിക്കുമെന്നും തില്ലങ്കേരി വ്യക്തമാക്കി. 

അതേസമയം, ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധന വിധിയുടെ മറവില്‍ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. യുവതികള്‍ ശബരിമലയില്‍ കയറാന്‍ വന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ് മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു. വിധി പുനഃപരിശോധിക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ശബരിമല ക്ഷേത്രത്തില്‍ നേരത്തെ ഉണ്ടായിരുന്ന ആചാരം തുടരുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു. പുന പരിശോധന വിധിയുടെ അര്‍ത്ഥം മുന്‍പുണ്ടായ വിധിക്ക് അപാകതയുണ്ടെന്നാണ്. ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈകടത്തരുത്. മുന്‍പുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും കുമ്മനം ആവര്‍ത്തിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.