വേദനയുടെ തടവറ ജന്മങ്ങള്‍

Sunday 22 September 2019 5:00 am IST
ആയിരക്കണക്കിന് സ്റ്റേജുകളില്‍ അവതരിപ്പിക്കപ്പെട്ട തോപ്പില്‍ ഭാസിയുടെ അശ്വമേധം എന്ന നാടകത്തിന് പ്രേരണയായ ശങ്കരന്‍ നായരും പാഞ്ചാലിയമ്മയും. കുഷ്ഠരോഗം ബാധിച്ച ഭര്‍ത്താവ് നൂറനാട് ലെപ്രസി സാനിട്ടോറിയത്തില്‍ ചികിത്സക്കു വന്നപ്പോള്‍ പരിചരിക്കാനെത്തിയതായിരുന്നു പാഞ്ചാലിയമ്മ. അധികം വൈകാതെ ഇവരും രോഗബാധിതയായി. അശ്വമേധം സിനിമയാക്കിയപ്പോള്‍ അതില്‍ അഭിനയിക്കുകയും ചെയ്തു. അടുത്തിടെ അന്തരിച്ച പാഞ്ചാലിയെ ഓര്‍ത്തെടുക്കുകയാണ് അരനൂറ്റാണ്ട് അവര്‍ക്കൊപ്പമുണ്ടായിരുന്ന ഗൗരി അന്തര്‍ജ്ജനം. ഒപ്പം ലെപ്രസി സാനിട്ടോറിയത്തിലെ ദുരിതജീവിതങ്ങളെക്കുറിച്ചും
"നൂറനാട് ലെപ്രസി സാനിറ്റോറിയം"

 

''രോഗം വരുന്നത് കുറ്റമാണോ ഡോക്ടര്‍?....'' തോപ്പില്‍ ഭാസിയുടെ അശ്വമേധം എന്ന നാടകത്തില്‍ നായിക സരോജം ഡോക്ടറോട് ചോദിക്കുന്ന ചോദ്യമാണിത്. രോഗം മാറിയ ശേഷവും വീട്ടുകാരുടെയും, ബന്ധുക്കളുടെയും ഒറ്റപ്പെടുത്തലിനെ തുടര്‍ന്നാണ് നായികയുടെ ഈ ചോദ്യം. സുലോചനയായിരുന്നു നായികാ വേഷം അഭിനയിച്ചത്. കുഷ്ഠരോഗികള്‍ പൊതുവിടങ്ങളില്‍ വരാനോ,ജനങ്ങളുമായി ബന്ധപ്പെടാനോ പാടില്ലെന്ന സര്‍ക്കാര്‍ നിബന്ധന പോലും ഉണ്ടായിരുന്ന കാലം. 

നാടക പ്രതിഭ തോപ്പില്‍ ഭാസിക്ക് അശ്വമേധത്തിന്റെ ആശയം കിട്ടിയതും ഇവിടെനിന്നാണ്. അതുകൊണ്ടാണ് ഭാസിക്ക് കുഷ്ഠരോഗത്തിന്റെ ഭീകരതയും, സമുഹത്തിന്റെ ഒറ്റപ്പെടുത്തലും തിരിച്ചറിഞ്ഞ് രോഗികളുടെ ദുരിതങ്ങള്‍ അതേ തീവ്രതയോടെ തന്റെ നാടകത്തിലുടെ കൂടുതല്‍ ജനമനസ്സുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത്. 

ഏഷ്യയിലെ ഏറ്റവും വലിയ കുഷ്ഠരോഗ സാനിറ്റോറിയമാണ് നൂറനാട്ടുള്ളത്. രാജകല്പനയെ തുടര്‍ന്ന് കുഷ്ഠരോഗമുള്ളവരെ നൂറ് നാട്ടിനപ്പുറം വാസമൊരുക്കാന്‍ കണ്ടെത്തിയ സ്ഥലമായതിനാലാണ്  നൂറനാട് എന്നറിയപ്പെടാന്‍ തുടങ്ങിയതത്രേ. നൂറ്റി മുപ്പത്തി ഏഴ് ഏക്കറില്‍ സ്ഥിതി ചെയ്യുന്ന സാനിറ്റോറിയത്തില്‍ ഒരുകാലത്ത് രണ്ടായിരത്തോളം രോഗികളുണ്ടായിരുന്നു.  

തങ്ങളുടെ വ്യാധികളും ഒറ്റപ്പെടലുകളും നൊമ്പരങ്ങളും തേങ്ങലുകളും നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയപ്പോള്‍ അവിടെത്തന്നെ ആറടിമണ്ണില്‍ എരിഞ്ഞടങ്ങാനുള്ള ആഗ്രഹം മാത്രമാണിപ്പോള്‍ അവര്‍ക്ക്. ഏല്ലാവരും ഉണ്ടെങ്കിലും ആരുമില്ലാത്ത  അവസ്ഥ. 

കഴിഞ്ഞ ദിവസം അന്തരിച്ച, സാനിറ്റോറിയത്തില്‍ ഏഴു പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ ആദ്യകാല അന്തേവാസിയും, നൂറ്റിയൊന്നുകാരിയുമായിരുന്ന പാഞ്ചാലിയമ്മയെ ഓര്‍ത്തെടുക്കുകയാണ്  ഗൗരി അന്തര്‍ജനം. അരനൂറ്റാണ്ടായി അവരോടൊപ്പം കഴിഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയാണിവര്‍.

 അവര്‍ ഇവിടെ ജീവിച്ചു അന്ത്യം വരെ

പാഞ്ചാലിയമ്മ എത്തി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ഇവിടെ എത്തുന്നത്. ഭര്‍ത്താവിനെ ശുശ്രൂഷിക്കാനാണ് അവര്‍ ഇവിടെ എത്തിയതെന്ന് കേട്ടിട്ടുണ്ട്. ഭര്‍ത്താവായ ശങ്കരന്‍ നായര്‍ക്ക് കുഷ്ഠരോഗം ബാധിച്ച് ഇവിടെ കൊണ്ടുവന്നപ്പോള്‍ രോഗമില്ലാതിരുന്ന ഭാര്യ പാഞ്ചാലിയമ്മക്ക് പിന്നീടാണ് രോഗലക്ഷണം കണ്ടത്. 

പാഞ്ചാലിയുടെ വിവാഹം കഴിഞ്ഞ് രണ്ടു വര്‍ഷത്തിനുള്ളില്‍ ശങ്കരന്‍ നായര്‍ക്ക് രോഗലക്ഷണം കണ്ടുതുടങ്ങി. രോഗികളായ ദമ്പതിമാര്‍ അന്ന് ഇവര്‍ മാത്രമായിരുന്നു. പിന്നീട് ദമ്പതികളായ രോഗികള്‍ നിരവധി വന്നിട്ടുണ്ട്. 

അന്ന് വളരെ സുന്ദരിയായിരുന്നു പാഞ്ചാലിയമ്മയെന്ന് ഗൗരി ഓര്‍ക്കുന്നു. വെളുത്ത്, നിറയെ തലമുടിയുള്ള സുന്ദരിയെ ഏല്ലാവര്‍ക്കും വളരെ ഇഷ്ടമായിരുന്നുവെന്ന് ഗൗരി ഓര്‍ക്കുന്നു. കുന്നംകുളം സ്വദേശിയായിരുന്നു. എഴുപത്തിരണ്ടു വര്‍ഷം കഴിഞ്ഞു  പാഞ്ചാലിയമ്മ ഈ നാല് മതില്‍ക്കെട്ടുകള്‍ക്കുള്ളിലായിട്ട്. അവര്‍ക്ക് വീട് സാനിറ്റോറിയവും, ബന്ധുക്കള്‍ അന്തേവാസികളുമായിരുന്നു. ഇടയ്ക്ക് ബന്ധുക്കള്‍ പാഞ്ചാലിയമ്മയെ സാനിറ്റോറിയത്തില്‍ വന്ന് കാണുകയായിരുന്നു പതിവ്. 

"പാഞ്ചാലിഅമ്മയ്‌ക്കൊപ്പം ഗൗരി അന്തര്‍ജ്ജനവും രത്‌നമ്മയും, -ഇസ്മയില്‍"

 

 അന്തേവാസികളുടെ പ്രതിനിധി

അന്ന് സാനിറ്റോറിയത്തിലെ രോഗികളുടെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് ഈ ദമ്പതികളായിരുന്നു. രോഗികളുടെ ആവശ്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുന്നതും പാഞ്ചാലിയായിരുന്നു. അതുകൊണ്ടുതന്നെ ഒരു നേതാവിന്റെ പരിഗണനയായിരുന്നു ഞങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നത്. ഞങ്ങളുടെ എന്ത് ആവശ്യവും ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നത് പാഞ്ചാലി വഴിയായിരുന്നു.

ഇന്നത്തെപ്പോലെ അല്ല; സമുഹത്തിന്റെ ഒറ്റപ്പെടുത്തലുകളും, വീട്ടുകരുടെ അവഗണനയും ഏറെ സഹിച്ചിരുന്ന കാലമായിരുന്നു അന്ന.് ഞങ്ങളുടെ അമ്മയും, സഹോദരിയുമായി പലപ്പോഴും അവര്‍ മാറാറുണ്ടായിരുന്നു. ആ സ്‌നേഹവും വാത്സല്യവും ആവേളം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഞാന്‍ മാത്രമല്ല, അഞ്ചു വര്‍ഷമുമ്പ് വരെ ഇവിടെ എത്തിയവര്‍ക്ക് അമ്മയും അമ്മൂമ്മയുമായിരുന്നു അവര്‍. 

അവശതയായതോടെ അഞ്ചു വര്‍ഷമായി  അവര്‍ വിശ്രമത്തിലായിരുന്നു. രണ്ടു വര്‍ഷമായി പൂര്‍ണമായും പാഞ്ചാലിയമ്മ കിടപ്പിലായിരുന്നു. അവരെ ശുശ്രൂഷിക്കാന്‍ അന്തേവാസികള്‍ മത്സരമായിരുന്നു. ഏങ്കിലും ഗൗരിയും, കുട്ടനാട് കാവാലം സ്വദേശിയായ രത്‌നമ്മയുമായിരുന്നു പാഞ്ചാലിയമ്മയ്ക്ക് ഏറെ പ്രിയപ്പെട്ടവര്‍. 

 അശ്വമേധത്തിന് ദമ്പതികള്‍ പ്രചോദനം 

സുഹൃത്തിനെ കാണാന്‍ ഇടയ്ക്കിടെ നൂറനാട്ടെ ലെപ്രസി സാനിട്ടോറിയത്തില്‍ പോകാറുള്ള തോപ്പില്‍ഭാസിക്ക് അശ്വമേധത്തിന്റെ ആശയം ഇവിടെ നിന്നാണ് ലഭിച്ചത്. പാഞ്ചാലിയുടെ ജീവിതം ആധാരമാക്കിയാണ് അശ്വമേധത്തിലെ നായിക സരോജത്തെ അവതരിപ്പിച്ചത്. അശ്വമേധം ചലച്ചിത്രമാക്കിയപ്പോള്‍ അതില്‍ പാഞ്ചാലി അഭിനയിക്കുകയും ചെയ്തു. കൂടെ അന്തേവാസിയായ ഇസ്മയിലും അഭിനയിച്ചു. പ്രേംനസീര്‍, സത്യന്‍ ഉള്‍പ്പെടെ മിക്ക അഭിനേതാക്കളും ഇവിടെ എത്തി കലാപരിപാടികള്‍ അവതരിപ്പിക്കുമായിരുന്നു.

അന്ന് റേഡിയോ മാത്രമായിരുന്നു അന്തേവാസികളുടെ ഏക വിനോദമാര്‍ഗം. പിന്നെ വല്ലപ്പോഴും നാടകങ്ങളും, സിനിമാപ്രദര്‍ശനവും, താരങ്ങളുടെ സന്ദര്‍ശനവും അന്തേവാസികള്‍ക്ക് ആഹ്‌ളാദത്തിന്റെ ദിനങ്ങള്‍ സമ്മാനിച്ചിരുന്നു. നടന്‍ പ്രേംനസീര്‍ നല്‍കിയ 25,000 രുപ കൊണ്ടാണ് ആഡിറ്റോറിയം പണിതത്. പ്രൊജക്ടര്‍ സത്യനും നല്‍കി. തുടര്‍ന്ന് ഏല്ലാമാസവും സിനിമാപ്രദര്‍ശനവും, വര്‍ഷത്തില്‍ രണ്ടുമൂന്ന് തവണ നാടകങ്ങളും, കലാപരിപാടികളും നടത്തിയിരുന്നു. 

 എട്ടാം വയസ്സില്‍ എത്തിയ ഇസ്മയില്‍ 

രോഗലക്ഷണത്തെ തുടര്‍ന്ന് എട്ടാംവയസ്സില്‍ എത്തിയ ഇസ്മയിലിന് ഇപ്പോള്‍ എഴുപത്തിനാല് വയസ്സായി. കൊല്ലം പള്ളിമുക്ക് സ്വദേശിയാണ്. സിനിമയില്‍ അഭിനയിച്ച പ്രൗഢിയിലാണ് ഇസ്മയിലിപ്പോഴും. അന്തേവാസികള്‍ ഇപ്പോഴും താരാരാധനയോടെയാണ് അദ്ദേഹത്തെ കാണുന്നത്. പഴയകാല അഭിനയകഥകളും, രോഗികള്‍ അനുഭവിച്ച ഒറ്റപ്പടലിന്റെ നൊമ്പരങ്ങളും പുതുതലമുറയ്ക്ക് കൈമാറുന്നത് പലപ്പോഴും ഇസമയിലാണ്.

തന്റെ കുട്ടിക്കാലവും യൗവനവുമെല്ലാം ഇവിടെയായിരുന്നു. പാടത്തും, വരമ്പത്തും കുട്ടികള്‍ കളിക്കുമ്പോള്‍ നാലുമതില്‍ക്കെട്ടിനുള്ളില്‍ ഇരുന്നു വിങ്ങലോടെ  കാലങ്ങള്‍ കഴിച്ചുകൂട്ടി. ചിലപ്പോള്‍ തേങ്ങലുകള്‍ അടക്കാന്‍ കഴിയാതെ പൊട്ടി കരഞ്ഞിട്ടുണ്ട്. അന്ന് പാഞ്ചാലിയമ്മയും കൂട്ടരും എന്നെ    ഏറെ സാന്ത്വനിപ്പിച്ചിട്ടുണ്ട്. അമ്മയെ പോലെ സ്‌നേഹവും വാത്സല്യവും തന്ന് വളര്‍ത്തി. കുട്ടിയായിരുന്ന എന്നോട് ഏല്ലാവര്‍ക്കും പ്രത്യേക സ്‌നേഹവുമുണ്ടായിരുന്നു. 

ഇവിടെയുള്ളവര്‍ മോഹങ്ങളും,ആഗ്രഹങ്ങളും ഈ കൂറ്റന്‍ നാലു മതില്‍ക്കെട്ടിനുള്ളില്‍ കുഴിച്ചുമൂടിയിട്ട് നാളെറെയായി. ഇനി എന്ത്? എന്ന നിസ്സംഗ ഭാവമാണ് പലരിലും. എനിക്കൊരു ഭാഗ്യമുണ്ട്, വല്ലപ്പോഴും കുറച്ചു ദിവസമെങ്കിലും വീട്ടില്‍ പോയി നില്‍ക്കാന്‍ കഴിയുന്നുണ്ട്. ഭൂരിഭാഗം പേര്‍ക്കും അതിന് കഴിയുന്നില്ല. വീട്ടുകാര്‍ക്ക് ഭയമാണ്. തങ്ങള്‍ക്ക് രോഗം പകരുമോയെന്ന ഭയം. 

രോഗം ഭേദപ്പെട്ട് വീട്ടിലേക്ക്  പോയവരെല്ലാം കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടേക്ക് തന്നെ മടങ്ങിവരികയാണ് പതിവ്. ഒറ്റപ്പെടുത്തലും, വേര്‍തിരിവും, അടുത്ത ബന്ധുക്കള്‍ പോലും വീട്ടിലേക്ക് വരാത്ത അവസ്ഥയുമെല്ലാമാണ് പലരെയും തിരികെ ഇവിടെ എത്താന്‍ പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെടുത്തലുകള്‍ ഓര്‍ക്കുമ്പോള്‍ ഇത് സ്വര്‍ഗമാണ്.

പത്തൊമ്പത് വര്‍ഷമായി ഒറ്റക്കാലിലാണ്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കാല്‍മുറിച്ചത്. അറുപത്തിയാറു വര്‍ഷത്തെ തന്റെ ആശുപത്രിവാസം ഇസ്മയിലും ഓര്‍ത്തെടുത്തു. പണ്ടത്തെ അവസ്ഥയെല്ലാം മാറി. ഇപ്പോള്‍ വീട്ടിലെല്ലാം വല്ലപ്പോഴും പോകാറുണ്ട്. പഴയ ഭയം ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ഏന്നാലും പൂര്‍ണ്ണമായി രോഗബാധിതരെ ഉള്‍ക്കൊള്ളാന്‍ വൈമനസ്യം ഇന്നും നിലനില്‍ക്കുന്നു. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രോഗത്തെ ഏല്ലാവരും ഭയക്കും. 

"ആശുപത്രിവളപ്പിലെ പ്ലാവിലെ ചക്ക"

 അസൗകര്യങ്ങള്‍ക്ക് നടുവില്‍

തങ്ങള്‍ക്ക് ആശുപത്രിയില്‍ പോകണമെങ്കില്‍ ഇപ്പോള്‍ വാഹനമില്ല. അതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നുണ്ട്. ലോകം അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്ന തങ്ങള്‍ക്ക് പൊതുവാഹനത്തില്‍ സഞ്ചരിക്കാന്‍ കഴിയില്ല. നിലവിലുണ്ടായിരുന്ന വാഹനം തുരുമ്പെടുത്തു നശിക്കുന്നു. പലപ്പോഴും ഓട്ടോറിക്ഷയാണ് അഭയം. എല്ലാവരും വിളിച്ചാല്‍ വരണമെന്നില്ല. ഒന്ന് ആശുപത്രിയില്‍ പോകാനാണ് വിഷമിക്കുന്നത്. അത്യാവശ്യമായി ഞങ്ങള്‍ക്ക് ഒരു വാഹനമാണ് വേണ്ടതെന്ന് അന്തേവാസികള്‍ പറയുന്നു. 

ആവശ്യത്തിന് ജീവനക്കാരില്ലാത്തത് നിലവിലെ ജീവനക്കാര്‍ക്ക് അധികഭാരമാകുകയാണ്. 79 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏഴ് പേരാണുള്ളത്. ശുചിമുറികള്‍ വൃത്തിയാക്കാന്‍ പോലും ആളില്ലെന്ന് അന്തേവാസികള്‍ക്ക് പരിഭവം. സൂപ്രണ്ട്, ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരുടെ സേവനങ്ങള്‍ മികച്ചതാണെന്നും അന്തേവാസികള്‍ പറയുന്നു.

 തിരിച്ചുവരവ്

സാനിറ്റോറിയത്തില്‍ ഇപ്പോള്‍ 155 അന്തേവാസികളാണുള്ളത്. അറുപത് സ്ത്രീകളും തൊണ്ണൂറ്റിയഞ്ച് പുരുഷന്മാരുമാണുള്ളത്. കുഷ്ഠരോഗം നിര്‍മ്മാര്‍ജനം ചെയ്‌തെങ്കിലും അന്യസംസ്ഥാനത്തൊഴിലാളികളുടെ വരവോടെ മറ്റു രോഗങ്ങളെ പോലെ വീണ്ടും ഈ രോഗവും തിരികെ വന്നിട്ടുണ്ടാകാമെന്ന് ഡോക്ടര്‍ വിനീഷ്. ശക്തമായ നിരീക്ഷണം തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

രോഗലക്ഷണം പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തുടര്‍ന്നാല്‍ രോഗം പൂര്‍ണമായും മാറ്റാന്‍ കഴിയും. ചെറുപ്പക്കാരിലും രോഗ ലക്ഷണം കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ പലരും പുറത്ത് പറയാന്‍ മടിക്കുന്നത് ചികിത്സ കിട്ടാന്‍ വൈകും. അശ്വമേധം പദ്ധതിയിലൂടെ നടത്തിയ പരിശോധനയില്‍ രോഗ ലക്ഷണമുള്ളവരെ കണ്ടെത്തി. തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് രോഗികള്‍ കൂടുതലുള്ളതെന്ന് കണ്ടെത്തി.  ഇവിടെ അഞ്ചു പേരില്‍ രോഗ ലക്ഷണം കണ്ടു. ഒപിയിലെത്തി ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നവരും നിരവധിയാണ്. തുടക്കത്തില്‍ ചികിത്സ ചെയ്താല്‍ വൈകല്യം ഉണ്ടാകില്ല. 

നൂറ്റാണ്ട് പഴക്കം ചെന്ന കെട്ടിടങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഐപി, ഒപി അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗങ്ങള്‍ക്കായുള്ള പുതിയ കെട്ടിടം നിര്‍മ്മാണത്തിലാണ്. 380 കിടക്കകളുണ്ടാകും. ഇത് സൂചിപ്പിക്കുന്നത് രോഗം പടികടന്നിട്ടില്ലായെന്നാണ്. ഈ സൂചകങ്ങളെ നമ്മള്‍ ഗൗരവത്തില്‍ കാണുകയും വേണം. പരിമിതികള്‍ക്കിടയിലും ഇവിടെ രോഗികളുടെ അദ്ധ്വാനത്തിന്റെ പ്രതിഫലനം പച്ചപ്പ് വിരിച്ച് നില്‍ക്കുന്നു. പ്‌ളാവും, മാവും, വാഴയുമെല്ലാം അത് വ്യക്തമാക്കുന്നു. വളരെ കരുതലോടെ വൃക്ഷങ്ങളെ പരിപാലിച്ച് പരിസ്ഥിതിക്ക് മാതൃകയാകുകയാണ് സാനിറ്റോറിയത്തിലെ അന്തേവാസികള്‍. 

''ഞങ്ങളെ മാത്രം കറുത്ത ചായം തേച്ചെന്തിനീ മണ്ണില്‍ വരച്ചു, വികൃതമായ്''. വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ ഒരു ആത്മനൊമ്പരമായി ഇന്നും സാനിറ്റോറിയത്തിന്റെ അകത്തളങ്ങളില്‍ മുഴങ്ങുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.