ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള താരമാരെന്ന് വ്യക്തമാക്കി വാര്‍ണര്‍; നിഗമനം ശരിവച്ച് ക്രിക്കറ്റ് ലോകം

Sunday 1 December 2019 6:58 pm IST

ന്യൂദല്‍ഹി: ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിവുള്ള താരത്തെ കണ്ടെത്തി ഡേവിഡ് വാര്‍ണര്‍. ടെസ്റ്റില്‍ ലാറയുടെ 400 റണ്‍സ് എന്ന വ്യക്തിഗത റെക്കോര്‍ഡ് മറികടക്കാന്‍ കഴിവുള്ള താരം ഇന്ത്യയുടെ രോഹിത് ശര്‍മ്മയാണെന്ന് വാര്‍ണര്‍ പറഞ്ഞു. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ചതിനു പിന്നാലെ ഒരു അന്തര്‍ദേശീയ സ്പോര്‍ട്സ് മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് വാര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാകിസ്ഥാനെതിരെ അഡ്ലെയ്ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലാണ് വാര്‍ണര്‍ മാസ്മരിക പ്രകടനം പുറത്തെടുത്തത്. ഓപ്പണറായിറങ്ങി പുറത്താകാതെ 335 റണ്‍സാണ് വാര്‍ണര്‍ നേടിയത്. പാക് ബോളര്‍മാരെ ഗ്രണ്ടിന്റെ എല്ലാ വശങ്ങളിലേക്കും പായിച്ച വാര്‍ണര്‍ ഒരു ഘട്ടത്തില്‍ ലാറയുടെ 400 റണ്‍സ് എന്ന ലോക റെക്കോര്‍ഡ് തകര്‍ക്കുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ ക്രിക്കറ്റ് ഇതിഹാസം സര്‍ ഡോണ്‍ ബ്രാഡ്മാന്റെ 334 റണ്‍സെന്ന റെക്കോര്‍ഡ് മറികടന്ന വാര്‍ണര്‍ ഒരു ഓസീസ് താരം നേടുന്ന രണ്ടാമത്തെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സ്വന്തമാക്കിയത്. 380 റണ്‍സ് നേടിയ മാത്യു ഹെയ്ഡനാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്.

260 പന്തില്‍ ഇരട്ട സെഞ്ച്വറി തികച്ച വാര്‍ണര്‍ 389 പന്തില്‍ ട്രിപ്പിള്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 39 ബൗണ്ടറികളും ഒരു സിക്സറുമാണ് വാര്‍ണറുടെ ബാറ്റില്‍ നിന്നു പിറന്നത്. അതേസമയം, വാര്‍ണര്‍ 335 റണ്‍സില്‍ നില്‍ക്കെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യാനുള്ള നായകന്‍ ടിം പെയിനിന്റെ തീരുമാനം വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. പെയിനിന്റെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.