വയലാര്‍ അവാര്‍ഡിനെ വികലമാക്കരുത്

Sunday 6 October 2019 1:50 am IST

മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന് 2012ല്‍ വയലാര്‍ അവാര്‍ഡ് നല്‍കിയപ്പോള്‍ ആ വാര്‍ത്ത ഏറെ ചര്‍ച്ചയ്ക്ക് പാത്രമായിരുന്നു. അക്കിത്തത്തിന് ഇപ്പോഴാണോ അവാര്‍ഡ് നല്‍കുന്നത് എന്നായിരുന്നു ചോദ്യം. 1977ല്‍ നല്‍കിത്തുടങ്ങിയ വയലാര്‍ അവാര്‍ഡ്, മറ്റ് പലര്‍ക്കും അതിനുമുമ്പ് നല്‍കിയിട്ടും മഹാകവി അക്കിത്തത്തെത്തേടി പുരസ്‌കാരം വരാന്‍ എന്തേയിത്ര വൈകിയെന്ന് പലരും സന്ദേഹിച്ചു. അവാര്‍ഡ് നിര്‍ണ്ണയത്തിലെ അപാകങ്ങളും സ്വജനപക്ഷപാതവും രാഷ്ട്രീയവുമൊക്കെ അന്ന് ചര്‍ച്ച ചെയ്യപ്പെട്ടു. വയലാര്‍ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ ഞാന്‍ അദ്ദേഹത്തിന്റെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ടെന്നും അതിനെ അവാര്‍ഡിനെക്കാള്‍ വിലമതിക്കുന്നുവെന്നും മഹാകവി സരസമായി വിവാദങ്ങളോട് പ്രതികരിച്ചു. 2001ല്‍ എം.വി. ദേവന്റെ ദേവസ്പന്ദനം അവാര്‍ഡ് നേടിയപ്പോള്‍ ദേവന്‍ സാഹിത്യകാരനല്ലല്ലോ, ചിത്രകാരനല്ലേയെന്ന വിവാദവുമുണ്ടായിട്ടുണ്ട്. എഴുത്തുകാരനെ നോക്കിയിട്ടല്ല, കൃതിയെ നോക്കിയിട്ടാണ് അവാര്‍ഡ് നല്‍കുന്നത് എന്നായിരുന്നു അന്ന് വിശദീകരണം നല്‍കപ്പെട്ടത്. ദേവസ്പന്ദനം മികച്ചൊരു സാഹിത്യഗ്രന്ഥമാണെന്നതില്‍ വായിച്ചവര്‍ക്കാര്‍ക്കും സംശയമുണ്ടാകാനും വഴിയില്ല. പക്ഷെ കൃതിയെ നോക്കിയാണ് അവാര്‍ഡ് എന്ന പ്രഖ്യാപനം പലപ്പോഴും വഴുതിവീഴുന്നതു കാണാനും സാധിച്ചു.

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ലഭിച്ചിരിക്കുന്നത് ശാസ്ത്രകാരന്‍ കൂടിയായ എഴുത്തുകാരന്‍ വി.ജെ. ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴും പിന്നീട് പുസ്തകമായപ്പോഴും നോവല്‍ വായിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ സദസ്സ് സാഹിത്യവേദി നിരീശ്വരന്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ അതില്‍ പങ്കെടുക്കാനും അവസരമുണ്ടായി. നോവല്‍ ചര്‍ച്ചാവേദിയിലെത്തിയപ്പോള്‍ ഒരു ഇടതുപക്ഷ സാഹിത്യ സംഘടനാ പ്രതിനിധി, ഞങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഈശ്വരനെ നിഷേധിക്കുകയല്ല നോവല്‍ ചെയ്യുന്നതെന്നും അങ്ങനെയായിരുന്നെങ്കില്‍ ഞങ്ങള്‍ നോവലിനെ പിന്തുണയ്ക്കുമായിരുന്നെന്നും പറയുന്നതു കേട്ടിരുന്നു. എന്തുതന്നെയായാലും ഘടനാപരമായും രചനാശൈലികൊണ്ടും പ്രമേയം കൊണ്ടും മികച്ച നോവലാണ് വി.ജെ. ജെയിംസിന്റെ നിരീശ്വരന്‍ എന്നതില്‍ സംശയമില്ല.

ഈ വര്‍ഷത്തെ അവാര്‍ഡ് നിര്‍ണ്ണയം വിവാദമായത് പ്രഖ്യാപനത്തോടടുപ്പിച്ച് വയലാര്‍ അവാര്‍ഡ് നിര്‍ണ്ണയ സമിതി പ്രസിഡന്റ് സ്ഥാനം പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ എം.കെ. സാനു രാജിവെച്ചതോടുകൂടിയാണ്. അവാര്‍ഡിനായുള്ള മൂല്യനിര്‍ണ്ണയത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വി.ജെ. ജെയിംസിന്റെ നിരീശ്വരന്‍ എന്ന കൃതിയെ അവഗണിച്ച് ഇടതുപക്ഷ സഹയാത്രികനായ ഒരദ്ധ്യാപകന് പുരസ്‌കാരം നല്‍കാനുള്ള സമ്മര്‍ദ്ദത്തില്‍ പ്രതിഷേധിച്ചായിരുന്നു രാജി. മൂല്യനിര്‍ണ്ണയത്തില്‍ ഏറ്റവും കുറഞ്ഞ പോയിന്റ് ലഭിച്ച കൃതിക്ക് പുരസ്‌കാരം നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായതായി എം.കെ. സാനു മാധ്യമങ്ങളോട് പറഞ്ഞതായാണറിയാന്‍ കഴിഞ്ഞത്. അവാര്‍ഡുകളുടെ സുതാര്യതയും സത്യസന്ധതയും നഷ്ടമായിരിക്കുന്നുവെന്നും തുടരാനാവില്ലെന്നും സാനുമാഷ് പറഞ്ഞതായി പത്രവാര്‍ത്തയുണ്ടായി. അവാര്‍ഡ് നിര്‍ണ്ണയത്തിലെ തിരിമറികളും സാനുമാഷിന്റെ രാജിയും മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ വി.ജെ. ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിനുതന്നെ അവാര്‍ഡ് നല്‍കുകയുമായിരുന്നു. സാനുമാഷ് രാജിവെച്ചൊഴിഞ്ഞ പ്രസിഡന്റ് പദവിയിലേക്ക് പെരുമ്പടവം ശ്രീധരന്‍ എത്തുകയും ചെയ്തു.

ഇവിടെ മലയാള സാഹിത്യത്തിലെ ഏറ്റവും പ്രമുഖമായ സര്‍ക്കാരിതര പുരസ്‌കാരമെന്ന വയലാര്‍ അവാര്‍ഡിന്റെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. കാലങ്ങളായി അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റിക്കാരും അവരുടെ അപ്പോസ്തലന്‍മാരായ പാര്‍ട്ടി ഘടകങ്ങളും ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കണമെന്ന് രാഷ്ട്രീയമായിത്തന്നെ തീരുമാനിച്ച് വിതരണം ചെയ്യുന്ന രീതിയാണ് നിലവിലുണ്ടായിരുന്നതെന്നുവേണം അനുമാനിക്കാന്‍. കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് നിര്‍ണ്ണയവും ഇതേ ദിശയിലായിരുന്നുവെന്ന് ആരോപണമുയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി സഹയാത്രികനായ ഐഎഎസ് ഉദ്യോഗസ്ഥന് പാര്‍ട്ടി സമരത്തെക്കുറിച്ചുള്ള നോവലിന് അവാര്‍ഡ് നല്‍കി എന്നതാണ് ആരോപണം. ഇത് ഈ വര്‍ഷവും തുടര്‍ന്നപ്പോഴാണ് രാജിയും മറ്റുമുണ്ടായതെന്നും പറയുന്നു.

കേരള സാഹിത്യ അക്കാദമിയെ പൂര്‍ണ്ണമായും രാഷ്ട്രീയവത്കരിക്കുകയും സ്വജനപക്ഷപാതം നടപ്പിലാക്കുകയും ചെയ്യുന്ന അവസ്ഥ നേരത്തെതന്നെയുണ്ട്. പുരസ്‌കാരങ്ങളും അംഗീകാരങ്ങളും രാഷ്ട്രീയ പിണിയാളുകളായ എഴുത്തുകാര്‍ക്ക് മാത്രം നല്‍കുന്ന പ്രവണത സാഹിത്യത്തിന് എന്തു സംഭാവനയാണ് നല്‍കുന്നത് എന്ന് ചിന്തിപ്പിക്കുന്നുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ അവര്‍ക്കനുകൂലമായ സാംസ്‌കാരികാന്തരീക്ഷവും പിന്തുണയുമാര്‍ജ്ജിക്കുന്നതിനായി എഴുത്തുകാരെ ലക്ഷ്യമിട്ട് പുരസ്‌കാരങ്ങളും സ്ഥാനമാനങ്ങളും നല്‍കുന്നത് മനസ്സിലാക്കാം. അതവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് സമ്മതിച്ചും കൊടുക്കാം. അഴിമതിക്കാരെയും ക്രിമിനലുകളെയും കൊലപാതകികളെയും പിന്തുണയ്ക്കുന്നതിനെക്കാള്‍ ആശാവഹമാണല്ലോ എഴുത്തുകാരെ ആകര്‍ഷിക്കുന്നത്. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അതിനായി പാര്‍ട്ടി പോഷകഘടകമായി സാഹിത്യ സംഘടനകളുമുണ്ട്. പക്ഷെ നിഷ്പക്ഷമെന്ന് ഉച്ചേസരം ഘോഷിക്കുന്ന പുരസ്‌കാര സമിതികളും സര്‍ക്കാര്‍ അക്കാദമികളും ഇത്തരത്തില്‍ ഒരു രാഷ്ട്രീയ കക്ഷിയുടെ പോഷക ഘടകമായി പ്രവര്‍ത്തിക്കുന്ന സ്ഥിതിവിശേഷം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും എന്തു പ്രോത്സാഹനമാണ് നല്‍കുന്നത്? സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുകയെന്ന പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്നും ഇത്തരം സ്ഥാപനങ്ങള്‍ അകന്നു പോവുകയല്ലേ ചെയ്യുന്നത്? 

മലയാള ഭാഷയും സാഹിത്യവും ഒരു രാഷ്ട്രീയ കക്ഷിയുടെ പോഷക ഘടകമായി മാറുന്നു. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛനും ചെറുശ്ശേരിയും കുഞ്ചന്‍ നമ്പ്യാരും ആശാനും ഉള്ളൂരും വള്ളത്തോളും ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമൊക്കെ ഉപാസിച്ച മലയാള ഭാഷയെയാണ് കേവലമായ താത്കാലിക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി വികലമാക്കുന്നതെന്നത് വേദനയുണ്ടാക്കുന്നുണ്ട്. രാഷ്ട്രീയ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഭാഷയുടെയും സാഹിത്യത്തിന്റെയും ഉപാസകരായി എഴുത്തുകാര്‍ സ്വന്തം ധര്‍മ്മം ഏറ്റെടുക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ മലയാളസാഹിത്യം വലിയ പരിക്കില്ലാതെയെങ്കിലും നിലനില്‍ക്കുകയുള്ളൂ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.