വയലാറിനെ രണ്ടാമനാക്കിയ മഹാത്മാവിന് അക്ഷരം കൊണ്ട് അന്ത്യാഞ്ജലി അര്‍പ്പിച്ച് മകന്‍

Monday 10 February 2020 9:55 am IST

ചേര്‍ത്തല: പ്രശസ്ത ഗാനരചയിതാവ് വയലാര്‍ ശരത്ച്ചന്ദ്ര വര്‍മ പി. പരമേശ്വര്‍ജിക്ക് ആന്ത്യാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. 'ആദരണീയനായ ശ്രീ. പരമേശ്വരന് ഭാരതീയ വിചാരധാരയോടെ പ്രണാമം. വയലാറിനെ ബാല്യത്തില്‍ കാവ്യ പരീക്ഷയില്‍ രണ്ടാം സ്ഥാനക്കാരനാക്കി ഒന്നാമനായതിന് ശേഷം ഒരു വശത്തേക്ക് മാറിനിന്ന് തോളില്‍തട്ടി ആശംസിച്ച് കാവ്യസഖിയോടൊപ്പം മുന്നോട്ടു പോകുവാന്‍ അനുഗ്രഹിച്ചനുവദിച്ച ജ്യേഷ്ഠന്‍.

'വിങ്ങലില്‍ നനയുന്ന നേത്രം തുടച്ചെന്നില്‍

 മങ്ങാത്ത സ്മരണകള്‍ മാത്രം'

മലയാള കവിതയെ പൊന്നരഞ്ഞാണം ചാര്‍ത്തിയ വയലാര്‍ രാമവര്‍മയുടെ മകനെഴുതിയ വരികള്‍ കാവ്യലോകത്തിനും കവിതയെ സ്നേഹിക്കുന്നവര്‍ക്കും അത്ഭുതം സൃഷ്ടിച്ചേക്കാം. കാവ്യ രചനയില്‍ അച്ഛനെ തോല്‍പ്പിച്ച പി. പരമേശ്വര്‍ജിക്ക് വാക്കുകള്‍ കൊണ്ടാണ് ശരത് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പി. പരമേശ്വര്‍ജിയും വയലാര്‍ രാമവര്‍മയും സതീര്‍ഥ്യരായിരുന്നു. പരമേശ്വര്‍ജി അഞ്ച്, ആറ് ഫോറങ്ങള്‍ ചേര്‍ത്തല ഗവ. സ്‌കൂളിലാണ് പഠിച്ചത്. അക്കാലത്താണ് വയലാറുമായുള്ള സൗഹൃദം തുടങ്ങുന്നത്. ഒരു വയസ് കൂടുതലായിരുന്ന പരമേശ്വര്‍ജി അനുജനെ പോലെയാണ് വയലാര്‍ രാമവര്‍മയെ ചേര്‍ത്തു നിര്‍ത്തിയത്. 

സ്‌കൂളില്‍ നടന്ന കവിത രചനാ മത്സരത്തില്‍ വയലാര്‍ രാമവര്‍മയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പരമേശ്വര്‍ജി വിജയിയായി. മത്സരം കഴിഞ്ഞ് രാമവര്‍മയയെ ചേര്‍ത്തുനിര്‍ത്തി കാവ്യരചന തുടരാന്‍ ഉപദേശിച്ചു. കോളുകൊണ്ട വേമ്പനാടന്‍ എന്ന ആ കവിത പിന്നീട് മലയാള രാജ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. 'ഒരു വ്യക്തിക്ക് ഒന്നിലേറെ ദേവതകളെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച് ഉപാസിക്കുക  സാധ്യമല്ലല്ലോ.. അദ്ദേഹം കാവ്യദേവതയെ സ്വീകരിച്ചു.. ഞാന്‍ രാഷ്ട്രദേവതയേയും' പിന്നീടിതേ കുറിച്ച് ചോദിച്ചപ്പോള്‍ പരമേശ്വര്‍ജിയുടെ മറുപടി ഇതായിരുന്നു. ഇടവേളകളിലെപ്പോഴൊക്കെയോ ഉതിര്‍ന്നു വീണ കവിതകളില്‍ അധികവും ഭാരതാംബയുടെ പൂജയ്ക്കായി സമര്‍പ്പിക്കപ്പെട്ടവ ആയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.