വായനാശീലം പുതിയ തലമുറയ്ക്ക് പ്രദാനം ചെയ്യണം

Sunday 6 October 2019 2:55 am IST

കഴിഞ്ഞ അധ്യയനവര്‍ഷങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാനവശേഷി മന്ത്രാലയത്തിന്റെയും ലോകബാങ്കിന്റെയും റിപ്പോര്‍ട്ടിന്റെ സഹകരണത്തോടെ നീതി ആയോഗ് പുറത്തുവിട്ട സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരസൂചിക അനുസരിച്ച് നമ്മുടെ കൊച്ചുകേരളം ദേശീയതലത്തില്‍ ഒന്നാമതെത്തിയിരുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കഴിഞ്ഞ കുറെനാളുകളായി ദേശീയ തലത്തില്‍തന്നെ ചര്‍ച്ചയായതും ആണ്. നമ്മുടെ സംസ്ഥാനം ഇന്ത്യയിലെ ആദ്യത്തെ ഹൈടെക് വിദ്യാലയങ്ങളുള്ള സംസ്ഥാനമായി മാറാന്‍ പോകുന്നുവെന്ന വാര്‍ത്തയും ആനന്ദസൂചകമാണ്. എന്നാല്‍ നമ്മുടെ ഓരോ വിദ്യാലയങ്ങളും ആധുനികവല്‍ക്കരിക്കുമ്പോള്‍ നമ്മുടെ കുട്ടികള്‍ വായനയില്‍നിന്നും അകന്നു പോകുന്നോ എന്നൊരു സംശയം ഇല്ലാതില്ല. ഇന്നത്തെ തലമുറ പുസ്തകവായനയില്‍നിന്നും അകലുവാനുള്ള പ്രധാന കാരണം ദൃശ്യമാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും സജീവസാന്നിധ്യം തന്നെയാണ്. ഇത്തരം മാധ്യമങ്ങള്‍ നമ്മുടെയെല്ലാം ജീവിതത്തില്‍നിന്നും ഒഴിച്ചു കൂടാന്‍ പറ്റാത്തതായി മാറികഴിഞ്ഞു. ഈ അവസരത്തില്‍ നമ്മുടെ കുട്ടികളില്‍ വായന തിരിച്ചുകൊണ്ടുവരേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണ്. ഇതിനായി സംസ്ഥാനത്തെ പ്രൈമറിക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള എല്ലാ ക്ലാസുകളിലും 'പുസ്തകപ്പെട്ടി' എന്ന പദ്ധതി നടപ്പാക്കുകയും അത് നിര്‍ബന്ധമാക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കുകയും വേണം. 

പല സ്‌കൂളുകളിലും ഇത് നടപ്പാക്കിയിട്ടുണ്ടെങ്കിലും അതിന് വേണ്ടത്ര ഗൗരവം വന്നിട്ടില്ല. ഈ കഴിഞ്ഞ അധ്യയന വര്‍ഷം എന്റെ സ്‌കൂളിലെ പതിനാറ് ക്ലാസ് മുറികളില്‍ പൊതുജന പങ്കാളിത്തത്തോടെ, പരീക്ഷണാര്‍ത്ഥം ഈ പദ്ധതി നടപ്പാക്കി. വലിയ മാറ്റമാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. വായനാശീലം ഇല്ലാത്ത നിരവധി കുട്ടികള്‍ ഇന്ന് വായനയുടെ ലോകത്താണ്. ഒരു പകല്‍മുഴുവനും തന്റെ മുന്നില്‍ ഇരിക്കുന്ന ഈ പുസ്തകങ്ങള്‍ ഒന്ന് എടുത്തുനോക്കാനുള്ള താല്‍പ്പര്യം കുട്ടികളില്‍ യാന്ത്രികമായി ഉണ്ടാകുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ നേട്ടം. ഹൈടെക് ക്ലാസ്മുറികള്‍ക്കുവേണ്ടി വന്‍ തുക ചെലവഴിക്കുമ്പോള്‍, അന്യം നിന്നുപോകുന്ന വായനാശീലം പുതിയ തലമുറയ്ക്ക് പ്രദാനം ചെയ്യാനും കൂടി നമ്മുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാകണം.  

സുഗതന്‍ എല്‍, ശൂരനാട്

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.