കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല; കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു, മറ്റ് മാര്‍ഗ്ഗം ഇല്ലാതെ വെടിയുതിര്‍ത്തതാണെന്ന് സജ്ജനാര്‍

Friday 6 December 2019 11:45 am IST

ഹൈദരാബാദ്: പോലീസിനുനേരെ ശക്തമായി കല്ലെറിഞ്ഞതിനെ തുടര്‍ന്ന് മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ വെടിയുതിര്‍ത്തതാണെന്ന് പോലീസ് കമ്മിഷണര്‍ വി.സി. സജ്ജനാര്‍. വനിതാ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ നാലു പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.   

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. തെളിവെടുപ്പുമായി ബന്ധപ്പെട്ട് സംഭവം പുനരാവിഷ്‌കരിക്കുന്നതിനിടെ പ്രതികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇവരോട കീഴടങ്ങാന്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. മുഹമ്മദ് അലി എന്ന മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍ കുമാര്‍, ചിന്താകുന്ത ചെന്ന കേശാവുലു എന്നീ നാല് പ്രതികളാണ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 

അവര്‍ എങ്ങനെയാണ് കുറ്റകൃത്യം ചെയ്തതെന്ന് കാണിച്ചുതരാന്‍ ആവശ്യപ്പെട്ടു. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ അവര്‍ കല്ലെടുത്ത് എറിയുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. കീഴടങ്ങാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോഴും അവര്‍ നിന്നില്ല. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വെടിയുതിര്‍ക്കേണ്ടിവന്നു, എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചെന്നും പോലീസ് കമ്മീഷണര്‍ വി.സി.സജ്ജനാര്‍ പറഞ്ഞു. 

നവംബര്‍ 27 ന് രാത്രിയാണ് ഷാദ്നഗറിലെ ചട്ടന്‍പള്ളി ഗ്രാമത്തിനടുത്തുള്ള ബെംഗളൂരു- ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപംവെച്ചാണ് വനിതാ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം പാലത്തിന് അടയില്‍കൊണ്ടുവന്ന് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ രാജ്യത്ത് വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.