അയോധ്യകേസിൽ നാളെ വിധി; ഉത്തരവ് 40 ദിവസം നീണ്ടു നിന്ന അന്തിമ വാദത്തിന് ഒടുവിൽ

Friday 8 November 2019 9:32 pm IST

ന്യൂദൽഹി: നാൽ‌പ്പത് ദിവസം നീണ്ടു നിന്ന അന്തിമ വാദത്തിന് ശേഷം അയോധ്യ കേസിന്റെ വിധി ശനിയാഴ്ച സുപ്രീംകോടതി പ്രഖ്യാപിക്കും. രാവിലെ പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വിധി പ്രഖ്യാപിക്കും. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവര്‍ ബെഞ്ചിൽ അംഗങ്ങളാണ്. 

വിധിയുടെ മുന്നോടിയായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സുരക്ഷ സജ്ജീകരണങ്ങളും സാഹചര്യങ്ങളും വിലയിരുത്തുന്നതിനാണ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് ഡിജിപി എന്നിവരുമായി ചീഫ് ജസ്റ്റിസ് കൂടിക്കാഴ്ച നടത്തിയത്. ഉത്തര്‍പ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ ഉത്തര്‍പ്രദേശില്‍ ആഭ്യന്തര മന്ത്രാലയം 40 കമ്പനി അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. അര്‍ധസൈനികരുടെ ഒരു കമ്പനിയില്‍ നൂറു പേരാണുള്ളത്.

അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെയില്‍വേ മന്ത്രാലയം എല്ലാ സോണുകളിലേക്കും ഏഴുപേജുള്ള സുരക്ഷാ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്‌റ്റേഷനുകള്‍, പ്ലാറ്റ്‌ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും. മെട്രോ നഗരങ്ങളിലടക്കം 78 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ കാവലൊരുക്കിയിട്ടുണ്ട്.

റെയില്‍വേ സുരക്ഷാസേനാംഗങ്ങളുടെ അവധി റദ്ദാക്കി. ട്രെയിനുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍പേരെ വിന്യസിച്ചു. സ്‌കാനറുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുടെ തകരാറുകള്‍ അടിയന്തരമായി തീര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നസാധ്യതയുള്ള മേഖലകളിലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും റെയില്‍വേ നിരീക്ഷണമേര്‍പ്പെടുത്തി.

ആരാധനാലയങ്ങളിലെ സുരക്ഷ കൂട്ടി. അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ സമൂഹമാധ്യമ ഉപയോഗത്തിനടക്കം ഡിസംബര്‍ 28 വരെ കര്‍ശന നിയന്ത്രണങ്ങളുണ്ട്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.