വിട ചൊല്ലി വിചാരകേന്ദ്രം

Tuesday 11 February 2020 4:45 am IST

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രത്തില്‍ ഇനി പരമേശ്വര്‍ജിയില്ല. മൂന്ന് പതിറ്റാണ്ടിലധികമായി കര്‍മമണ്ഡലമായിരുന്ന ഭാരതീയ വിചാരകേന്ദ്രത്തില്‍ നിന്ന് പരമേശ്വര്‍ജിക്ക് അവസാനമായി ഇന്നലെ വിട നല്‍കി. കഴിഞ്ഞ ദിവസം വരെ വിചാര കേന്ദ്രത്തിന്റെ ആസ്ഥാനമായ സംസ്‌കൃതി ഭവനിലേക്ക് പോകുന്നവരോട് പരമേശ്വര്‍ജിയെ കാണാനാണോയെന്ന ചോദ്യവും തിരികെ മടങ്ങുന്നവരോട് പരമേശ്വര്‍ജി അവിടെ ഉണ്ടോ എന്ന ചോദ്യവുമെല്ലാം ഇനി ജ്വലിക്കുന്ന ഓര്‍മകള്‍ മാത്രം.  

കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രാന്തകാര്യാലയമായ എളമക്കര മാധവ നിവാസില്‍ നിന്നു രാത്രിയോടെ ഭൗതിക ശരീരം ഭാരതീയ വിചാരകേന്ദ്രത്തിലെത്തിച്ചു. സംഘപരിവാര്‍ സംഘടനകളുടെയൊക്ക ഉദ്ഘാടനങ്ങള്‍ നടന്നിരുന്ന വിചാരകേന്ദ്രത്തിന്റെ ഹാള്‍. സൂര്യ 

തേജസ്സോടെ പല യോഗങ്ങളും ഉദ്ഘാടനം ചെയ്തിരുന്നതും പരമേശ്വര്‍ജി. അതേ സ്ഥലത്തെ  പരമേശ്വര്‍ജിയുടെ ചേതനയറ്റ  ഭൗതികദേഹം. അദ്ദേഹത്തിന്റെ ജീവസ്സുറ്റ അലങ്കരിച്ച ചിത്രത്തിലെ നിലവിളക്കിനു മുന്നില്‍  പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ ചിരപരിതരായ പലരുടെയും നോട്ടം വേദിയിലേക്കായിരുന്നു. പരമേശ്വര്‍ജി ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുന്ന മറക്കാത്ത ഓര്‍മ്മകള്‍.

 ഭൗതിക ശരീരത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും  വിചാര കേന്ദ്രത്തില്‍ വച്ച് പരമേശ്വര്‍ജിയെ അവസാനമായി ഒരു നോക്കു കാണാനും നൂറകണക്കിന് പേര്‍ എത്തിയിരുന്നു. ഭൗതിക ശരീരത്തെ അനുഗമിച്ച സഹചാരി സുരേന്ദ്രന്‍ ഹാളിലേക്ക് കടക്കാന്‍ തയാറായില്ല. വിങ്ങുന്ന മനസ്സുമായി വിചാരകേന്ദത്തിലെ ഒന്നാം നിലയില്‍ പരമേശ്വര്‍ജിയുടെ മുറിയിലേക്ക് പോകാനായിരുന്ന താല്‍പ്പര്യം.  മുതിര്‍ന്ന പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ചതോടെ ഭൗതിക ശരീരത്തിനടുത്ത് വിങ്ങിപ്പൊട്ടുന്ന മനസ്സോടെ അദ്ദേഹം ഇരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ആദ്യമായി അന്ത്യഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന്  നൂറ്കണക്കിന് പേര്‍ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും എത്തുന്നുണ്ടായിരുന്നു.

ഇന്നലെ രാവിലെ ആറു മണിയോടെ സര്‍കാര്യവാഹ് ഭയ്യാജി ജോഷി  പരമേശ്വര്‍ജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. സര്‍കാര്യവാഹ് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മടങ്ങിയ ശേഷം ഭൗതിക ശരീരം അയ്യന്‍കാളി ഹാളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കാന്‍ ആംബുലന്‍സിലേക്ക്. 

ഏഴു മണിയോടെ വിചാരകേന്ദ്രത്തില്‍നിന്ന്  ഇനി മടക്കമില്ലാത്ത യാത്രയായി ഭൗതിക ദേഹവും വഹിച്ചു കൊണ്ടുള്ള ആമ്പുലന്‍സ് കേന്ദ്രത്തിന്റെ കവാടവും കടന്ന് വിലാപയാത്രയായി അയ്യങ്കാളി ഹാളിലേക്ക്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.