വിധിന്യായത്തെ വളച്ചൊടിക്കരുത്

Monday 13 January 2020 7:32 am IST

'ജമ്മു കശ്മീരില്‍ എല്ലാം സാധാരണനിലയിലാണ്. ഞങ്ങള്‍ അവിടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കടകമ്പോളങ്ങളും, മാര്‍ക്കറ്റുകളും തുറന്നിട്ടുണ്ട്. എല്ലായിടത്തും കച്ചവടവും തിരക്കും. സ്‌കൂളുകളും, കോളേജുകളും സാധാരണനിലയില്‍. റോഡുകള്‍ വാഹന നിബിഡം. വിവിധ തുറകളിലുള്ളവരുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. അവരൊക്കെ ഇക്കാര്യം സമ്മതിക്കുന്നു', ഇന്ത്യയിലെ ഫിലിപ്പൈന്‍സ് അംബാസഡര്‍ രമണ്‍ ഭഗത് സിങ് പറയുന്നത് ഇതാണ്. കഴിഞ്ഞ വ്യാഴാഴ്ച കശ്മീര്‍ സന്ദര്‍ശിച്ച 16 വിദേശ നയതന്ത്ര പ്രതിനിധികളില്‍ ഒരാളാണ് അദ്ദേഹം. അനുച്ഛേദം-370 എടുത്തുമാറ്റുന്നതിന് മുന്‍പും താന്‍ കശ്മീരില്‍ പോയിരുന്നു എന്നും അന്നത്തേത് പോലെയാണ് ഇന്നിപ്പോള്‍ അനുഭവവേദ്യമായത് എന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീര്‍ സാധാരണ നിലയിലേക്ക് മാറിയിരിക്കുന്നു എന്നതിനുള്ള സാക്ഷ്യപത്രമായി ഈ വാക്കുകളെ കാണാം.

ഇതൊരു 'ആസൂത്രിത സന്ദര്‍ശനമായിരുന്നോ' എന്ന മാധ്യമ പ്രവര്‍ത്തകരുടെ കുസൃതി ചോദ്യത്തോട് പ്രതികരിക്കവേ ഫിലിപ്പൈന്‍സ് അംബാസഡര്‍ പറഞ്ഞത്, 'സന്ദര്‍ശനം ആസൂത്രിതമാവാതെ പറ്റില്ലല്ലോ എന്നാണ്. സുരക്ഷാ ഏര്‍പ്പാടുകള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വഴികാട്ടികളുമുണ്ടായിരുന്നു. എന്നാല്‍ നോക്കൂ, നിങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുമ്പോള്‍ അത് ഞങ്ങള്‍ക്കായി സൃഷ്ടിക്കാന്‍ കഴിയുമോ. അവിടത്തെ തിരക്ക്, അവിടെ നടക്കുന്ന കച്ചവടം? 'ഇനി റോഡുകളില്‍ നിറയെ വാഹനങ്ങള്‍. 'അത് ഞങ്ങള്‍ വരുന്നതുകൊണ്ട് പെട്ടെന്ന് ഭരണകൂടത്തിന് സൃഷ്ടിക്കാന്‍ കഴിയുന്നതാണോ. അല്ലല്ലോ. ഗ്രാമീണര്‍ക്കിടയില്‍ ഞങ്ങള്‍ പോയി. അവരൊക്കെ സംതൃപ്തരാണ്. ഇപ്പോള്‍ നാട്ടില്‍ സമാധാനമുണ്ടെന്ന് പലരും പറഞ്ഞു. അതിലേറെ ശ്രദ്ധിക്കേണ്ടത് സ്‌കൂള്‍ - കോളേജ് വിദ്യാര്‍ഥികളുടെ വാക്കുകളാണ്. അവര്‍ പറയുന്നു, വര്‍ഷങ്ങളായി അവിടെ സ്‌കൂളുകള്‍ ദൈനം ദിനം പ്രവര്‍ത്തിച്ചിരുന്നില്ല. ഇന്നിപ്പോള്‍ അത് നടക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടെ ഭാവിയാണ് പ്രധാനം'.

സുപ്രീംകോടതി പറഞ്ഞതും പ്രചരിപ്പിക്കപ്പെട്ടതും

ഒരു നയതന്ത്ര പ്രതിനിധിയെ ഉദ്ധരിച്ചത് കഴിഞ്ഞദിവസമുണ്ടായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്. ജമ്മു കശ്മീരില്‍ നടപ്പിലാക്കിയ ചില നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീംകോടതി മൂന്നംഗ ബെഞ്ച് വിധി പ്രസ്താവിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നല്ലോ. അതിന്റെ തലേന്നാണ് ഈ വിദേശ നയതന്ത്ര സംഘം കശ്മീരിലെത്തിയത്. നയതന്ത്ര സംഘം കണ്ടതും വിലയിരുത്തിയതും മനസില്‍ വെച്ചുകൊണ്ടുവേണം ഒരാള്‍ സുപ്രീംകോടതി വിധിയെ വിലയിരുത്താന്‍. കശ്മീരില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണുകള്‍ ഒക്കെ ആദ്യനാളുകളില്‍ നിയന്ത്രണവിധേയമായിരുന്നു. പക്ഷെ പതുക്കെ നിയന്ത്രണങ്ങളില്‍ അയവ് വരുത്താന്‍ അവിടത്തെ ഭരണകൂടം തയാറായി. എന്തുകൊണ്ടാണ് ഇന്റര്‍നെറ്റ് തടഞ്ഞത് എന്നതിന് പാക്കിസ്ഥാന്‍ ഭീകരരാണ് ഉത്തരം നല്‍കിയത്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത് തടയലായിരുന്നു അതില്‍ പ്രധാനം. വേറൊന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാതെ തടയുന്നതിന്. അന്നത്തെ സാഹചര്യത്തില്‍ അത് ആവശ്യമായിരുന്നു. അതുകൊണ്ട് എന്താണ് നേട്ടമുണ്ടായത്? ഇത്ര പ്രധാനപ്പെട്ട ഒരു തീരുമാനം പാര്‍ലമെന്റ് എടുക്കുകയും അത് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തപ്പോള്‍ അവിടെ ഒരു മനുഷ്യന്‍ പോലും മരണപ്പെട്ടില്ല. ഒരു കൊലപാതകം പോലും നടന്നില്ല. ഭീകരര്‍ക്ക് ഒരു തുള്ളി രക്തം പോലും ചിന്താന്‍ അവസരമുണ്ടായില്ല. നമ്മുടെ സുരക്ഷാ സംവിധാനം ഭംഗിയായി പ്രവര്‍ത്തിച്ചു എന്നതല്ലേ അതില്‍നിന്ന് വിലയിരുത്തേണ്ടത്.

ശരിയാണ്, അവിടെ ചിലരെയൊക്കെ അറസ്റ്റ് ചെയ്തിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കിയ രാഷ്ട്രീയ നേതാക്കള്‍ക്ക് വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്നു. ഭീകര-വിധ്വംസക പ്രവര്‍ത്തനവുമായി ബന്ധമുള്ളവര്‍ക്ക് ജയിലറകളില്‍ കിടക്കേണ്ടിവന്നു. മാധ്യമ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ കൈകടത്തിയില്ല. ലോക മാധ്യമങ്ങള്‍ എന്തെല്ലാമോ പ്രചരിപ്പിച്ചുവല്ലോ. അതില്‍ അര്‍ത്ഥ സത്യവും പൂര്‍ണ്ണ അസത്യവുമൊക്കെ ഉള്‍പ്പെട്ടിരുന്നു. പത്രങ്ങള്‍ പക്ഷെ ജമ്മുവില്‍ നിന്നും ശ്രീനഗറില്‍ നിന്നും മുടങ്ങാതെ പുറത്തിറങ്ങിയിരുന്നു എന്നതോര്‍ക്കുക. ദല്‍ഹില്‍ നിന്നടക്കം പോയ മാധ്യമപ്പടയ്ക്ക് വാര്‍ത്തകള്‍ കൊടുക്കാനും കഴിഞ്ഞിരുന്നു. നമ്മുടെ മലയാളി മാധ്യമങ്ങളും അവിടെ പോയിരുന്നല്ലോ.

സുപ്രീംകോടതി വിധിയിലേക്ക് ഇനി വരാം. ഇന്റര്‍നെറ്റ് തടഞ്ഞത്, ഇന്റര്‍നെറ്റ് ഇല്ലാത്തതുകൊണ്ട് മാധ്യമങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും അനുഭവപ്പെട്ട ബുദ്ധിമുട്ട്, അതിനെ സുരക്ഷയുമായി എങ്ങനെ ബന്ധിപ്പിക്കണം എന്നത്, ഐപിസി 144 അനുസരിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഒക്കെയും കോടതിയുടെ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍. ഒരര്‍ഥത്തില്‍ അത് നന്നായി. കാരണം, ഇതിപ്പോള്‍ കശ്മീരിന്റെ പ്രത്യേക സാഹചര്യത്തിലാണ് ഉണ്ടായത്. ക്രമസമാധാന പ്രശ്‌നം മാത്രമല്ലല്ലോ അവിടെയുള്ളത്. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീഷണിയാണ് അതിലേറെ പ്രധാനം. അതൊക്കെ കോടതി വിവേകപൂര്‍വം കണക്കിലെടുത്തിരിക്കുന്നു എന്നതാണ് പ്രധാനം. കോടതിയുടെ ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെ കശ്മീര്‍ നയത്തിനുള്ള കനത്ത ആഘാതമാണെന്ന് കോണ്‍ഗ്രസുകാരും മാധ്യമങ്ങളും വിളിച്ചുകൂവുന്നതും കണ്ടു. അതാണ് പ്രശ്‌നം. ഒന്നുകില്‍ അവര്‍ വിധിന്യായം വായിക്കാതെ ചിലയ്ക്കുകയായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് വിധിന്യായം വായിച്ചിട്ടും മനസിലായിട്ടില്ല. അതുമല്ലെങ്കില്‍ മനപ്പൂര്‍വം അത് വളച്ചൊടിക്കുകയായിരുന്നു. ഒരു വേളയിലും കേന്ദ്ര സര്‍ക്കാരോ ജമ്മു കശ്മീര്‍ ഭരണകൂടമോ സ്വീകരിച്ച നിലപാടുകളെ കോടതി വിമര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ആ നടപടികള്‍ റദ്ദാക്കിയതുമില്ല. ഇതിലേറെ എന്താണ് ഇത്തരമൊരു പ്രധാന വിഷയത്തില്‍ ഒരു ഭരണകൂടം കോടതിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. എന്നിട്ടാണ് ദല്‍ഹിയിലുള്ള മലയാളി മാധ്യമ പണ്ഡിതന്മാര്‍ അടക്കം ഇത് കേന്ദ്രത്തിന് കനത്ത ആഘാതമാണെന്ന് വിളിച്ചുകൂവിയത്.  

സ്വാതന്ത്ര്യവും സുരക്ഷയും നിയന്ത്രണങ്ങളും

ആ വിധിന്യായത്തിലെ ഒരു വരി മാത്രം ശ്രദ്ധിച്ചാല്‍ സാധാരണ ഒരാള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകും. കോടതി ആരായുന്നു, 'ഇപ്പോള്‍ ഒരാള്‍ സുരക്ഷിതനാവുകയാണോ അതോ സ്വതന്ത്രനാവുകയാണോ പരമപ്രധാനം'? കോടതി തന്നെ മറുപടി പറയുന്നു, 'ഏതെങ്കിലും ഒന്നിനോട് (അതായത് സ്വാതന്ത്ര്യവും സുരക്ഷയും) വിട്ടുവീഴ്ച ചെയ്യത്തക്കവിധം മറ്റൊന്നിന് അനുകൂലമായി പെന്‍ഡുലം ചലിച്ചുകൂടാ. അതേസമയം, പൗരന്മാര്‍ക്ക് പരമാവധി സ്വാതന്ത്ര്യം അനുവദിക്കുമ്പോള്‍ അവരുടെ സുരക്ഷയും പ്രധാനമാണ്'. എന്താണോ സര്‍ക്കാര്‍ ഉദ്ദേശിച്ചത് അതുതന്നെയാണ് കോടതി അടിവരയിട്ട് പറഞ്ഞത് എന്നര്‍ത്ഥം.    

മറ്റൊന്ന് ഇന്റര്‍നെറ്റ് - ഫോണ്‍ നിയന്ത്രണം സംബന്ധിച്ചാണ്. അതൊക്കെ ആദ്യ നാളുകളിലെ കഥയാണ്. ഇന്നിപ്പോള്‍ മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പ്രധാന കേന്ദ്രങ്ങളിലൊക്കെയുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍, കേന്ദ്രീകൃത ഇന്റര്‍നെറ്റ് കഫേകള്‍, ആശുപത്രികള്‍, സ്ഥാപനങ്ങള്‍ എന്നിവക്കൊക്കെ ഏറെക്കുറെ ഇന്റര്‍നെറ്റ് ലഭ്യമായിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാ

നും സൗകര്യമൊരുക്കിയിട്ടുണ്ട്. വിധിന്യായത്തില്‍ ഇതുസംബന്ധിച്ചും നാം ശ്രദ്ധിക്കേണ്ട ഒരു നിരീക്ഷണമുണ്ട്. ഭരണഘടനയിലെ അനുച്ഛേദം 19 (1) (എ)- യില്‍ പറയുന്ന സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ് എന്ന് കോടതി വിലയിരുത്തുമ്പോള്‍ അനുച്ഛേദം 19 (2)ല്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും പറഞ്ഞിരിക്കുന്നു. അതായത്, നിയന്ത്രണങ്ങള്‍ ആവശ്യമാവാം ഐപിസിയിലെ വകുപ്പ് 144 പ്രകാരമുള്ള നടപടികള്‍ അഥവാ നിയന്ത്രണങ്ങള്‍ അനിശ്ചിതമായി നീണ്ടുപോയിക്കൂടാ എന്നതാണ്. അതുമാത്രമല്ല തീരുമാനങ്ങളും ഉത്തരവുകളും എടുക്കുന്നവര്‍ ജുഡീഷ്യല്‍ ആയി സാഹചര്യങ്ങളെ വിലയിരുത്തണം. ആ ഉത്തരവുകള്‍ പരസ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു. അത് ന്യായയുക്തമാണ്. മാത്രമല്ല അതില്‍ പുതുതായി യാതൊന്നുമില്ലതാനും. വകുപ്പ് 144 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നത് ഇപ്പോള്‍ തന്നെ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരാണ്. അവര്‍ ജുഡിഷ്യസ് ആയി പ്രശ്‌നങ്ങളെ സമീപിക്കണമെന്നാണല്ലോ സങ്കല്‍പ്പം.

പക്ഷെ കശ്മീരിലുണ്ടായിരുന്ന പ്രശ്‌നം ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട ഒന്നാണ്. അതിര്‍ത്തി കടന്നുള്ള ഭീകരത സംബന്ധിച്ചുമാണ്. അതുകൊണ്ട് ചില നിയന്ത്രണങ്ങള്‍ക്ക് രഹസ്യ സ്വഭാവമൊക്കെ വേണ്ടിവന്നു. ഇനിയത് വേണ്ടെന്ന് കോടതി പറയുന്നു. ആ ഒരു കാര്യത്തില്‍ മാത്രമേ ഭിന്നത ഭരണകൂടത്തിന് ഉണ്ടാവാനിടയുള്ളു. ഒരു നടപടി സ്വീകരിക്കുമ്പോള്‍ അത് അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീഷണി കൊണ്ടാണെങ്കില്‍ അത് പരസ്യമായി വിശദീകരിക്കേണ്ടതുണ്ടോ. എങ്കില്‍ അതില്‍ എത്രത്തോളം തുറന്നുപറച്ചില്‍ ഒരു സര്‍ക്കാരിന് കഴിയും. അതൊക്കെ അതാത് ഭരണകൂടങ്ങള്‍ തീരുമാനിക്കട്ടെ. എന്നാല്‍ സുപ്രീംകോടതി വിധി ഒരുതരത്തിലും കശ്മീര്‍ ഭരണകൂടത്തിനോ കേന്ദ്ര സര്‍ക്കാരിനോ എതിരല്ല എന്നത് അടിവരയിട്ട് പറയേണ്ടതുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.